അമ്പലപ്പുഴ: അമ്പലപ്പുഴയിലെ സിപിഎം നിലപാടിനെതിരെ സിപിഐയിൽ അതൃപ്തി. തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ നേട്ടം സിപിഎം അംഗീകരിക്കാൻ തയ്യാറാകാത്തതാണ് സിപിഐ നേതൃത്വത്തിലെ അസംതൃപ്തിക്ക് വഴിയൊരുക്കിയിരിക്കുന്നത്.
പ്രസിഡ ന്റ്, വൈസ് പ്രസിഡന്റ് പ്രഖ്യാപനം നടത്തുന്നതിന് മുമ്പായി സിപിഎമ്മിലെ ചില നേതാക്കൾ സമൂഹമാധ്യമങ്ങളിലൂടെ ചില അംഗങ്ങളുടെ ചിത്രം വെച്ചുള്ള പോസ്റ്റുകൾ പ്രചരിപ്പിക്കുന്നതിലും അമർഷമുണ്ട്.
കൂടാതെ അമ്പലപ്പുഴ ബ്ലോക്ക് പരിധിയിലെ ഗ്രാമ പഞ്ചായത്തുകളിൽ ഒരു പ്രസിഡന്റ് സ്ഥാനം പോലും നൽകാൻ സിപിഎം നേതൃത്വം തയ്യാറായിട്ടില്ല. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്തിൽ മൂന്നിൽ രണ്ടിലും സിപിഐ വിജയിച്ചു.
കഴിഞ്ഞ തവണ പ്രസിഡന്റ് സ്ഥാനം പങ്കിട്ടിരുന്നു. ഇത്തവണ ഇതിന് തയാറായിട്ടില്ല. വനിതാ സംവരണമായ ഇവിടെ വൈസ് പ്രസിഡന്റ് സ്ഥാനവും സിപിഎം സ്വന്തമാക്കാനാണ് ശ്രമിക്കുന്നത്. കോൺഗ്രസിന്റെ കുത്തക സീറ്റുകളാണ് സിപിഐ പിടിച്ചെടുത്തത്.
അതിന്റെ പരിഗണനപോലും സിപിഎം നേതൃത്വം നൽകാത്തതിൽ കടുത്ത അമർഷം സിപിഐക്കിടയിൽ ഉയർന്നിട്ടുണ്ട്.ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ച അഞ്ചിടങ്ങളിൽ നാലിലും സിപിഐ മികച്ച ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.
കഴിഞ്ഞ 10 വർഷമായി എൽഡിഎഫിന് നഷ്ടപ്പെട്ട അമ്പലപ്പുഴ ഡിവിഷൻ സിപിഐ തിരിച്ചു പിടിച്ചു. ഭൂരിപക്ഷം കണക്കിലെടുത്താൽ മൂന്നാം സ്ഥാനവും നേടാനായി. സിപിഐക്ക് നൽകിയ ജനപിന്തുണ കണക്കിലെടുത്ത് അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സിപിഐക്ക് നൽകണമെന്നാണ് നേതൃത്വം ആവശ്യപ്പെടുന്നത്.
കൂടാതെ അമ്പലപ്പുഴ ബ്ലോക്ക്പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനവും സിപിഐ അവകാശപ്പെടുന്നുണ്ട്