തിരുവനന്തപുരം: കാരക്കോണം ത്രേസ്യാപുരം ശാഖാ നിവാസില്‍ ശാഖാകുമാരിയുടെ കൊലപാതകം ആസൂത്രിതമെന്ന് പോലീസ്. ക്രിസ്മസ് ദിനത്തില്‍ ഭര്‍ത്താവ് അരുണ്‍ മുന്‍കൂട്ടി തയാറാക്കിയ പദ്ധതിപ്രകാരം ശാഖാകുമാരിയെ കൊലപ്പെടുത്തുകയായിരുന്നെന്ന് പോലീസ് പറയുന്നു.
ബെഡ്റൂമില്‍ വച്ച് കൊലപ്പെടുത്തിയശേഷം മൃതദേഹം ഹാളില്‍ എത്തിച്ച് വൈദ്യുതി കടത്തി മരണം ഉറപ്പാക്കുകയായിരുന്നുവെന്ന് പ്രതി പോലീസിനോട് പറഞ്ഞു. ശാഖ ഷോക്കേറ്റു വീണെന്നും ആശുപത്രിയിലെത്തിക്കാന്‍ സഹായിക്കണമെന്നും അരുണ്‍ സമീപവാസികളോടു പറഞ്ഞിരുന്നു.
സമീപവാസികള്‍ എത്തുമ്പോള്‍ ശരീരത്തില്‍ വയറും അലങ്കാര ദീപങ്ങളും ചുറ്റിപ്പിണഞ്ഞ് കമിഴ്ന്നു കിടക്കുന്ന നിലയിലാണ് ശാഖയെ കണ്ടത്. മൂക്കില്‍ മുറിവേറ്റ് രക്തമൊലിച്ചതായും കാണപ്പെട്ടു.
സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം മണിക്കുറുകള്‍ക്കു മുന്‍പ് നടന്നതായി കണ്ടെത്തിയതിനാല്‍ ആശുപത്രി അധികൃതര്‍ പോലീസ് നടപടിക്കായി റിപ്പോര്‍ട്ടുചെയ്തു.
അരുണിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ നാട്ടുകാര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസ് വീട്ടിൽ നടത്തിയ തെരച്ചിലിൽ കട്ടിലിലും ബെഡ് ഷീറ്റിലും രക്തക്കറ കണ്ടെത്തി.
ഏറെ പ്രായവ്യത്യാസമുള്ളതിനാല്‍ ചടങ്ങു നടത്തി വിവാഹം ചെയ്യാന്‍ അരുണിന് വൈമുഖ്യം ഉണ്ടായിരുന്നതായി ശാഖയുടെ ബന്ധുക്കള്‍ പറയുന്നു. പണവും കാറും വസ്തുവകകളും മോഹിച്ചാണ് ഒടുവില്‍ വിവാഹത്തിന് അരുണ്‍ വഴങ്ങിയത്.
നെയ്യാറ്റിന്‍കരയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ചു പരിചയപ്പെട്ട അരുണുമായി രണ്ടു വര്‍ഷത്തോളം പ്രണയിച്ചതിനു ശേഷമാണ് വിവാഹം നടത്തിയത്.
ശാഖയുടെ കോടികള്‍ വിലമതിക്കുന്ന സ്വത്തു വകകള്‍ തട്ടിയെടുക്കുക എന്ന ഉദേശത്തോടുകൂടെയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പോലീസ് പറഞ്ഞു. പോസ്റ്റുമോര്‍ട്ടത്തിനുശേഷം വീട്ടിലത്തിച്ച് ശാഖയുടെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.