ചെന്നൈ: രാഷ്ട്രീയ പ്രവേശനത്തിൽനിന്ന് രജനീകാന്ത് പിൻമാറി. ആരോഗ്യപരമായ കാരണങ്ങളാൽ പിൻമാറുന്നുവെന്നാണു വിശദീകരണം. വാക്കു പാലിക്കാനാകാത്തതിൽ കടുത്ത വേദനയുണ്ടെന്നും തന്നെ വിശ്വസിച്ച് രാഷ്ട്രീയത്തിൽ ഇറങ്ങുന്നവർ ദുഃഖിക്കാൻ ഇടവരരുതെന്നും രജനീകാന്ത് ട്വീറ്റ് ചെയ്തു.
മക്കൾ സേവൈ കക്ഷി എന്ന പേരിൽ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന് രജനീകാന്ത് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. നിലവിലുള്ള പാർട്ടിയെ ഉപയോഗിച്ചാണ് രജനീകാന്ത് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചത്.
മക്കൾ ശക്തി കഴകമെന്ന പാർട്ടിയുടെ നേതാക്കളിൽ രജനിയെയും ഉൾപ്പെടുത്തി. മക്കൾ സേവൈ കക്ഷി എന്ന പുതിയ പേരും പാർട്ടിക്കു നൽകി. പാർട്ടിയുടെ ചിഹ്നമായി ഓട്ടോറിക്ഷ തെരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകരിച്ചിരുന്നു.
രണ്ടര പതിറ്റാണ്ടിലേറെയായി തമിഴ്നാട് രാഷ്ട്രീയത്തിലുയർന്നു കേൾക്കുന്ന ആകാംക്ഷാഭരിതമായ ചോദ്യത്തിനു പൂർണ വിരാമമിട്ട് പാർട്ടി പ്രഖ്യാപിച്ച് രാഷ്ട്രീയത്തിലിറങ്ങുമെന്ന് അടുത്തിടെയാണ് രജനീകാന്ത് വ്യക്തമാക്കിയത്.
കോവിഡ് സാഹചര്യത്തിൽ ആരോഗ്യം മുൻനിർത്തി പിൻമാറാൻ ഡോക്ടർമാർ ഉപദേശിച്ചെന്നും എന്നാൽ, ജനങ്ങൾക്കിടയിലേക്കിറങ്ങി പ്രവർത്തിച്ചു മരിക്കാനും തയാറെടുത്താണ് തീരുമാനമെന്നും രജനി രാഷ്ട്രീയ പ്രവേശന സമയത്ത് വ്യക്തമാക്കുകയുണ്ടായി.