മട്ടന്നൂർ: തില്ലങ്കേരിയിലെ ജൈവ കർഷകനായ ഷിംജിത്തിന്റെ കൃഷിയിടത്തിലെ അപൂർവ സസ്യമായ പുളിവെണ്ട കൗതുകമാകുന്നു.
മത്തിപ്പുളി, മീൻപുളി എന്നീ പേരുകളിലുമാണ് വടക്കൻ കേരളത്തിൽ അറിയപ്പെടുന്നത്. മത്തിയും മറ്റ് മത്സ്യ കറികളും ഉണ്ടാക്കാൻ ഇത് ഉപയോഗിച്ചിരുന്നു.
ചുവന്ന കായയും പച്ച നിറത്തിലുള്ള കായയും ഉണ്ടാകുന്ന പുളിവെണ്ടയുണ്ട്. ഇളം പുളിരസം ആസ്വദിച്ച് ഇത് പച്ചയായും കഴിക്കാറുണ്ട്. വിറ്റാമിൻ സി ഇതിൽ നന്നായി അടങ്ങിയിട്ടുണ്ട്.
ഇത് അന്യം നിന്നുപോയെങ്കിലും ഷിംജിത്തിന്റെ കൃഷിയിടത്തിൽ പുളിവെണ്ട ധാരാളമുണ്ട്. ഒരു കാലത്ത് നാട്ടിൻ പുറങ്ങളിൽ ഏറെ ഉണ്ടായിരുന്ന അപൂർവ സസ്യമാണിത്.
അര ഏക്കറോളം സ്ഥലത്താണ് പുളിവെണ്ട പരന്നു കിടക്കുന്നത്. മഞ്ഞൾ കൃഷിക്കിടയിൽ നട്ട പുളിവെണ്ടയുടെ വിത്ത് വീണും നിരവധി തൈകൾ ഉണ്ടാകുന്നുണ്ടെന്നും വിളവെടുപ്പിനായതായും ഷിംജിത്ത് പറയുന്നു.