മനുഷ്യരെക്കാൾ സ്നേഹമുള്ളവരാണ് മൃഗങ്ങളെന്ന് ചിലപ്പോൾ പറയാറുണ്ട്. ചില മനുഷ്യരുടെ പ്രവർത്തികളാണ് ഇത്തരത്തിലുള്ള പറച്ചിലുകൾക്ക് പിന്നിൽ. സ്വന്തം മക്കളെ ക്രൂരമായി മർദിക്കുന്നതും, എന്തിനേറെ കൊല്ലുന്ന മാതാപിതാക്കൾ വരെ നമ്മുടെ ഇടയിലുണ്ട്.
എന്നാൽ നാം ബുദ്ധിയില്ലെന്ന് വിശേഷിപ്പിക്കുന്ന മൃഗങ്ങളുടെ ചില പ്രവൃത്തികൾ മനുഷ്യരെക്കാൾ എത്രയോ ഭേദമാണ്. അത്തരമൊരു ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.
ഒഡിഷയിലെ മാൽക്കൻഗിരിയിലാണ് സംഭവം.പരിക്കേറ്റ പശുക്കിടാവിനെ കൊണ്ടുപോയ ഉന്തുവണ്ടിക്ക് പിന്നാലെ പായുന്ന അമ്മപ്പശുവിന്റെ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.
32 സെക്കൻഡ് ദൈർഘ്യമുള്ള ഈ ദൃശ്യം ഇപ്പോൾ തന്നെ നിരവധിയാളുകൾ കണ്ടുകഴിഞ്ഞു. റോഡിലൂടെ അമ്മയ്ക്കൊപ്പം പോവുകയായിരുന്ന പശുക്കിടാവിനെ വേഗത്തിലെത്തിയ വാഹനം ഇടിക്കുകയായിരുന്നു.
പരിക്കേറ്റ കിടാവിനെ അമ്മപ്പശു മണത്തും നക്കിയുമൊക്കെ പരിചരിച്ചു. സംഭവം കണ്ട് അവിടെയെത്തിയ യുവാക്കൾ ഉടൻതന്നെ പശുക്കിടാവിനെ ഉന്തുവണ്ടിയിൽ കയറ്റി മൃഗാശുപത്രിയിലേക്ക് കൊണ്ടുപോയി.
ഈ വണ്ടിയെയാണ് അമ്മപ്പശു പിന്തുടരുന്നത്. ഏതാണ്ട് മൂന്നു കിലോമീറ്ററോളം അമ്മപ്പശു ഈ ഉന്തുവണ്ടിയെ പിന്തുടർന്നതായി ദൃക്സാക്ഷികള്‍ വ്യക്തമാക്കി.
ഒരിക്കൽപ്പോലും അമ്മപ്പശു യുവാക്കളെ ഉപദ്രവിക്കുകയോ വണ്ടിക്ക് തടസം നിൽക്കുകയോ ചെയ്തില്ല. പശുക്കിടാവിന്റെ നില ഭേദപ്പെട്ട് വരുന്നതായി ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കി.