ചെന്നൈ: രാഷ്ട്രീയത്തിലേക്കില്ലെന്ന സൂപ്പർതാരം രജനീകാന്തിന്റെ പ്രഖ്യാപനത്തിനുശേഷവും തമിഴ്നാട്ടിൽ കാലുറപ്പിക്കാമെന്ന പ്രതീക്ഷ കൈവിടാതെ ബിജെപി നേതൃത്വം.
അടുത്തവർഷമാദ്യം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ രജനീകാന്തിന്റെ പിന്തുണ തേടുമെന്നു ബിജെപി ദേശീയ ജനറൽ സെക്രട്ടറി സി.ടി. രവി പറഞ്ഞു.
അണ്ണാ ഡിഎംകെയുമായുള്ള സഖ്യം തുടരുമെങ്കിലും സംസ്ഥാനത്ത് എൻഡിഎയെ നയിക്കുക ബിജെപി തന്നെയായിരിക്കുമെന്നും തമിഴ്നാടിന്റെ ചുമതലയുള്ള സി.ടി. രവി വ്യക്തമാക്കി.
തമിഴ്നാട്ടിലെ എൻഡിഎ സഖ്യത്തിലെ വലിയ കക്ഷി എഐഎഡിഎംകെ ആയതിനാൽ സ്വഭാവികമായും മുഖ്യമന്ത്രി ആ പാർട്ടിയിൽ നിന്നുള്ളയാളായിരിക്കും. തെരഞ്ഞെടുപ്പു വിജ്ഞാപനത്തിനുശേഷമായിരിക്കും മുഖ്യമന്ത്രി യെ പ്രഖ്യാപിക്കുക.
സംസ്ഥാനത്ത് ബിജെപിയെ ശക്തിപ്പെടുത്തുകയെന്നതാണു ഇപ്പോഴത്തെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് സി. ടി. രവിയുടെ നേതൃത്വത്തിൽ തിരക്കിട്ട കൂടിയാലോചനകളാണ് സംസ്ഥാനത്ത് നടക്കുന്നത്.
കഴിഞ്ഞദിവസം മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും കമന്റേറ്ററുമായ ലക്ഷ്മൺ ശിവരാമ കൃഷ്ണൻ ഉൾപ്പെടെ നിരവധി പേർ സി.ടി. രവിയുടെ സാന്നിധ്യത്തിൽ ബിജെപിയിൽ ചേർന്നിരുന്നു.
കോൺഗ്രസ് വിട്ട് അടുത്തിടെ ബിജെപിയിലെത്തിയ ചലച്ചിത്രതാരം ഖുഷ്ബുവുമായുള്ള സൗഹൃദമാണു തീരുമാനത്തിനു പിന്നിലെന്നു കരുതുന്നു.
അതേസമയം സംസ്ഥാനത്ത് ബിജെപിയുമായി സഖ്യം തുടരുമെങ്കിലും പളനിസ്വാമി തന്നെയായിരിക്കും മുഖ്യമന്ത്രിയെന്ന് എഐഎഡിഎംകെ നേരത്തെ വ്യക്തമാക്കിയിരുന്നു.