എടക്കര: തമിഴ്നാട്ടിൽ നിന്നും മുണ്ടേരി വനത്തിലെത്തിയ കൊലയാളി കൊന്പൻ പരാക്രമം തുടരുന്നു.
കുന്പളപ്പാറ കോളനിയിലെ മൂന്നോളം താത്ക്കാലിക ഷെഡുകൾ കഴിഞ്ഞ ദിവസം കൊന്പൻ തകർത്തു. കൊന്പനെ ഭയന്ന് ആദിവാസികൾ കോളനിവീടുകൾ ഉപേക്ഷിച്ച് കാട് കയറിയിരിക്കുകയാണ്.
വെള്ളിയാഴ്ച രാത്രിയിലാണ് കൊന്പൻ കോളനിയിലെ ദേവന്റേതടക്കമുള്ള ടാർപായ കൊണ്ട് കെട്ടിയുണ്ടാക്കിയ താൽക്കാലിക ഷെഡുകൾ തകർത്തത്.
ശനിയാഴ്ച രാവിലെ ഏഴ് മണിയോടെയാണ് കൊന്പൻ കോളനിയിൽ നിന്നും പിൻവാങ്ങിയത്.
കഴിഞ്ഞ ദിവസം ദേവന്റെ താൽക്കാലിക ഷെഡിൽ സൂക്ഷിച്ചിരുന്ന അരി കൊന്പൻ ഭക്ഷിച്ച് മടങ്ങിയിരുന്നു. ഇപ്പോൾ കോളനിക്ക് സമീപംതന്നെ കൊന്പൻ തന്പടിച്ചിരിക്കുന്നത് ആദിവാസികളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. കോളനിക്കാരിൽ ഭൂരിഭാഗവും വനവിഭവ ശേഖരണത്തിനും മീൻപിടിക്കാനുമായി കാടുകയറിയിരിക്കുകയാണ്.
എന്നാൽ അവേശഷിച്ച കുടുംബങ്ങൾ കൊലയാളി കൊന്പനെ ഭയന്ന് ഉൾക്കാട്ടിലേക്കും ചില കുടുംബങ്ങൾ കുഞ്ഞുകുട്ടികളുമായി വാണിയംപുഴ ഫോറസ്റ്റ് ക്യാന്പിലേക്കും മാറിയിട്ടുണ്ട്.
വാണിയംപുഴ ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ ശശികുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലയും കൊലയാളി കൊന്പനെ നിരീക്ഷണം നടത്തിയിരുന്നു.
കൊന്പൻ കഴിഞ്ഞ ദിവസം വാണിയംപുഴ കോളനിയിലുമെത്തിയിരുന്നതായി ആദിവാസികൾ പറയുന്നു. കൊന്പന്റെ സാന്നിധ്യം സംബന്ധിച്ച് തമിഴ്നാട് വനം വകുപ്പിന് വിവിരം നൽകിയിട്ടുണ്ട്.
എന്നാൽ കേരള വനാതിർത്തിയിൽ തന്പടിച്ചിരിക്കുന്ന കൊന്പനെ തടയാനുള്ള നടപടികൾ നോർത്ത് ഡിഎഫ്ഒയുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ലെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്.
ഒരു മാസം കഴിയുന്പോൾ കൊന്പന്റെ മദപ്പാടുകൾ തീരുമെന്നും തമിഴ്നാട് വനത്തിലേക്ക് കൊന്പൻ മടങ്ങിപ്പോകുമെന്നുമാണ് നോർത്ത് ഡിഎഫ്ഒ മാർട്ടിൻ ലോവൽ പറയുന്നത്.
എന്നാൽ ഒരു മാസം കൊലയാളി കൊന്പന്റെ കണ്മുൻപിൽ പെടാതെ ആദിവാസികൾ എങ്ങിനെ ജീവിക്കുമെന്നത് വനംവകുപ്പ് അധികൃതർ ചിന്തിക്കുന്നില്ല.