സ്വന്തം ലേഖകൻ
തൃശൂർ: ഇനി രണ്ടു ദിവസം കൂടിയുണ്ട്. അതു കഴിഞ്ഞാലേ ഡിസംബർ അവസാനിക്കൂ….തൃശൂർ മൃഗശാലയിൽ നിന്ന് മൃഗങ്ങളെ ഈ വർഷം ഡിസംബറോടെ പുത്തൂർ സുവോളജിക്കൽ പാർക്കിലേക്ക് മാറ്റുമെന്നല്ലേ വനംമന്ത്രി കെ.രാജു പ്രഖ്യാപിച്ചിരുന്നത്.
എന്തായാലും രണ്ടു ദിവസം കൊണ്ട് മൃഗശാല പുത്തൂരിലേക്ക് മാറ്റാൻ സാധ്യതയില്ല. അപ്പോൾ ഒരു തവണ കൂടി മൃഗശാല മാറ്റ പ്രഖ്യാപനം വെറും പ്രഖ്യാപനം മാത്രമായി ഒതുങ്ങുന്നു.
ജൂലൈ മാസത്തിൽ പുത്തൂർ സുവോളജിക്കൽ പാർക്കിൽ സംസ്ഥാന വനമഹോത്സവം ഉദ്ഘാടനം ചെയ്യുന്പോഴാണ് മൃഗശാല മാറ്റം ഡിസംബറിലെന്ന് വനംമന്ത്രി പ്രഖ്യാപിച്ചത്.
എന്നാൽ ഡിസംബർ അവസാനദിവസമാകുന്പോഴും ഇതു സംബന്ധിച്ച് യാതൊരു നീക്കവും ഉണ്ടായിട്ടില്ല. പുത്തൂർ സുവോളജിക്കൽ പാർക്കിന്റെ ഒന്നാം ഘട്ട നിർമാണം പൂർത്തിയായതോടെയാണ് മൃഗങ്ങളെ മാറ്റുന്നതിന്റെ നടപടികൾ ആരംഭിക്കുന്നതെന്നായിരുന്നു പറഞ്ഞിരുന്നതെങ്കിലും തുടർനടപടികളൊന്നുമായില്ല.
തൃശൂർ മൃഗശാല ഇപ്പോഴും തൃശൂരിൽ തന്നെയാണ് പ്രവർത്തിക്കുന്നത്. കുട്ടികൾക്കും പ്രായമായവർക്കും പ്രവേശനമില്ലാത്തതിനാൽ മൃഗശാലയിൽ കളക്ഷൻ കുറവാണ്.
പുത്തൂരിലേക്കുള്ള മാറ്റം സംബന്ധിച്ച് തൃശൂർ മൃഗശാല അധികൃതർക്ക് നിർദ്ദേശങ്ങളോ വിവരങ്ങളോ ലഭിച്ചിട്ടില്ല. നഗരത്തിലെ കൂടുവിട്ട് പുത്തൂരിലെ വിശാലമായ ന്ധകാട്ടി’ലേക്ക് ഡിസംബറിൽ പോകാനൊരുങ്ങിയരുന്നത് അഞ്ഞൂറോളം മൃഗങ്ങളാണ്.
പുലിയും സിംഹവും കടുവയുമടക്കമുള്ള മൃഗങ്ങൾ ഈ മാസം പുത്തൂരിലെ സുവോളജിക്കൽ പാർക്കിലേക്ക് സ്ഥലം മാറ്റപ്പെടുമെന്നാണ് കരുതിയിരുന്നത്. മൃഗസംരക്ഷണ വകുപ്പിന്റെ കീഴിൽ നിന്നും മൃഗങ്ങൾ വനംവകുപ്പിന്റെ കീഴിലേക്ക് മാറുമായിരുന്നു.
ഘട്ടം ഘട്ടമായി മൃഗശാല മാറ്റാനാണ് ആസൂത്രണം ചെയ്തിരിക്കുന്നതെങ്കിലും പ്രഖ്യാപനങ്ങളും തീരുമാനങ്ങളും നടപ്പാക്കുന്നതിൽ വലിയ കാലതാമസമാണുണ്ടാകുന്നത്.
336 ഏക്കർ സ്ഥലത്തു നിർമിക്കുന്ന പുത്തൂർ സുവോളജിക്കൽ പാർക്ക് അന്താരാഷ്ട്ര നിലവാരമുള്ള ഇന്ത്യയിലെ തന്നെ ഒന്നാം നന്പർ മൃഗശാലയാക്കി മാറ്റാനാണ് ഉദ്ദേശിക്കുന്നത്. നിലവിൽ 225 ഏക്കർ മാത്രമാണ് ഹൈദ്രാബാദിലെ മൃഗശാലയ്ക്കുള്ളത്.
നിർമാണം പൂർത്തിയാകുന്പോൾ ദക്ഷിണ ഏഷ്യയിൽ തന്നെ ഏറ്റവും വലുപ്പമേറിയ മൃഗശാലയായി പുത്തൂർ സുവോളജിക്കൽ പാർക്ക് മാറും. തൃശൂർ മൃഗശാല മാറ്റം ഇനി എന്തായാലും ജനുവരിയിൽ നോക്കിയാൽ മതിയെന്നാണ് വനംവകുപ്പും സൂചന നൽകുന്നത്.
തൃശൂരിനുള്ള ക്രിസ്മസ് സമ്മാനമായി പുത്തൂർ സുവോളജിക്കൽ പാർക്കിലേക്കുള്ള മൃഗങ്ങളുടെ മാറ്റം ഉണ്ടാകുമെന്നാണ് കരുതിയിരുന്നതെങ്കിലും ഇനി അത് പുതുവർഷ സമ്മാനമായിരിക്കുമെന്ന പ്രതീക്ഷിക്കാം…