കോട്ടയം: മദ്യലഹരിയിൽ കോടിമതയിലെ ബാറിൽ സംഘർഷമുണ്ടാക്കുകയും പോലീസിനെ ആക്രമിക്കുകയും ചെയ്ത കേസിൽ പിടിയിലായ രണ്ടംഗ സംഘത്തെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
മറിയപ്പള്ളി തട്ടാന്പറന്പിൽ ക്രിപിൻ സി.കൃഷ്ണൻ (29), നാട്ടകം തോട്ടുങ്കൽ സജു ശ്രീധരൻ (41) എന്നിവരെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയും കെഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളുമാണ് അറസ്റ്റിലായ ക്രിപിനെന്ന് പോലീസ് പറഞ്ഞു.
ഞായറാഴ്ച രാത്രിയിൽ ബാറിനുള്ളിലാണ് സംഭവങ്ങളുടെ തുടക്കം. മദ്യപിക്കുകയായിരുന്ന ക്രിപിനും സജുവും മദ്യപിച്ചുകൊണ്ടിരുന്ന മറ്റൊരാളുമായി വാക്കുതർക്കമുണ്ടാക്കി.
തുടർന്ന് ഇവർ വാക്കു തർക്കമുണ്ടാക്കിയയാൾ പുറത്തേക്കു പോകാൻ ശ്രമിച്ചപ്പോൾ ഇവർ ഇയാളെ തടഞ്ഞു വയ്ക്കുകയായിരുന്നു. ഇതോടെ സംഭവം കയ്യാങ്കളിയിലേക്ക് എത്തി. ഈ സമയം ബാർ ജീവനക്കാർ വിവരം ചിങ്ങവനം പോലീസിൽ അറിയിച്ചു.
സംഘർഷത്തിനുശേഷം ബാറിനു പുറത്തിറങ്ങിയ ക്രിപിനും സജുവും ഇവിടെ നിന്നും അസഭ്യവർഷം നടത്തുകയായിരുന്നു. ഈ സമയം സ്ഥലത്തെത്തിയ പോലീസ് സംഘം ഇവരെ പറഞ്ഞയ്ക്കാൻ ശ്രമിച്ചു.
ഇതോടെ രണ്ടംഗ സംഘം പോലീസിനു നേരെ തിരിഞ്ഞു. പിന്നീട് ചിങ്ങവനം സ്റ്റേഷനിലെ ഡ്രൈവർ പ്രഭാതിനെ ഇവർ ആക്രമിക്കുകയായിരുന്നു. പ്രഭാതിനെ പിടിച്ചു തള്ളുകയും കരണത്ത് അടിക്കുകയും ചെയ്തു.
വിവരമറിഞ്ഞ് ചിങ്ങവനം എസ്ഐ വിപിൻ ചന്ദ്രൻ, എഎസ്ഐ രവീന്ദ്രൻ, സിവിൽ പോലീസ് ഓഫീസർ പ്രഭാത്, വനിതാ സീനിയർ സിവിൽ പോലീസ് ഓഫീസർ മേരി, സീനിയർ സിവിൽ പോലീസ് ഓഫീസർ രാജീവ് എന്നിവർ എത്തിയാണ് പ്രതികളെ പിടികൂടിയത്. സംഭവത്തെക്കുറിച്ചു കൂടുതൽ അന്വേഷണം നടത്തുമെന്ന് ചിങ്ങവനം പോലീസ് പറഞ്ഞു.