കോട്ടയം: ജില്ലയിലെ വിവിധ രാഷ്ട്രീയ, സാമുദായിക നേതാക്കളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും അനധികൃത സ്വത്ത് സംബന്ധിച്ച അന്വേഷണത്തിന് ഇഡി എത്തുമോ? മിക്ക പൊതു പ്രവർത്തകകർക്കും മറ്റു തൊഴിലുകളില്ല.
രാഷ്ട്രീയത്തിൽ പ്രവർത്തനത്തിന്റെ ആരംഭ കാലത്ത് ദരിദ്രരായിരുന്ന പലരും ഇപ്പോൾ കോടികളുടെ ആസ്തിയുള്ളവരാണ്. ഭൂമാഫിയ, റിസോർട്ട് മാഫിയ, ബ്ലേഡ് മാഫിയ ബിനാമികളായി മാറിയ പലർക്കും സ്വന്തമായി പാറമടകളും മറ്റു വ്യവസായ സ്ഥാപനങ്ങളുമുണ്ട്.
കേരളത്തിനകത്തും പുറത്തും ഭൂമി ഇടപാടുകളും ബിനാമി പേരിൽ കോടികൾ വില വരുന്ന വീടുകളും ഫ്ളാറ്റും വില്ലകളുമുണ്ട്. ഇതെല്ലാം കുറഞ്ഞ കാലം കൊണ്ട് നേടിയിട്ടുള്ളതാണ് പലരും.
ഇങ്ങനെയുള്ളവരുടെ വരുമാനത്തിൽ കവിഞ്ഞ സ്വത്ത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എൻഫോഴ്സ് മെന്റ് വകുപ്പിന് (ഇഡി) ആം ആദ്മി കൺവീനറും പൊതുപ്രവർത്തകനുമായ കെ. എസ് പത്മകുമാറാണ് പരാതി നൽകിയത്.
സ്വത്തുക്കൾ ബിനാമി പേരിൽ?
തെരഞ്ഞെടുപ്പിൽ മത്സരിക്കുന്പോൾ നാമനിർദ്ദേശ പത്രികക്കൊപ്പം നൽകുന്ന സത്യവാങ്മൂലത്തിൽ തങ്ങളുടെ സ്വത്തു സംബന്ധിച്ച കൃത്യവിവരം നൽകാറില്ലെന്നും
ബിനാമി പേരിലാണ് മിക്ക നേതാക്കളുടെയും സ്വത്തുക്കളെന്നും വിവിധ മുന്നണികൾ സംസ്ഥാനം ഭരിച്ചിരുന്നപ്പോൾ പ്രാദേശിക തലത്തിൽ പാർട്ടി നേതാക്കൾ സന്പാദിച്ച സ്വത്തുക്കളുടെ വിവരങ്ങൾ ലഭ്യമല്ലെന്നും ഇതെല്ലാം വിശദമായി പരിശോധിക്കണമെന്നുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
സിപിഎം, സിപിഐ, കോണ്ഗ്രസ്, വിവിധ കേരള കോണ്ഗ്രസ് ഗ്രൂപ്പുകൾ, ബിജെപി അടക്കം രാഷ്ട്രീയ പാർട്ടികളുടെ ജില്ലാ പ്രസിഡന്റ്, സെക്രട്ടറിമാർ, സംസ്ഥാന കമ്മിറ്റി അംഗങ്ങൾ, എംപി, എംഎൽഎ, വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപന അംഗങ്ങൾ, വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ, വിവിധ സമുദായ നേതാക്കൾ തുടങ്ങിയവരുടെ സ്വത്ത് അന്വേഷിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.
ജില്ലാ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത്, പഞ്ചായത്ത് സെക്രട്ടറിമാർ, ലോക്കൽ ബോഡി എൻജിനീയർമാർ, പൊതുമരാമത്ത് വകുപ്പ് എൻജിനീയർമാർ, കെഎസ്ഇബി എൻജിനീയർമാർ,
വാട്ടർ അതോറിറ്റി എൻജിനീയർമാർ, മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ്, മലിനീകരണ നിയന്ത്രണ ബോർഡ് ഇന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ ജോലിക്കു കയറുന്പോഴും ഇപ്പോഴുമുള്ള സ്വത്തുക്കൾ അന്വേഷിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്.