വൈപ്പിൻ, അരൂർ: ക്രിസ്മസ് ദിനത്തിൽ എറണാകുളം ജില്ലയിൽ പുലർച്ചെ രണ്ടിടങ്ങളിലായി നടന്ന വാഹാനപകടങ്ങളിൽ നാല് മരണം. വൈപ്പിൻ മുരിക്കുപാടത്തത്തും അരൂരിലുമാണ് അപകടം നടന്നത്. രണ്ട് പകടങ്ങളിലുമായി ഗുരുതരമായി പരിക്കേറ്റ രണ്ടുപേർ ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്നലെ പുലർച്ചെ ഒന്നോടെ സംസ്ഥാന പാതയിൽ മുരുക്കുംപാടം ബെൽബോ കവലയിലാണ് ആദ്യത്തെ അപകടം നടന്നത്.
മുരുക്കുംപാടം കടന്പുകാട്ട് ഫ്രെഡിയുടെ മകൻ ഫ്രെബിൻ(26), ഞാറക്കൽ മഞ്ഞനക്കാട് വാടക്ക് താമസിക്കുന്ന കുന്നേൽ വീട്ടിൽ ജോളിയുടെ (സേവ്യർ ) മകൻ ജോമോൻ(21) എന്നിവരാണ് മരിച്ചത്.
ജോമോനൊപ്പം ബൈക്കിനു പിന്നിലുണ്ടായിരുന്ന ഞാറക്കൽ സ്വദേശി ആദർശ്(21) ആണ് ഗുരുതരാവസ്ഥയിൽ ചികിത്സയിലുള്ളത്. രാത്രി ഞാറക്കലിൽനിന്നും ജോമോനും ആദർശും ഭക്ഷണം കഴിക്കാനായി ബൈക്കിൽ എറണാകുളത്തേക്ക് പോകുകയായിരുന്നു.
ഈ സമയം എറണാകുളത്തുനിന്നും ബൈക്കിൽ എതിരേ വരികയായിരുന്നു ഫ്രെബിൻ. അമിത വേഗതയിലെത്തി ബൈക്കുകൾ പരസ്പരം കൂട്ടിയിടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
റോഡിലേക്കു തെറിച്ചുവീണ മൂവരെയും റോഡിലുണ്ടായിരുന്നവരും ഓടിക്കൂടിയവരും ആശുപത്രിയിലെത്തിച്ചെങ്കിലും തലക്ക് ഗുരുതരമായി പരിക്കേറ്റ ഫ്രെബിന്റെയും ജോമോന്റെയും ജീവൻ രക്ഷിക്കാനായില്ല.
രണ്ടു പേരുടെയും മൃതദേഹം പിന്നീട് എറണാകുളം ജനറലാശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ് മോർട്ടത്തിനുശേഷം സംസ്കരിച്ചു. ജോമോൻ കാക്കനാട് വി ഗാർഡിലെ ക്ലീനിംഗ് തൊഴിലാളിയാണ്. ഫ്രെബിന്റെ പിതാവ് മുരുക്കുംപാടത്ത് ഓട്ടോ ഡ്രൈവറാണ്.
അമ്മ ഷേർളി ഞാറക്കൽ പഞ്ചായത്തിലെ എഡിഎസ് ആണ്. രണ്ട് സഹോദരിമാരുണ്ട്. ജോമോന്റെ പിതാവ് നിർമാണ തൊഴിലാളിയാണ്. അമ്മ: ജയശ്രീ. സഹോദരിമാർ: ജ്യോതി, ജസ്ന.
ദേശീയപാതയിൽ അരൂർ പെട്രോൾ പമ്പിന് സമീപമാണ് രണ്ടാമത്തെ അപകടം നടന്നത്. ബൈക്കിൽ യാത്രചെയ്യുകയായിരുന്ന പറപ്പള്ളിൽ രാജേന്ദ്രന്റെ മകൻ അമൽ രാജ് (20), മരട് പെരുപറന്പ് ബാബുവിന്റെ മകൻ അതുൽ (19) എന്നിവരാണ് മരിച്ചത്.
അരൂർ സ്വദേശി ദിൽജിത്ത് (19)നെ ഗുരുതര പരിക്കുകളോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ 1.30-ഓടെയാണ് അപകടം നടന്നത്.
എറണാകുളം ഭാഗത്തേക്കു പോകുകയായിരുന്ന കാർ യു ടേൺ തിരിഞ്ഞു വന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. മരിച്ച അമൽ രാജ് ഇരുചക്രവാഹന മെക്കാനിക്കാണ്. സംസ്കാരം നടത്തി. മാതാവ്: ശ്രീജ. സഹോദരൻ: അബി രാജ്.
ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചയോടെയാണ് അതുൽ മരിച്ചത്. സംസ്കാരം പിന്നീട് നടക്കും. മാതാവ്-നൈജ.സഹോദരി-അമൃത.