കോട്ടയം: പൗരത്വ രജിസ്റ്ററിനു വേണ്ടി സർവേ നടത്തുകയാണെന്ന് ആരോപിച്ചു അറുപുഴയിൽ ഉദ്യോഗസ്ഥ സംഘത്തെ തടഞ്ഞുവച്ച സംഭവത്തിൽ 20 പേർക്കെതിരേ കോട്ടയം വെസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
ഇന്നലെ ഉച്ചകഴിഞ്ഞാണു കേന്ദ്ര സർക്കാരിന്റെ സാന്പത്തിക സർവേയ്ക്ക് എത്തിയ നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓർഗനൈസേഷൻ ഉദ്യോഗസ്ഥരെ ഒരു സംഘം ആളുകൾ തടഞ്ഞുവച്ചത്. ഉദ്യോഗസ്ഥർ വീടുകൾ തോറും കയറിയിറങ്ങി വിവരങ്ങൾ ശേഖരിക്കുന്നതിന് ഇടയിലായിരുന്നു സംഭവം.
പൗരത്വ രജിസ്റ്റർ തയാറാക്കുന്നതിനായാണ് സർവേ നടത്തുന്നത് എന്നാരോപിച്ചായിരുന്നു ഉദ്യോഗസ്ഥരെ തടഞ്ഞത്. സാന്പത്തിക സർവേ നടത്തുന്നതിനു വേണ്ടിയാണ് തങ്ങൾ എത്തിയിരിക്കുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞിട്ടും ഇതൊന്നും കേൾക്കാൻ തടഞ്ഞുവച്ചവർ കൂട്ടാക്കിയില്ല.
ഉദ്യാഗസ്ഥ സംഘത്തെ കയ്യേറ്റം ചെയ്യുകയും ഇവരുടെ തിരിച്ചറിയിൽ കാർഡുകൾ നശിപ്പിക്കുകയും ചെയ്തു. തുടർന്ന് ഉദ്യോഗസ്ഥർ വിവരം കോട്ടയം വെസ്റ്റ് പോലീസിൽ അറിയിക്കുകയായിരുന്നു.
വെസ്റ്റ് എസ്എച്ച്ഒ എം.ജെ.അരുണ്‍, എസ്ഐ ടി. ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തിയാണ് ഉദ്യോഗസ്ഥരെ മോചിപ്പിച്ചത്. സംഭവത്തിൽ ഉൾപ്പെട്ട കണ്ടാലറിയാവുന്ന 20 പേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.