തൃശൂർ: ബാറുകൾ തുറക്കാൻ കാത്തു നിൽക്കുകയായിരുന്നു. രാവിലെ 11 നു തുറന്നതോടെ അകത്തേക്കു തിക്കിത്തിരക്കി കയറി ഇരിപ്പിടം സ്വന്തമാക്കി.
ചിലർ കൗണ്ടറിൽ “നില്പൻ’ വീശാൻ നില്പായി. ഒരു വർഷത്തോളമായി അടഞ്ഞു കിടന്ന സംസ്ഥാനത്തെ ബാറുകൾ തുറന്ന ഇന്നു രാവിലത്തെ കാഴ്ചകളാണ് ഇത്. ബാർ ജീവനനക്കാർ ആഹ്ലാദത്തിലാണ്. ജോലി ഇല്ലാതിരുന്ന പലരും വീണ്ടും ജോലി കിട്ടുമോയെന്ന ചോദ്യവുമായി എത്തി.
ചിലഹോട്ടലുകൾ ബാർ അവസാനിപ്പിച്ചു. കോവിഡ് ഒരു വർഷത്തോളമായി ഹോട്ടൽ വ്യവസായത്തെ അടച്ചുപൂട്ടിച്ചിരിക്കുകയായിരുന്നു. ഇനി മദ്യപരുടെ ശല്യം ഹോട്ടൽ വ്യവസായത്തെത്തന്നെ ബാധിക്കുമെന്നു ശങ്കിച്ചാണ് തൃശൂരിലെ ചില വൻകിട ഹോട്ടലുകൾ ബാർ ഉപേക്ഷിച്ചത്.
മിക്ക ബാറുകളിലും പഴയപടി കസേരകളും മേശയും നിരത്തിയാണ് കച്ചവടം തുടങ്ങിയതെങ്കിലും പിന്നീട് നടപടി ഭയന്ന് അകലം പാലിക്കുന്ന വിധത്തിൽ മേശകളുടെ എണ്ണം കുറച്ചു.
കസേരകളും കുറച്ചു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് മദ്യവില്പന.“തുറന്നാൽ ഉടനേ ആദ്യത്തെയാളായി ബാറിൽ കുത്തിയിരുന്ന് മദ്യപിക്കണമെന്ന് ഒരു വാശിയുണ്ടായിരുന്നു.
അതാണ് ഇന്നു രാവിലെത്തന്നെ ഇങ്ങോട്ടു പോന്നത്.’ മദ്യപിക്കാൻ എത്തിയ പലപല ചെറു സംഘങ്ങളിലുള്ളവർ ബാറിലെ സപ്ലൈയർമാരോടു നൽകിയ വിശദീകരണം ഇങ്ങനെയാണ്.