ഏഡൻ: യെമനിലെ ഏഡൻ നഗരത്തിലെ വിമാനത്താവളത്തിൽ സ്ഫോടനം. സൗദിയുടെ ആശീർവാദത്തോടെ രൂപീകരിക്കപ്പെട്ട യെമൻ സർക്കാരിലെ അംഗങ്ങൾ ഇവിടെ വിമാനമിറങ്ങിയതിനു പിന്നാലെയാണു സംഭവം. 26 പേർ മരിച്ചു. ഒട്ടനവധിപ്പേർക്കു പരിക്കേറ്റു.
പ്രധാനമന്ത്രി മൊയീൻ അബ്ദുൾമാലിക്ക് അടക്കം കാബിനറ്റ് അംഗങ്ങളെ ഏഡനിലുള്ള പ്രസിഡന്റിന്റെ കൊട്ടാരത്തിൽ സുരക്ഷിതരായി എത്തിച്ചതായി സൗദി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഹൗതി വിമതരാണ് ആക്രമണത്തിനു പിന്നിലെന്ന് യെമനി സർക്കാർ ആരോപിച്ചു.
കാബിനറ്റ് അംഗങ്ങൾ വിമാനത്തിൽനിന്നിറങ്ങിക്കഴിഞ്ഞപ്പോൾ രണ്ടു തവണ സ്ഫോടനശബ്ദം കേട്ടതായി എഎഫ്പി ലേഖകൻ റിപ്പോർട്ട് ചെയ്തു. വാഹനങ്ങൾ തകർന്നു കിടക്കുന്നതിന്റെയും പുക ഉയരുന്നതിന്റെയും ദൃശ്യങ്ങൾ സൗദി മാധ്യമങ്ങൾ കാണിച്ചു.
യെമനിലെ അന്താരാഷ്ട്ര അംഗീകാരമുള്ള സർക്കാരും തെക്കൻ ട്രാൻസിഷൻ കൗൺസിൽ (എസ്ടിസി) എന്ന വിഘടനവാദികളും ചേർന്നാണ് 24 അംഗങ്ങളുള്ള പുതിയ മന്ത്രിസഭ 18നു രൂപീകരിച്ചത്. ഇറാന്റെ പിന്തുണയുള്ള ഹൗതി വിമതർക്കെതിരേ ഒരുമിച്ചു പോരാടാൻ ലക്ഷ്യമിട്ടുള്ള ഈ നീക്കത്തിനു പിന്നിൽ സൗദിയാണ്.
തലസ്ഥാനമായ സനായും വടക്കു പടിഞ്ഞാറൻ യെമനും നിയന്ത്രിക്കുന്ന ഹൗതികളുമായി സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യകക്ഷി സേന അഞ്ചു വർഷമായി യുദ്ധം ചെയ്യുന്നു.
2014ൽ ഹൗതികൾ സനാ പിടിച്ചെടുത്തതു മുതൽ യെമൻ പ്രസിഡന്റ് മൻസൂർ ഹാദി സൗദിയിലാണുള്ളത്. 26ന് ഹാദിക്കു മുന്നിൽ സത്യപ്രതിജ്ഞ ചെയ്ത സർക്കാരാണ് ഇന്നലെ സൗദിയിൽനിന്നു തിരിച്ചെത്തിയത്. സനാ നഷ്ടപ്പെട്ടതോടെ ഏഡൻ കേന്ദ്രീകരിച്ചാണ് യെമനി സർക്കാർ പ്രവർത്തിക്കുന്നത്.
ആഭ്യന്തരയുദ്ധം മൂലം ലോകത്തിലെ ഏറ്റവും വലിയ ദുരന്തമാണ് യെമൻ നേരിടുന്നതെന്ന് ഐക്യരാഷ്ട്രസഭ പറയുന്നു. 1,11,000 പേർ മരിച്ചു. ദശലക്ഷങ്ങൾ പലായനം ചെയ്തു.