1993 മുംബൈ സ്ഫോടന പരന്പരയിൽ ദാവൂദ് മുഖ്യപ്രതിയായതോടെ ഛോട്ടാ രാജനോടൊപ്പം രവി പൂജാരിയും ദാവൂദ് സംഘത്തിൽനിന്നു പിന്മാറി. തുടർന്നു ഛോട്ടാ രാജന്റെ വലംകൈ എന്ന നിലയിലേക്ക് അയാൾ വളർന്നു.
ഛോട്ടാ രാജനും ദാവൂദ് ഇബ്രാഹിമും കടുത്ത ശത്രുതയിലേക്കു പോയ സമയത്തും പൂജാരി ഛോട്ടാ രാജനോടൊപ്പം നിന്നു. എന്നാൽ, 2000ൽ ദാവൂദ് സംഘം ഛോട്ടാ രാജനെ കൊലപ്പെടുത്താനായി നടത്തിയ ബാങ്കോക്ക് ഒാപ്പറേഷനു ശേഷം
പൂജാരി ഛോട്ടാ രാജൻ സംഘത്തിൽനിന്നു പിന്മാറുന്നതാണു കണ്ടത്. തുടർന്നു സ്വന്തമായി ഒരു ഗ്യാംഗ് ഉണ്ടാക്കാനാണ് അയാൾ ശ്രമിച്ചത്.
ഫോണിലൂടെ ഭീഷണികൾ
1993 മുംബൈ സ്ഫോടനക്കേസ് പരന്പരയിലെ പ്രതികളുടെ വക്കാലത്ത് ഏറ്റെടുത്തു എന്ന പേരിൽ പ്രമുഖ അഭിഭാഷകൻ ഷാഹിദ് ആസ്മിയെ വെടിവെച്ചു കൊലപ്പെടുത്തിയതു രവി പൂജാരിയുടെ ആളുകളാണെന്നാണ് റിപ്പോർട്ടുകൾ.
ഇന്ത്യയിലെ പല രാഷ്ട്രീയ നേതാക്കളെയും ബിസിനസ് കരുത്തൻമാരെയും ഫോണിലൂടെ ഭീഷണിപ്പെടുത്തുകയും പണം ആവശ്യപ്പെടുകയും ചെയ്യുക രവി പൂജാരിയുടെ പ്രത്യേക ശൈലിയായിരുന്നു. പണം തന്നില്ലെങ്കിൽ കൊന്നുകളയുമെന്നു ഭീഷണിപ്പെടുത്തും.
പല ദൗർബല്യങ്ങളും ഉള്ളവരെ തെരഞ്ഞു പിടിച്ചായിരുന്നു ഫോൺ വിളികൾ. ഇങ്ങനെയുള്ളവർക്കു പോലീസിനെ സമീപിക്കാനും ചില പരിമിതികൾ ഉണ്ടായിരുന്നു. ഇതു മനസിലാക്കിയായിരുന്നു പൂജാരിയുടെ ഒാപ്പറേഷനുകൾ. പലരും ശല്യം സഹിക്കാതെയും ഭീഷണി ഭയന്നും പൂജാരി ചോദിക്കുന്ന പണം നൽകിയിരുന്നു.
പ്രമുഖർക്കു ഭീഷണി
രവി പൂജാരി ഭീഷണിപ്പെടുത്തിയവരിൽ ഷെഹ്ലാ റഷീദ്, ഉമർ ഖാലിദ്, ജിഗ്നേഷ് മേവാനി, മുൻ കർണാടക വിദ്യാഭ്യാസ മന്ത്രി തൻവീർ സേട്ട് തുടങ്ങിയ പ്രമുഖരെല്ലാം ഉൾപ്പെടും.
ഷാരൂഖ് ഖാൻ, അക്ഷയ് കുമാർ, സൽമാൻ ഖാൻ തുടങ്ങിയ ബോളിവുഡ് താരങ്ങളെയും പൂജാരി ഭീഷണിപ്പെടുത്തിയിട്ടുണ്ട്. മംഗളൂരുവിലെ ശബ്നം ഡെവലപ്പേഴ്സിന്റെ ഓഫീസിൽ നടന്ന വെടിവയ്പ്പിലും രവിപൂജാരിയുടെ പേരാണ് എഫ്ഐആറിൽ ഉണ്ടായിരുന്നത്.
കൊച്ചിയിലെ വെടിയൊച്ച
കൊച്ചിയിലെ ലീന മരിയ പോൾ എന്ന നടിയുടെ ഉടമസ്ഥതയിലുള്ള നെയിൽ ആർട്ടിസ്ട്രി എന്ന ബ്യൂട്ടി പാർലറിൽ വിളിച്ചു പണം ആവശ്യപ്പെട്ടു ഭീഷണി മുഴക്കിയാണ് അടുത്ത കാലത്തു വാർത്തകളിൽ നിറഞ്ഞത്.
പണം കിട്ടാതെ വന്നപ്പോൾ 2018 ഡിസംബർ 15ന് കാസർഗോഡുള്ള തന്റെ സംഘത്തെ ഉപയോഗിച്ചു സലൂണിനു നേർക്കു വെടിയുതിർത്തു. വെടിയുതിർത്തവർ അവിടെയിട്ടിട്ടു പോയ കടലാസിൽ രവി പൂജാരിയെന്നു ഹിന്ദിയിൽ കുറിച്ചിരുന്നു.
എന്നാൽ, രവി പൂജാരിയെപ്പോലെ വലിയ അധോലോക ബന്ധങ്ങൾ ഉള്ളയാൾ ഇത്തരം നിസാരമായ ഒരു നീക്കം നടത്തുമോയെന്നു പോലീസിന് സംശയമുണ്ടായി. പ്രതികൾ വെറും കടലാസിൽ രവി പൂജാരി എന്നെഴുതി ഇടുകയായിരുന്നു. ഇതും സംശയമുണർത്തി.
(തുടരും)
തയാറാക്കിയത്: എൻ.എം