കോഴിക്കോട്: ബിജെപി സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞു നില്ക്കുന്ന വൈസ് പ്രസിഡന്റ് ശോഭാസുരേന്ദ്രനെതിരേ നടപടിയില്ല.
നിയമസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെ ശോഭാസുരേന്ദ്രനെതിരേ നടപടി സ്വീകരിക്കേണ്ടെന്നും പ്രശ്നങ്ങള്‍ പരിഹരിച്ചു മുന്നോട്ടുപോവുകയാണ് ചെയ്യേണ്ടതെന്നും കഴിഞ്ഞ ദിവസം ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗത്തില്‍ തീരുമാനിച്ചു.
സംസ്ഥാനത്തിന്റെ ചുമതലയുള്ള ബിജെപി പ്രഭാരി സി.പി.രാധാകൃഷ്ണനാണ് ഇക്കാര്യം യോഗത്തില്‍ വിശദമാക്കിയത്. ഇത് സംസ്ഥാന നേതൃത്വവും അംഗീകരിച്ചു.
അതേസമയം സംസ്ഥാന നേതൃത്വത്തിനെതിരേയുള്ള പരസ്യപ്രതികരണം ഇനിയുണ്ടാവരുതെന്നും സംസ്ഥാന നേതൃത്വത്തിനെതിരേയോ അധക്ഷനെതിരേയോ അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കില്‍ അക്കാര്യം പാര്‍ട്ടിക്കുള്ളില്‍ അവതരിപ്പിക്കുകയാണ് ചെയ്യേണ്ടതെന്നും യോഗം നേതാക്കള്‍ക്ക് താക്കീത് നല്കി .
ഇത്തരത്തിലുള്ള പരസ്യപ്രതികരണം ഇനിയും തുടര്‍ന്നാല്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനെ അത് സാരമായി ബാധിക്കുമെന്നും ഇത്തരം നിലപാടുകള്‍ സ്വീകരിക്കുന്നവര്‍ക്കെതിരേ അച്ചടക്ക നടപടികള്‍ ഉണ്ടാവണമെന്നും സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടു.
അടുത്തിടെ വിവാദ പ്രസ്താവന നടത്തിയ നേതാവിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.
കൂടാതെ മാധ്യമങ്ങള്‍ക്കു മുമ്പാകെ സംസ്ഥാന നേതൃത്വത്തിനെതിരേ പ്രതികരിച്ച മുതിര്‍ന്ന നേതാവിനെതിരേയും കോര്‍ കമ്മിറ്റിയില്‍ രൂക്ഷമായ വിമര്‍ശനമാണുയര്‍ന്നത്.