നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കരയിലെ തര്‍ക്കഭൂമി ഒഴിപ്പിക്കുന്നതിനിടെ ദമ്പതികള്‍ ആത്മഹത്യക്ക് ശ്രമിച്ച് മരിച്ച സംഭവത്തില്‍ വന്‍ പ്രതിഷേധവുമായി നാട്ടുകാര്‍.
ഇന്നലെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നും പോസ്റ്റ്മാട്ടം കഴിഞ്ഞ് എത്തിയ അമ്പിളി യുടെ മൃതദേഹം പോങ്ങില്‍ ജംഗ്ഷനില്‍ നാട്ടുകാര്‍ തടഞ്ഞ് മൂന്ന് മണിക്കൂറുകളോളം റോഡ് ഉപരോധിച്ചു.
രാഷ്ട്രീയ വ്യത്യാസമില്ലാതെ നടന്ന റോഡ് ഉപരോധത്തില്‍ മരിച്ച അമ്പിളിയുടെ മക്കളായ രാഹുലും, രഞ്ജിത്തും ഒപ്പമുണ്ടായിരുന്നു.
സംഭവം അറിഞ്ഞെത്തിയ നെയ്യാറ്റിന്‍കര ഡിവൈഎസ്പി അനില്‍കുമാര്‍ പ്രതിഷേധക്കാരോട് പിരിഞ്ഞു പോകുവാന്‍ ആവശ്യപ്പെട്ടെങ്കിലും ആയിരത്തോളം വരുന്ന ആള്‍ക്കൂട്ടം പിരിഞ്ഞു പോകുവാന്‍ തയാറാവാതെ റോഡില്‍ കുത്തിയിരുന്നു.
ആള്‍ക്കൂട്ടം വര്‍ധിക്കുന്നതിനാല്‍ പ്രതിഷേധം നെല്ലിമൂട് ജംഗ്ഷനിലേയ്ക്ക് മാറ്റാന്‍ നാട്ടുകാര്‍ തീരുമാനിച്ചെങ്കിലും അര മണിക്കൂറിനകം പരിഹാരം കാണാമെന്ന ഡിവൈഎസ്പിയുടെ ഉറപ്പിനെ തുടര്‍ന്ന് പിന്മാറുകയായിരുന്നു.
കുറ്റക്കാരയ പോലീസുകാര്‍ക്കെതിരെയും സമീപവാസിയായ വസന്തയ്ക്ക് എതിരെയും കേസ് എടുത്തല്ലാതെ മൃതദേഹം സംസ്കരിക്കില്ലെന്നും പ്രതിഷേധക്കാര്‍ അറിയിച്ചു.
ഇതിനിടയില്‍ ദമ്പതികള്‍ക്കെതിരെ പരാതി നല്കിയ വസന്തയെ പ്രതിഷേധക്കാരെ ഭയന്ന് ക്രമസമാധന പ്രശ്നങ്ങള്‍ മുന്‍നിറുത്തി പോലിസ് കരുതല്‍ തടങ്കലില്‍ എടുത്തിരുന്നു.
തുടര്‍ന്ന് രാത്രി 7.30ഓടെ സ്ഥലത്തെത്തിയ ജില്ലാ കലക്ടര്‍ കുറ്റക്കാര്‍ക്ക് എതിരേ ഇന്ന് നടപടികള്‍ സ്ഥീകരിക്കുമെന്ന് സമരക്കാര്‍ക്ക് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്. തുടര്‍ന്ന് നാട്ടുകാര്‍ രാജനെ സംസ്കരിച്ചതിനു സമീപത്ത് അമ്പിളിയുടെ മൃതദേഹവും സംസ്കരിച്ചു.
കുടിയൊഴിപ്പിക്കല്‍ നടപടി അപ്പീല്‍ പരിഗണിക്കുന്നതിനു തൊട്ടുമുമ്പ്
കൊച്ചി: നെയ്യാറ്റിന്‍കര അതിയന്നൂര്‍ നെട്ടത്തോട്ടം ലക്ഷംവീട് കോളനിയില്‍ രാജനെയും കുടുംബത്തെയും കുടിയൊഴിപ്പിക്കാന്‍ പോലീസ് നടപടികള്‍ സ്വീകരിച്ചത് ഹൈക്കോടതി അപ്പീല്‍ പരിഗണിക്കുന്നതിന് തൊട്ടു മുമ്പ്.
ഒന്നര മണിക്കൂറിന്റെ വ്യത്യാസത്തില്‍ ഹൈക്കോടതിയില്‍നിന്നു സ്റ്റേ ഉത്തരവ് എത്തുമ്പോഴേക്കും ആത്മഹത്യാശ്രമത്തിനിടെ ഗുരുതരമായി പൊള്ളലേറ്റു രാജനും ഭാര്യയും ആശുപത്രിയിലായി.
രാജനെയും കുടുംബത്തെയും കുടിയൊഴിപ്പിക്കാനുള്ള നെയ്യാറ്റിന്‍കര പ്രിന്‍സിപ്പല്‍ മുന്‍സിഫ് കോടതിയുടെ ഉത്തരവ് നടപ്പാക്കാന്‍ ഡിസംബര്‍ 22ന് ഉച്ചയോടെയാണ് പോലീസ് ഉള്‍പ്പെട്ട സംഘം ലക്ഷം വീട് കോളനിയിലെത്തിയത്.
അന്നുതന്നെ ഉച്ചകഴിഞ്ഞു രണ്ടരയോടെയാണ് ജസ്റ്റീസ് വി. ഷേര്‍സിയുടെ ബെഞ്ചില്‍ അപ്പീല്‍ പരിഗണിച്ച് സ്റ്റേ ഉത്തരവു നല്‍കിയത്. നെയ്യാറ്റിന്‍കര മുന്‍സിഫ് കോടതിയുടെ ഉത്തരവ് ജനുവരി 15 വരെ സ്റ്റേ ചെയ്താണു ഹൈക്കോടതി ഇടക്കാല ഉത്തരവ് നല്‍കിയത്.
അപ്പോഴേക്കും രാജന്റെ തിരുവനന്തപുരത്തെ വക്കീല്‍ വിളിച്ച് ദാരുണ സംഭവമുണ്ടായ കാര്യം പറഞ്ഞെന്ന് ഹൈക്കോടതിയില്‍ ഇവര്‍ക്കു വേണ്ടി ഹാജരായ അഡ്വ. ജിനേഷ് പോള്‍ പറഞ്ഞു.