സ്വന്തം ലേഖകൻ
തൃശൂർ: വ്യായാമം ആരോഗ്യത്തിന് ഗുണകരം, വ്യാപാരം ജീവിതത്തിന് ഗുണകരം തൃശൂർ മുൻസിപ്പൽ സ്റ്റേഡിയത്തിൽ മഞ്ഞുവീഴുന്ന പുലർകാലങ്ങളിൽ വ്യായാമത്തോടൊപ്പം വ്യാപാരവും കൊണ്ട് ഓടാനെത്തുന്ന സിദ്ധിഖിന്റെ വാക്കുകളാണിത്.
കോവിഡ് കാലത്തെ അതിജീവനകഥളിൽ പോസിറ്റീവായ കഥയാണ് സിദ്ധിഖിന്റേത്.
കൂർക്കഞ്ചേരിയിലെ കുരിക്കപീടികയിൽ വീട്ടിൽ നിന്ന് തൃശൂർ പാലസ് ഗ്രൗണ്ടിലേക്ക് രാവിലെ വ്യായാമം ചെയ്യാനെത്തുന്ന സിദ്ധിഖ് കൂടെ ഒരു കൊച്ചു സൂപ്പർമാർക്കറ്റും കൊണ്ടുവരും.
അതിൽ നല്ല നാടൻ തേനുണ്ട്, പശുവിൻ നെയ്യുണ്ട്, മരച്ചക്കിലാട്ടിയ വെളിച്ചെണ്ണയുണ്ട്, എള്ളെണ്ണയുണ്ട്, കഴുകി വൃത്തിയാക്കി തയ്യാറാക്കിയ അരിപ്പൊടിയുണ്ട്, നാടൻ മഞ്ഞൾപൊടിയുണ്ട്…..അങ്ങനെ കലർപ്പില്ലാത്തതും ആരോഗ്യത്തിന് ഉത്തമമായതുമായ സാധനങ്ങളാണ് സിദ്ധിഖിന്റെ മൊബൈൽ സൂപ്പർമാർക്കറ്റിലുള്ളത്.
ഗ്രൗണ്ടിലെ ഗാലറിയിൽ ഇവ നിരത്തിവച്ച് സിദ്ധിഖ് ഗ്രൗണ്ടിലേക്ക്പോകും. സാധനങ്ങൾക്കടുത്ത് വിലവിവരപ്പട്ടികയും ഗൂഗിൾ പേയുടെ കോഡും ഉണ്ടായിരിക്കും.
കൂടാതെ ഒരു പെട്ടിയിൽ പൈസയും വച്ചിരിക്കും. ആവശ്യക്കാർക്ക് വന്ന് സാധനങ്ങളെടുത്ത് വില ഗൂഗിൾ പേ വഴിയോ നേരിട്ട് പൈസയായോ നൽകാം. നേരിട്ട് പൈസ നൽകുന്നവർ പണം പെട്ടിയിലിട്ടാൽ മതി.
ഇതുവരെയും ആരും തന്നെ ചതിച്ചിട്ടില്ലെന്ന് സിദ്ധിഖ് പറയുന്നു.
ഉന്നത പോലീസ് ഉദ്യോഗസ്ഥർ, തൃശൂരിലെ വ്യവസായ പ്രമുഖർ, കായിക താരങ്ങൾ, സിനിമാതാരങ്ങൾ തുടങ്ങി സാധാരണക്കാർ വരെ സിദ്ധിഖ് എത്തിക്കുന്ന സിദ്ധീസ് എന്ന പേരിലുള്ള ഈ ഉത്പന്നങ്ങളുടെ ആവശ്യക്കാരാണ്.
ഗ്രൗണ്ടിലെ വ്യായാമവും വ്യാപാരവും കഴിഞ്ഞ് സിദ്ധിഖ് മൊബൈലിൽ വാട്സാപ്പ് തുറക്കുന്പോൾ അന്നന്നത്തെ ഓർഡറുകളുടെ സന്ദേശങ്ങൾ എത്തിക്കഴിഞ്ഞിരിക്കും. പിന്നെ അതെത്തിച്ചുകൊടുക്കലാണ് പണി.
സ്വർണപണിയുമായി കഴിഞ്ഞിരുന്ന സിദ്ധിഖ് ഗുണമേന്മയുള്ള വ്യത്യസ്തമായ ഭക്ഷ്യോത്പന്നങ്ങളുടെ നിർമാണത്തിലേക്ക് തിരിയുന്നത് കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയെ തുടർന്നാണ്.ഗുണമേന്മയുള്ള പൊടികൾ നഗരത്തിലെ ഫ്ളാറ്റിലും മറ്റും താമസിക്കുന്നവർക്ക് എത്തിച്ചുകൊടുക്കുന്ന നന്മയുള്ള ഒരു ബിസിനസ് ആകാമെന്ന് ഉറപ്പിച്ചത്.
വാട്സാപ്പ് തന്നെയായിരുന്നു പ്രധാന ബിസിനസ് പ്ലാറ്റ്ഫോം. എന്നും വ്യായാമത്തിനെത്തുന്ന ഗ്രൗണ്ടിൽ സാധനങ്ങൾ കൊണ്ടുവച്ചപ്പോൾ അതും ക്ലിക്കായി.
ആളുകൾ ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്ന ഇക്കാലത്ത് അവർക്ക് നല്ല ഉത്പന്നങ്ങൾ കൊടുത്താൽ അവർ ആ ഉത്പന്നങ്ങൾ തേടി വീണ്ടും വരുമെന്ന് സിദ്ധിഖ് തറപ്പിച്ചു പറയുന്നു.
ഫ്രഷ് ആയി പറിച്ചെടുത്ത കൂണുകൾ, നാടൻ കോഴിമുട്ട എന്നിവയ്ക്കെല്ലാം ആവശ്യക്കാരേറെയാണ്.
നാടൻ കോഴിമുട്ടയ്ക്കായി സിദ്ധിഖ് കൈയിൽനിന്നും പണം മുടക്കി മറ്റൊരാൾക്ക് നാടൻ കോഴികളെ വളർത്താനായുള്ള എല്ലാ സജീകരണങ്ങളും ചെയ്തുകൊടുത്തപ്പോൾ സിദ്ധീസ് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലേക്കു കൂടി വളർന്നു.
ഗ്രൗണ്ടിലെ കച്ചവടം രാവിലെ ആറര മുതൽ ഏഴര വരെയാണ്. മഞ്ഞളും മുളകും മല്ലിയുമെല്ലാം പൊടിപ്പിക്കുന്നത് പല മില്ലുകളിലാണ്. മൂന്നാറിലെ തേനീച്ച വളർത്തൽ കേന്ദ്രത്തിൽ നിന്നാണ് തേൻ എടുക്കുന്നത്.
പ്രിയതമന്റെ അതിജീവനത്തിന് കൂട്ടായി ഭാര്യ ഷഹീറയും മക്കളായ ഷിഫയും മുഹമ്മദ് ഷിഹാനുമുണ്ട്. സിദ്ധിഖ് എന്ന പേരിൽ തന്നെയുള്ള കഴിവ് എന്നർത്ഥം വരുന്ന സിദ്ധി ഒന്നു മോഡിഫൈ ചെയ്താണ് സിദ്ധീസ് എന്ന ബ്രാന്റ്് നെയിം സിദ്ധിഖ് രൂപപ്പെടുത്തിയത്.
വീടിനോടു ചേർന്ന് ഒരുചെറിയ ഒൗട്ട്ലെറ്റ് സജ്ജമാക്കാനുള്ള തയ്യാറെടുപ്പിലാണ് സിദ്ധിഖ് ഇപ്പോൾ.