പയ്യന്നൂര്‍: ചെറുപുഴ കാക്കയംചാല്‍ പടത്തടത്തെ കുട്ടമാക്കൂല് മറിയക്കുട്ടി (72) യുടെ വധവുമായി ബന്ധപ്പെട്ട് സിബിഐ നടത്തിവന്ന കേസന്വേഷണവും അവസാനിച്ചു.
മറിയക്കുട്ടിയെ കൊന്നതാരെന്നും എന്തിന് വേണ്ടിയെന്നുമുള്ള ഉത്തരം കണ്ടെത്താനാകാതെയാണ് രാജ്യത്തെ ഉന്നത അന്വേഷണ ഏജന്‍സിയായ സിബിഐ കൈകഴുകിയത്.
തെളിവുകള്‍ ലഭിക്കാത്തതിനാല്‍ കേസന്വേഷണം അവസാനിപ്പിക്കുന്നതിനുള്ള അനുമതി തേടിയാണ് സിബിഐ അന്വേഷണ സംഘം എറണാകുളം സിജെഎം കോടതിയില്‍ കേസന്വേഷണത്തിന്റെ ഫൈനല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.
ആ വിരലടയാളം ആരുടേത് ?
2012 മാര്‍ച്ച് അഞ്ചിന് രാവിലെയാണ് മറിയക്കുട്ടിയെ ഒറ്റക്ക് താമസിക്കുന്ന വീട്ടിലെ കിടപ്പുമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.നാലിന് രാത്രി പത്തരയ്ക്കുള്ളില്‍ മരണം സംഭവിച്ചുവെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.
മരണം സംഭവിക്കുന്നതിന് മുമ്പ് മറിയക്കുട്ടിയുടെ കഴുത്ത് ഞെരിച്ചതായും റിപ്പോര്‍ട്ടിലുണ്ട്. മറിയക്കുട്ടി കൊല്ലപ്പെട്ട മുറിയില്‍ സാധനങ്ങള്‍ വലിച്ചുവാരിയിട്ട നിലയിലായിരുന്നു.
തെളിവുകള്‍ നശിപ്പിക്കുന്നതിന്റെ ഭാഗമായി മൃതദേഹത്തിന് ചുറ്റും പൗഡര്‍ വിതറിയിരുന്നു.പൗഡര്‍ ഡപ്പിയില്‍നിന്നും പഴയ ഫ്രിഡ്ജിന്റെ പൊളിഞ്ഞുകിടന്ന ഡോറില്നിന്നും ലഭിച്ച വ്യക്തമായ വിരലടയാളങ്ങളും സംഭവ സ്ഥലത്ത്നിന്നും കിട്ടിയ സിഗരറ്റ്കുറ്റിയുടെ ഡിഎന്‍എ പരിശോധന ഫലവും കുറ്റവാളികളിലേക്കെത്തുന്നതിനുള്ള ശക്തമായ തെളിവുകളായിരുന്നു.
ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും 221 പേരുടെ വിരലടയാളങ്ങള്‍ പരിശോധിച്ചിട്ടും സംഭവസ്ഥലത്ത് നിന്നും ലഭിച്ച വിരലടയാളവുമായി സാമ്യമുണ്ടായില്ല.ഇതിന് ശേഷം സിബിഐ 51 വിരലടയാളങ്ങള്‍ പരിശോധിച്ചിട്ടും അതിലും സംഭവസ്ഥലത്ത് നിന്നും കിട്ടിയ വിരലടയാളങ്ങള്‍ കണ്ടില്ല.
ഇതേ തുടര്‍ന്ന് ന്യൂഡല്‍ഹിയിലെ സെന്‍ട്രല്‍ ഫിംഗർ പ്രിന്റ് ബ്യൂറോയിലും കേരളം,തമിഴ്നാട്,കര്‍ണാടക,ആന്ധ്ര, വെസ്റ്റ് ബംഗാള്‍ എന്നിവിടങ്ങളിലെ പോലീസിനും വരലടയാളങ്ങള് കൈമാറിയിട്ടും ഫലമൊന്നും കണ്ടില്ല.
കുറ്റവാളി ഉപയോഗിച്ച സോക്സ് സംഭവം നടക്കുന്നതിന്റെ തലേന്ന് പയ്യന്നൂരിലെ കടയില്‍നിന്നും വിറ്റതാണെന്ന് തെളിയുകയും മുപ്പത്തഞ്ച് വയസോളം പ്രായമുള്ളയാളാണ് ഇത് വാങ്ങിയതെന്ന് കടയുടമയുടെ മൊഴിയും ലഭിച്ചിരുന്നു.
കടയുടമ പറഞ്ഞ ലക്ഷണങ്ങളോടുകൂടിയ ആളുടെ രേഖാചിത്രം തയാറാക്കുമെന്ന് പോലീസ് പറഞ്ഞിരുന്നു.പക്ഷേ രേഖാചിത്രം വരയ്ക്കല്‍ നടന്നില്ല. 254 പേരെ പോലീസ് ചോദ്യം ചെയ്തിരുന്നു.സിബിഐ വന്നശേഷം 179 പേരേയും ചോദ്യം ചെയ്തു.എന്നിട്ടും പ്രതിയെപറ്റി സൂചനപോലും ലഭിച്ചില്ല.
സിസിടിവി ദൃശ്യങ്ങള്‍ മാറിയതെങ്ങിനെ?
സംഭവത്തിന്റെ തലേ ദിവസം സോക്സും മദ്യവും ഭക്ഷണവും വാങ്ങാനായി പയ്യന്നൂരിലെത്തിയ കുറ്റവാളിയുടെ ദൃശ്യം പതിഞ്ഞിരിക്കാനുള്ള സാധ്യത കണക്കിലെടുത്ത് പയ്യന്നൂരിലെ ജ്വല്ലറിയിലെ നിരീക്ഷണ കാമറ ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിരുന്നു.
എന്നാല്‍ കോടതിയില്‍ നല്‍കിയത് ഒരുവര്‍ഷം കഴിഞ്ഞുള്ള ദിവസത്തിലെ ദൃശ്യങ്ങളായിരുന്നു. നഷ്ടപ്പെട്ടുവെന്ന് കരുതിയ ദൃശ്യങ്ങള്‍ വീണ്ടെടുക്കാന്‍ കഴിഞ്ഞതോടെയാണ് സിബിഐയുടെ അന്വേഷണത്തില്‍ പ്രതീക്ഷയേറിയത്.
മുന്‍പ് ദൃശ്യങ്ങള്‍ പകര്‍ത്തുകയും പിന്നീട് ഡിലീറ്റാക്കുകയും ചെയ്ത പെൻഡ്രൈവിൽ നിന്നും ഒന്നര ലക്ഷത്തോളം രൂപ ചെവിട്ടാണ് നഷ്ടപ്പെട്ട ദൃശ്യങ്ങള്‍ സിബിഐ വീണ്ടെടുത്തത്. ഈ ദൃശ്യങ്ങള്‍ പൊതുജനങ്ങള്‍ക്ക് മുമ്പിലും മറിയക്കുട്ടിയുടെ ബന്ധുക്കള്‍ക്കിടയിലും പ്രദര്‍ശിപ്പിച്ചിട്ടും പ്രതികളിലേക്കെത്താനായില്ല.
കുറ്റവാളിക്ക് സംരക്ഷണമൊരുക്കുന്നതാര്?
നാട്ടുകാര്‍ രൂപീകരിച്ച ആക്ഷന്‍ കമ്മിറ്റിക്ക് വിരുദ്ധമായ നിലപാട് ഭാരവാഹികളിലൊരാള്‍ സ്വീകരിച്ചതിനെ തുടര്‍ന്ന് ആക്ഷന്‍ കമ്മിറ്റി ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജി പിന്‍വലിച്ചിരുന്നു. ഇതിനുശേഷം പൊതുതാല്പര്യ ഹര്‍ജിയുമായി എത്തിയ അഭിഭാഷകന്റെ ഹര്‍ജിയും ചീഫ് ജസ്റ്റിസ് തള്ളിയിരുന്നു.
സംഭവസ്ഥലത്തുനിന്നും ആദ്യം നടത്തിയ ഫോറന്‍സിക് പരിശോധനയില്‍ ലഭിച്ച വിരലടയാളത്തിന്റെ ഉടമ അന്വേഷണ പരിധിക്ക് പുറത്തുപോയതെങ്ങിനെയെന്ന ചോദ്യമാണ് വസ്തുതകളില്‍നിന്നും ഉയരുന്നത്.
അന്വേഷണ പരിധിയില്‍ വരാതെ ഇയാളെ ബോധപൂര്‍വം മാറ്റിനിര്‍ത്തിയ തലച്ചോര്‍ ആരുടേതെന്ന ചോദ്യവും ഉയരുന്നു. പ്രമാദമായ മറിയക്കുട്ടി വധക്കേസിലെ പ്രതികളെ രക്ഷപ്പെടുത്താന്‍ കാണാമറയിത്തിരുന്ന് ആരോ ചരടുവലിക്കുന്നുണ്ടായിരുന്നുവെന്ന് ഇതില്‍നിന്നും വ്യക്തമാണ്.
ഇതിനാലാണ് ഇത്രയും തിരിമറികളും ദുരൂഹതകളും ആദ്യംമുതല്‍ അന്വേഷണങ്ങള്‍ക്കിടയില്‍ കടന്നുവന്നതെന്നും വ്യക്തം. പ്രതികളിലേക്കെത്താനുള്ള കണ്ണികള്‍ അതിവിദഗ്ധമായി ആരോ മുറിച്ചുമാറ്റിയെന്ന് നേരത്തെതന്നെ സൂചനയുണ്ടായിരുന്നു.
ഈ സൂചനകള്‍ ശരിവയ്ക്കുംവിധത്തില് പ്രതികളിലേക്കെത്താനുള്ള തെളിവുകള്‍ കണ്ടെത്താനാകുന്നില്ല എന്നാണ് സിബിഐ കോടതിക്ക് നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.
കണ്ണൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു ഉന്നത രാഷ്ട്രീയനേതാവാണ് മറിയക്കുട്ടി വധക്കേസ് അട്ടിമറിച്ചതെന്നും അന്വേഷണങ്ങള്‍ക്ക് തന്റെ സ്വാധീനമുപയോഗിച്ച് തടയിട്ടതെന്നും സൂചനയുണ്ടായിരുന്നു.