മലപ്പുറം: പി.കെ. കുഞ്ഞാലിക്കുട്ടിയുടെ സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള മടങ്ങിവരവിനെ എതിർക്കുന്നതു ഭയം കൊണ്ടെന്നു മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ്.
നിലനിൽപിനെ ബാധിക്കുമെന്നു കരുതുന്നവരാണ് എതിർക്കുന്നത്. വ്യക്തികളുടെ സ്ഥാനമാനങ്ങളെക്കാൾ യുഡിഎഫിന്റെയും ലീഗിന്റെയും നേട്ടമാണു പ്രധാനം. യുഡിഎഫ് ഒറ്റക്കെട്ടായി മുന്നോട്ടു പോകും.
യുഡിഎഫിനെ നയിക്കുകയാണു കുഞ്ഞാലിക്കുട്ടിയുടെ ചുമതല. സ്ഥാനാർഥി നിർണയവും സീറ്റ് വിഭജനവും തെരഞ്ഞെടുപ്പു സമയത്താണു തീരുമാനിക്കുകയെന്നും കെ.പി.എ. മജീദ് വ്യക്തമാക്കി.
സംസ്ഥാന രാഷ്ട്രീയത്തിലേക്കു മടങ്ങിവരുന്നതിന്റെ ഭാഗമായി മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറിയായ പി.കെ. കുഞ്ഞാലിക്കുട്ടി ലോക്സഭാംഗത്വം രാജിവയ്ക്കാനാണു നേതൃത്വത്തിന്റെ തീരുമാനം. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അദ്ദേഹം മത്സരിക്കും.
നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം മലപ്പുറം ലോക്സഭാ മണ്ഡലത്തിലേക്കും ഉപതെരഞ്ഞെടുപ്പ് നടത്തുന്ന രീതിയിൽ കുഞ്ഞാലിക്കുട്ടി രാജി സമർപ്പിക്കുകയെന്നും മലപ്പുറത്തു ചേർന്ന മുസ്ലിംലീഗ് പ്രവർത്തക സമിതി യോഗ തീരുമാനങ്ങൾ വിശദീകരിക്കവെ കെ.പി.എ. മജീദ് വ്യക്തമാക്കി.