തിരുവനന്തപുരം: മദ്യം വാങ്ങാൻ ബെവ് ക്യു ആപ്ലിക്കേഷൻ വഴിയുള്ള ബുക്കിംഗ് അവസാനിപ്പിക്കും. സംസ്ഥാനത്ത് ബാറുകൾ തുറക്കുകയും വിൽപന ശാലകളുടെ സമയം നീട്ടുകയും ചെയ്ത സാഹചര്യത്തിലാണ് നടപടി.
ആപ്ലിക്കേഷന്റെ ഭാവിയെക്കുറിച്ച് ബിവറേജസ് കോർപ്പറേൻ എംഡി ജി സ്പർജൻകുമാർ സർക്കാരിന് റിപ്പോർട്ട് നൽകും. മുഖ്യമന്ത്രിയുടെ അനുമതിയോടെ ആയിരിക്കും അന്തിമ തീരുമാനം.
ബെവ്കോ, കണ്‍സ്യൂമർ ഫെഡ് ഒൗട്ട്ലറ്റുകൾ രാവിലെ 10 മുതൽ രാത്രി ഒന്‍പതു വരെ പ്രവർത്തിക്കും. കഴിഞ്ഞദിവസം ഇറങ്ങിയ ഉത്തരവ് പ്രകാരം ബാറുകൾ ഒന്‍പതിന് അടയ്ക്കണമെന്നായിരുന്നു. എന്നാൽ 11 മണിവരെ നീട്ടിക്കൊണ്ട് രണ്ടാമതൊരു ഉത്തരവ് കൂടി ഇറങ്ങി.
ബാറുകൾ രാവിലെ 11 മുതൽ രാത്രി 11 വരെ പ്രവർത്തിക്കും. ടൂറിസം മേഖലയിലെ ബാറുകൾക്ക് രാത്രി 12 വരെ പ്രവർത്തിക്കാം.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കണം ബാറുകളും മറ്റും പ്രവർത്തിക്കേണ്ടത്. കൗണ്ടറുകളിൽ ആളുകൾ കൂട്ടംകൂടാൻ പാടില്ല. ഒരു ടേബിളിൽ രണ്ടുപേർ മാത്രമേ പാടുള്ളൂ തുടങ്ങിയ നിബന്ധനകൾക്കു വിധേയമായാണ് മദ്യശാലകൾ തുറക്കുന്നത്.
ലോക്ക് ഡൗണിൽ അടച്ച ബാറുകളും മറ്റും ഒന്‍പതു മാസത്തിനു ശേഷമാണ് പൂർണമായി പ്രവർത്തിക്കുന്നത്.