വാടാനപ്പിള്ളി: സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വച്ചു 3 ലക്ഷം തട്ടിയെടുത്ത കേസിൽ നടുവിൽക്കര കുളങ്ങരകത്തു വീട്ടിൽ ഷഹ്സാദ് (36)നെ വാടാനപ്പിള്ളി സ്റ്റേഷൻ ഹൌസ് ഓഫീസർ പി.ആർ. ബിജോയിയും എസ് ഐ മാരായ കെ.ജെ.ജിനേഷും വിവേക് നാരായണനും ചേർന്ന് അറസ്റ്റ് ചെയ്തു.
2019 ഫെബ്രുവരിയിലാണ് 110 ഗ്രാം തൂക്കമുള്ള 11 വളകൾ പണയപ്പെടുത്തിയാണ് യുവാവ് വാടാനപ്പിള്ളിമാക്സ് വാല്യൂ ക്രെഡിറ്റ് ആൻഡ് ഇൻവെസ്റ്റ്മെന്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിൽ നിന്ന് 302000 രൂപ വായ്പയെടുത്തത്.
സാധാരണ നടത്താറുള്ള എല്ലാവിധ പരിശോ ധന നടത്തിയെങ്കിലും ചെന്പിനു മുകളിൽ പൊതിഞ്ഞ സ്വർണ്ണത്തെ മനസിലാക്കാൻ സാധിക്കാത്ത തരത്തിലുള്ള സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമിച്ച ഇവ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല.
മാസങ്ങൾ കഴിഞ്ഞിട്ടും പണയം എടുക്കാതെ വന്നതിനെ തുടർന്ന് നടത്തിയ വിശദമായ പരിശോധനയിൽ ആണ് മുക്കുപണ്ടമാണെന്ന് വ്യക്തമായത്.
ഉടൻ സ്ഥാപന അധികൃതർ വാടാനപ്പള്ളി പോലീസിൽ പരാതി നൽകുകയായിരുന്നു. കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തിയ വാടാനപ്പിള്ളി പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇത്രയും വിദഗ്ദമായി നിർമിച്ച വ്യാജ സ്വർണ്ണങ്ങൾ എവിടെയാണ് ഉണ്ടാക്കിയതെന്നും അതിന്റെ പിറകിൽ ആരെല്ലാം ഉണ്ടെന്നുമുള്ള അന്വേഷണം നടത്തുമെന്നും പോലീസ് പറഞ്ഞു.
കുന്നംകുളം ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. അന്വേഷണം നടത്തിയ പോലീസ് സംഘത്തിൽ എസ് ഐ രാമചന്ദ്രൻ, എ എസ് ഐ അരുണ്കുമാർ എം,സിപിഒ മാരായ സിനോയ്, ധനീഷ് എന്നിവരും ഉണ്ടായിരുന്നു.