വലിയ റസ്റ്ററന്റുകളിൽ കയറിയാൽ ടിപ്പ് കൊടുക്കുന്ന പതിവുണ്ട്. റസ്റ്ററന്റിലെ ജോലിക്കാരെ ഉദ്ദേശിച്ചാണ് ഈ ടിപ്പുകൾ നൽകുന്നത്. ചിലർ ബില്ലിന്റെ ബാലൻസ് വരുന്ന തുക റൗണ്ട് ചെയ്താണ് ടിപ്പി നൽകുന്നത്.
പലരുടെയും വരുമാനത്തിന്റെ പ്രധാന പങ്ക് പലപ്പോഴും ഇങ്ങനെ ലഭിക്കുന്ന ടിപ്പാണ്. എങ്കിലും ബില്ലിലുള്ളതിന്റെ ഇരട്ടി തുകയൊന്നും ആരും ടിപ്പ് നൽകാറില്ല.
എന്നാൽ ടിപ്പ് കിട്ടിയ തുക കണ്ട് അന്പരന്നിരിക്കുകയാണ് അമേരിക്കയിലെ ടോളിഡോ നഗരത്തിലുള്ള സൂക്ക് മെഡിറ്ററേനിയൻ കിച്ചൻ റസ്റ്ററന്റിലെ ജീവനക്കാർ. 5,600 ഡോളർ (ഏകദേശം 4,15,000 രൂപ ) ആണ് ഒരാൾ ടിപ്പ് നൽകിയത്.
കഴിഞ്ഞ 12ന് രാത്രി അത്താഴം കഴിക്കാൻ എത്തിയ ഒരാളാണ് റസ്റ്ററന്റ് ജീവനക്കാരെ ഞെട്ടിച്ചത്. ജീവനക്കാർക്ക് ഈ തുക വീതിച്ചു നൽകാന് റസ്റ്ററന്റ് ഉടമയോട് ആവശ്യപ്പെട്ട ഇയാൾ, തന്റെ പേര് വെളിപ്പെടുത്തരുതെന്ന് അഭ്യർഥിച്ചാണ് മടങ്ങിയത്.
ഈ തുക ഉടമ റസ്റ്ററന്റിലെ 28 ജീവനക്കാർക്കായി വീതിച്ചു നൽകി. 200 ഡോളർ വീതം ഒാരോ ജീവനക്കാരനും ലഭിച്ചു. ക്രിസ്മസ് അടുത്തു വരുന്ന സാഹചര്യത്തിൽ ഇങ്ങനെയൊരു തുക ലഭിച്ചത് വളരെ സന്തോഷം നൽകുന്നുവെന്നാണ് ജീവനക്കാർ പ്രതികരിച്ചത്.
വീട്ടിലേക്കാവശ്യമായ സാധനങ്ങളും മക്കൾക്ക് സമ്മാനങ്ങളും വാങ്ങാൻ ഈ തുക ഉപകാരപ്പെടുമെന്നും ഇങ്ങനെയൊരു ക്രിസ്മസ് സമ്മാനം നൽകിയ വ്യക്തിയോട് നന്ദിയുണ്ടെന്നും അവർ പറഞ്ഞു.