അമ്പലപ്പുഴ: അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലെ ഒരേ വാർഡിൽ തുടർച്ചയായി നാലാം തവണയും നേടിയ ചരിത്രവിജയം ലേഖമോൾക്ക് നിരവധി പേരുടെ പ്രാർഥനയിൽ തെളിഞ്ഞ പുണ്യം.
ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായ പത്തിൽച്ചിറ വീട്ടിൽ(നിള) സനലിന്റെ ഭാര്യ ലേഖമോളുടെ പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ വിജയം നാടിന്റെ വിജയമായി ലേഖമോളും നാട്ടുകാരും കാണുന്നു.
ഡിഐസിയിൽ തുടക്കം
പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ നിന്നാണ് ലേഖമോൾ നാലുതവണ തുടർച്ചയായി മത്സരിച്ചത്. ആശ്രയ ചാരിറ്റബിൾ സൊസൈറ്റി പ്രവർത്തകയായ ലേഖമോൾ 2005 ൽ ഡിഐസിയിലൂടെയാണ് പൊതുരംഗത്ത് എത്തുന്നത്.
തുടർന്ന് 2010 ൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചു വിജയിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പാർട്ടി സീറ്റ് നൽകിയില്ല. എന്നാൽ നാട്ടുകാർ ആവശ്യപ്പെട്ടതനുസരിച്ച് സ്വതന്ത്രയായി മത്സരിച്ച് ജയിച്ചു.
കോൺഗ്രസ് വിമതയായി മത്സരിച്ച ലേഖാമോൾക്ക് 267 വോട്ടിന്റെ ഭൂരിപക്ഷവും ലഭിച്ചു. ഇത്തണയും ഇതേ വാർഡിൽ സ്വതന്ത്രയായി മത്സരിച്ചാണ് വിജയം ആവർത്തിച്ചത്.
ഓണറേറിയം തുക…
ആശ്രയചാരിറ്റബിൾ സൊസൈറ്റിയുടെ ജില്ലാ കോർഡിനേറ്റർ കൂടിയാണ് സനൽ. പഞ്ചായത്ത് അംഗത്തിന് ലഭിക്കുന്ന ഓണറേറിയം ലേഖമോൾ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കാണ് വിനിയോഗിക്കുന്നത്.
മൂന്ന് മാസത്തെ ഓണറേറിയം തുകയിൽ പ്രദേശത്തെ കുട്ടികൾക്ക് പഠനോപകരണങ്ങൾ വാങ്ങി വിതരണം ചെയ്യും. കഴിഞ്ഞ 14 വർഷമായി മുടങ്ങാതെ ഇത് വിതരണം ചെയ്തുവരുന്നുണ്ട്.
കൂടാതെ എസ്എസ്എൽസി, പ്ലസ്ടൂ ക്ലാസുകളിൽ ഉന്നതവിജയം നേടുന്ന കുട്ടികൾക്ക് സ്കോളർഷിപ്പ് നൽകി അനുമോദിക്കാറുണ്ട്. മക്കളിൽ അഞ്ജലി എൽഎൽബി വിദ്യാർഥിനിയാണ്.
അനഘ പ്ലസ് വൺ വിദ്യാർഥിനിയും. ഏതായാലും നാട്ടുകാർ ലേഖമോൾക്ക് ഒപ്പമുണ്ടെന്ന ഉറച്ച സാക്ഷ്യപ്പെടുത്തലായി ഇത്തവണത്തെ വിജയം.