വി. ശ്രീകാന്ത്
നഷ്ടങ്ങളുടെ കയത്തിലേക്ക് ഒരു നടൻ കൂടി മുങ്ങിത്താഴ്ന്നിരിക്കുന്നു. സിനിമ ആളെ സ്നേഹിച്ചു തുടങ്ങിയപ്പോഴേക്കും അനിൽ നെടുമങ്ങാട് അങ്ങ് പോയി. ഇതൊരു വല്ലാത്തൊരു പോക്കായി പോയിയെന്നുള്ള അടക്കം പറച്ചിൽ തലങ്ങും വിലങ്ങും പാഞ്ഞോണ്ടിരിക്കുകയാണ്.
ഒന്നു സംസാരിച്ചിട്ടുള്ളവർക്കെല്ലാം അനിൽ പ്രിയപ്പെട്ടവനായിരുന്നു. നടൻ എന്നതിലുപരി തന്റെ സ്വതസിദ്ധമായ ചിരിയിലൂടെയാണ് ആള് ഒരുപാട് ഹൃദയങ്ങൾ കീഴടക്കിയത്.
കിട്ടിയ അവസരങ്ങളിലൂടെ മലയാള സിനിമാ ലോകത്തു തന്റേതായൊരു ഇരിപ്പിടം നേടിയെടുത്തൊരു നടനാണ് അനിലെന്നു മലയാളി നാവു ചലിപ്പിച്ചു തുടങ്ങിയപ്പോഴേക്കും ‘ജലം’ ആളെ കവർന്നെടുത്തുകൊണ്ടു പോകുകയായിരുന്നു.
നാടകത്തിലൂടെ അഭിനയ രംഗത്തെത്തി പതിയെ ചാനലുകളിൽ ജനപ്രിയ പരിപാടികൾ ചെയ്തു സിനിമാ ലോകത്തേക്കു കാലെടുത്തു വച്ച അനിലിലെ നല്ല നടനെ പുറത്തേക്ക് എടുത്തതു സംവിധായകൻ രാജീവ് രവിയാണ്.
ഞാൻ സ്റ്റീവ് ലോപ്പസിലെ ഫ്രെഡി കൊച്ചാച്ചൻ ശ്രദ്ധിക്കപ്പെട്ടതോടെ രാജീവ് തന്റെ അടുത്ത ചിത്രത്തിലെ പ്രധാന വേഷം കൂടി അനിലിനു നൽകുകയായിരുന്നു. കമ്മട്ടിപാടത്തിലെ സുരേന്ദ്രൻ എന്ന വില്ലൻ വേഷം പ്രേക്ഷകർ ഹർഷാരവങ്ങളോടെ സ്വീകരിച്ചതോടെ അനിൽ ഉള്ള് തുറന്നു ചിരിച്ചു.
പിന്നീട് ഇങ്ങോട്ടു നിരവധി വേഷങ്ങൾ അനിലിനെ തേടിയെത്തി.അയ്യപ്പനും കോശിയിലെ സിഐ സതീഷ് നായകന്മാർക്കൊപ്പം തന്നെ പ്രേക്ഷകരുടെ മനസ് കവർന്നൊരു കഥാപാത്രമായി മാറിയത് അനിലിന്റെ ഉശിരൻ പ്രകടനത്തിലൂടെയായിരുന്നു.
നെടുനീളൻ ഡയലോഗുകൾ കുറിക്കു കൊള്ളും വിധം കാച്ചുന്പോൾ ആ മുഖത്തു വിരിഞ്ഞ ഭാവമാറ്റങ്ങൾ കണ്ടു പ്രേക്ഷകർ അറിയാതെ മനസിൽ പറഞ്ഞിട്ടുണ്ടാകണം ഈ നടന്റെ മിന്നലാട്ടങ്ങൾ മലയാള സിനിമയ്ക്ക് അത്യന്താപേക്ഷിതം തന്നെയെന്ന്.
ആ കഥാപാത്രം നൽകിയ സച്ചി എന്ന സംവിധായകനെ അത്രമേൽ സ്നേഹിച്ചിട്ടുള്ളതുകൊണ്ടു തന്നെ അനിൽ ഇന്നലെ ഫേസ് ബുക്കിൽ ഇങ്ങനെ കുറിച്ചു. ‘ഈ ദിവസം ഇങ്ങേരെ കുറിച്ചാണ് എഴുതേണ്ടത്.. ഒന്നും എഴുതാനും കഴിയുന്നില്ല.
ഞാനും മരിക്കുവോളം എഫ്ബിയിലെ കവർ ഫോട്ടോയായിട്ട് നിങ്ങളിങ്ങനെ… ഷൂട്ടിനിടയിൽ ഒരു ദിവസം എന്റെതല്ലാത്ത കുറ്റം കൊണ്ട് എത്താൻ ലേറ്റായപ്പോ കുറച്ച് സെക്കന്റ് എന്റെ കണ്ണിൽ നോക്കിയിരുന്നിട്ടു നീയും സ്റ്റാറായി അല്ലേ.?
ഞാൻ പറഞ്ഞു. ആയില്ല, ആവാം ചേട്ടൻ വിചാരിച്ചാൽ..ൃൃ.ഞാൻ ആവും…സി.ഐ സതീഷ് എന്ന കഥാപാത്രത്തിനെ സച്ചിച്ചേട്ടനെ ഞാൻ നിരീക്ഷിച്ച് അവതരിപ്പിച്ചതാണ്. സച്ചിയുടെ സംസാരവും പെരുമാറ്റവും ഒക്കെ ഞാൻ ചേട്ടനോടു പറയാതെ അനുകരിക്കുകയായിരുന്നു.’
സച്ചിയോടു പറയാതെ പോയ രഹസ്യം പറഞ്ഞുതീർത്തു മണിക്കൂറുകൾക്കുള്ളിൽ അനിലിനെയും മരണം കവർന്നു. ‘2020’ അനിലിനെയും അങ്ങ് കൊണ്ടുപോയി. ഇനി സച്ചിയും അനിലും സ്വർഗത്തിലിരുന്ന് ഒരു സിനിമയെടുക്കുന്പോൾ അതു കാണാനുള്ള ഭാഗ്യം ഇങ്ങ് ഭൂമിയിലെ സിനിമാ പ്രേമികൾക്ക് ഉണ്ടാകില്ലായെന്നു മാത്രം.