കോഴിക്കോട്: ജില്ലയില്‍ വീണ്ടും ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. ഫറോക്ക് നഗരസഭയിലെ ഇരുപത്തിരണ്ടാം ഡിവിഷന് കല്ലമ്പാറയിലെ കഷായപ്പടി മേഖലയിലെ ഒന്നര വയസ്സുകാരനാണ് രോഗം സ്ഥിരീകരിച്ചത്.
കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡിഎംഒ വി.ജയശ്രീ അറിയിച്ചു. രോഗം സ്ഥിരീകരിച്ച വീടുള്‍പ്പെടെ 110 വീടുകളിലെ കിണറുകളില്‍ സൂപ്പര്‍ ക്ലോറിനേഷന് ഇതിനകം പൂര്‍ത്തീകരിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും നിയന്ത്രണ വിധേയമാണെന്നും ഡിഎംഒ അറിയിച്ചു.
എല്ലാവര്‍ഷവും ഇത്തരത്തില്‍ വയറിളക്ക രോഗം സ്ഥിരീകരിക്കാറുണ്ട്. ചികിത്സ നല്‍കുന്നതോടെ ഇവ ഭേദമാവുകയും ചെയ്യാറുണ്ട്. എന്നാല്‍ ഇത്തവണ ഇത്തരം ലക്ഷണങ്ങളുള്ളവരില്‍ ഷിഗെല്ല പരിശോധന നടത്തിയതിലൂടെയാണ് കൂടുതല്‍ പേര്‍ക്ക് രോഗമുണ്ടെന്ന് കണ്ടെത്താനായത്.
ആദ്യം രോഗം സ്ഥിരീകരിച്ച മായനാടുള്ള വീടുമായി ഇപ്പോള്‍ രോഗംബാധിച്ച കുട്ടിയ്ക്ക് ബന്ധമുണ്ടായിരുന്നില്ലെന്നും ഡിഎംഒ വ്യക്തമാക്കി. കടുത്ത വയറുവേദനയെത്തുടര്‍ന്ന് കുട്ടിയെ മൂന്നുദിവസം മുമ്പ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു .
എന്നാല്‍ അസുഖം ഭേദമായില്ല. ഇതേത്തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ ഷിഗെല്ല വൈറസ് ബാധയുടെ സാന്നിധ്യം പരിശോധിക്കുകയും കണ്ടെത്തുകയുമായിരുന്നു.
ഇത്തരത്തില്‍ ലക്ഷണങ്ങളുള്ളവര്‍ തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാന്‍ ഉപയോഗിക്കണമെന്നും പ്രാഥമിക കൃത്യം നിര്‍വഹിച്ച ശേഷം കൈകള്‍ സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കണമെന്നും രോഗലക്ഷണമുള്ളവര്‍ ഉടന്‍ ആരോഗ്യ വകുപ്പിനെ വിവരമറിയിക്കണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.