പ്രണയം കെണിയായി ! പെണ്‍കുട്ടിയുടെ വീട്ടുകാര്‍ യുവാവിനെ തട്ടിക്കൊണ്ടു പോയി ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി;പന്തളത്ത് നടന്ന സംഭവം ഇങ്ങനെ…

പത്തനംതിട്ട: പ്രണയത്തിന്റെ പേരില്‍ യുവാവിനെ പെണ്‍കുട്ടിയുടെ ബന്ധുവും സംഘവും തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി.

പന്തളം കുരമ്പാല ആതിരമല വല്ലാറ്റൂര്‍ പടിഞ്ഞാറ്റേതില്‍ കുഞ്ഞുമോളുടെ മകന്‍ അനീഷിനെ (21) പന്തളം സ്വദേശിയും സംഘവും മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് പരാതി. നവംബര്‍ 25 ന് പറന്തലിലാണ് സംഭവം.


വൈകുന്നേരം ആറിന് അനീഷും കൂട്ടുകാരും ബൈക്കില്‍ വരുമ്പോള്‍ ഒരു സംഘം ബൈക്ക് തടഞ്ഞ് മര്‍ദ്ദിക്കുകയും സുഹൃത്തുക്കളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

മര്‍ദ്ദനമേറ്റ അനീഷിനെ വാഹനത്തില്‍ കയറ്റി അടൂര്‍ മിത്രപുരത്ത് ആളൊഴിഞ്ഞ ഭാഗത്ത് എത്തിച്ച് ആയുധങ്ങളും കല്ലും കൊണ്ട് ക്രൂരമായി വീണ്ടും ആക്രമിച്ചു.

ഇത് നാട്ടുകാര്‍ കണ്ടതോടെ അടൂരിലെ സ്വകാര്യ ആശുപത്രിയില്‍ അനീഷിനെ ഉപേക്ഷിച്ച് പ്രതികള്‍ കടന്നു കളഞ്ഞു. അവിടെനിന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിച്ചതിനാല്‍ ജീവന്‍ നഷ്ടപ്പെട്ടില്ലെന്ന് അനീഷിന്റെ അമ്മ കുഞ്ഞുമോള്‍ പറഞ്ഞു.

അനീഷിന്റെ തലയ്ക്കും കഴുത്തിനും ഗുരുതരമായി പരിക്കേറ്റു. ശരീരത്തിന്റെ ചലനശേഷി നഷ്ടപ്പെടുകയും അബോധാവസ്ഥയിലാകുകയും ചെയ്തു.

ബോധം തിരികെ കിട്ടിയെങ്കിലും ഇന്നിപ്പോള്‍ ഏറെ ദയനീയാവസ്ഥയിലാണ്. ശരീരത്തിന്റെ ചലനശേഷി നഷ്ടപ്പെട്ടു. പരസഹായം കൂടാതെ ഒരു കാര്യവും ചെയ്യാനാകുന്നില്ല.


പരാതിയില്‍ പോലീസ് ഇതേവരെ നടപടിയൊന്നും എടുത്തിട്ടില്ല. ചെറുപ്പത്തിലെ ഭര്‍ത്താവ് ഉപേക്ഷിച്ച് പോയ കുഞ്ഞുമോള്‍ കഷ്ടപ്പെട്ടാണ് അനീഷിനെയും സഹോദരി അഞ്ജുവിനെയും വളര്‍ത്തിയത്.

പ്രായപൂര്‍ത്തിയായതോടെ കൂലിപ്പണി ചെയ്താണ് അനീഷ് കുടുംബത്തെ സഹായിച്ചുവന്നത്. കിടപ്പിലായതോടെ കുടുംബത്തിന്റെ വരുമാനമാര്‍ഗവും നിലച്ചു.


പ്രതികള്‍ക്കു സഹായകരമായ നിലപാടാണ് പോലീസ് സ്വീകരിച്ചുവരുന്നതെന്ന് അനീഷിന്റെ മാതാവ് കുഞ്ഞുമോള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

പിടികൂടിയ ബൈക്ക് പോലും വിട്ടുകൊടുത്തു. കൊടുമണ്‍ പോലീസാണ് കേസന്വേഷിക്കുന്നത്. പിടികൂടിയ പ്രധാന പ്രതിയെ ജാമ്യത്തില്‍ വിട്ടിരുന്നു.

അനീഷുമായി ഇഷ്ടത്തിലായ പെണ്‍കുട്ടിയെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും നടക്കാതെ വന്നതിലുള്ള പകയാകാം ആക്രമണത്തിനു പിന്നിലെന്ന് ബന്ധുക്കള്‍ പറഞ്ഞു.

ആക്രമണമാണെന്ന് വ്യക്തമായ തെളിവുണ്ടായിട്ടും ബൈക്കില്‍ നിന്നു വീണതാണെന്ന രീതിയിലാണ ്‌പോലീസ് എഫ്‌ഐആര്‍ തയാറാക്കിയിട്ടുള്ളതെന്ന് ഐഎന്‍ഡിപി വൈസ് പ്രസിഡന്റ് മേലൂട് ഗോപാലകൃഷ്ണനും പത്രസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.

Related posts

Leave a Comment