കണ്ണൂർ: കണ്ണൂർ കോർപറേഷനിൽ ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ ലീഗിലെ പൊട്ടിത്തെറി ജില്ലാ നേതൃമാറ്റത്തിലേക്ക് വരെ നീങ്ങിയേക്കും.
ജില്ലാ നേതൃത്വത്തിലെ ചിലർ ചർച്ചകൾ പോലും നടത്താതെ ഏകപക്ഷീയമായ തീരുമാനം നടപ്പിലാക്കിയെന്ന് കാണിച്ച് സംസ്ഥാന നേതൃത്വത്തിന് രേഖാമൂലം പരാതി നൽകാനുള്ള നീക്കത്തിലാണ് ജില്ലാ ഭാരവാഹികളിൽ ചിലർ. ഇതുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഇതിനകം സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
നേരത്തെ തന്നെ ജില്ലാ നേതൃത്വത്തിന്റെ ചില നിലപാടുകൾക്കെതിരേ ഒരു വിഭാഗം നേതാക്കൾക്കും പ്രവർത്തകർകകും അമർഷമുണ്ടായിരുന്നു. കോർപറേഷൻ ഡെപ്യൂട്ടി മേയർ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ടാണ് ഇത് പൊട്ടിത്തെറിയിലെത്തിയത്.
താണ ഡിവിഷനില്‍ നിന്ന് ജയിച്ച കെ. ഷബീനയുടെയും തായത്തെരുവിൽ നിന്നു ജയിച്ച ഷമീമ ഇസ്ലാഹിയയുടെ പേരുകളുമായിരുന്നു ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് ഉയർന്നുവന്നത്.
ആരാകണം ഡെപ്യൂട്ടി മേയർ സ്ഥാനാർഥിയെന്നത് നിശ്ചയിക്കാൻ ഞായറാഴ്ച ലീഗ് കൗൺസിലർമാർ ഉൾപ്പെടെയുള്ളവരുടെ കോർപറേഷൻ സമിതി യോഗം വിളിച്ചു ചേർത്തിരുന്നു.
എന്നാൽ ജില്ലാ ഭാരവാഹികളും ജില്ലയിൽ നിന്നുള്ള ഒരു സംസ്ഥാന നേതാവും ഇടപെട്ട് ഈ യോഗം റദ്ദാക്കിയെന്നും പിന്നീട് ജില്ലാ പ്രസിഡന്റുൾപ്പെടെയുള്ളവർ ഏകപക്ഷീയമായ കെ. ഷബീനയെ ഡെപ്യൂട്ടി മേയർ സ്ഥാനാർഥിയായി പ്രഖ്യാപിച്ചുമെന്നുമാണ് ആരോപണം.
ഇതിനു പിന്നാലെ ഇന്നലെ മേയർ, ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരു വിഭാഗം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ഇന്നലെ കണ്ണൂരിൽ നടത്തിയ പ്രതിഷേധം സംസ്ഥാന നേതൃത്വം അതീവ ഗൗരവത്തിലാണ് കാണുന്നത്.
ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ. അബ്ദുൾ ഖാദർ മൗലവി ഉൾപ്പെടെയുള്ള നേതാക്കളെ വഴിയിൽ തടഞ്ഞും ജില്ലാ പ്രസിഡന്റ് പി. കുഞ്ഞിമുഹമ്മദിന്റെ കാറിൽ കരിങ്കൊടി കെട്ടിയുമായിരുന്നു പ്രവർത്തകരുടെ പ്രതിഷേധം.
നേതാക്കളെ തടയുകയും പരസ്യമായി പ്രതിഷേധിക്കുകയും ചെയ്തവര്‍ക്കെതിരെയുള്ള നടപടി ആലോചിച്ച് തീരുമാനിക്കുമെന്ന് ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൾ കരീം ചേലേരി ഇന്നലെ പറഞ്ഞിരുന്നു.
എന്നാൽ അതിലുപരിയായി എന്താണ് ഇത്തരമൊരു സാഹചര്യത്തിലേക്ക് നയിച്ചതിനെ കുറിച്ചുള്ള വിശദീകരണമാണ് സംസ്ഥാന നേതൃത്വം ജില്ലാ നേതൃത്വത്തോട് ആവശ്യപ്പെടുക.
കണ്ണർ പോലുള്ള സ്ഥലത്ത് പ്രവർത്തകരുടെ വികാരം ഉൾക്കൊള്ളാതെ പ്രവർത്തിക്കുന്നവർ നേതൃസ്ഥാനത്തുണ്ടെങ്കിൽ അവർ ആ സ്ഥാനങ്ങളിൽ ഉണ്ടാവില്ലെന്ന് ഒരു സംസ്ഥാന നേതാവ് രാഷ്ട്രദീപികയോട് പറഞ്ഞു.
ഇന്നലെ മേയർ, ഡെപ്യൂട്ടി മേയർ എന്നിവർക്ക് ജില്ലാ ലീഗ് കമ്മിറ്റി ഓഫീസിൽ നൽകിയ സ്വീകരണത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ. അബ്ദുൾ ഖാദർ മൗലവി, ജില്ലാ പ്രസിഡന്റ് പി. കുഞ്ഞിമുഹമ്മദ്, ജനറൽ സെക്രട്ടറി അബ്ദുൾ കരീം ചേലേരി എന്നിവർ പങ്കെടുത്തിരുന്നില്ല.
ജില്ലാ കമ്മിറ്റി ഓഫീസിൽ നൽകിയ സ്വീകരണത്തിൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ട പാർട്ടി ഭാരവാഹികൾ തന്നെ പങ്കെടുക്കാതിരുന്നതും സംസ്ഥാന നേതൃത്വം ഗൗരവത്തിലാണ് കാണുന്നത്.