തൃപ്പൂണിത്തുറ: കാറ്ററിംഗ് സ്ഥാപനത്തിൽ മര്‍ദനമേറ്റ് തൊഴിലാളി മരിച്ചത് മദ്യത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന്. സംഭവത്തിൽ ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു.
മാര്‍ക്കറ്റ് റോഡില്‍ പ്രവര്‍ത്തിക്കുന്ന ഗായത്രി കാറ്ററിംഗ് സ്ഥാപനത്തിലെ ജീവനക്കാരൻ തൃപ്പൂണിത്തുറ താമരംകുളങ്ങര വെള്ളത്തുപറമ്പില് ഗോവിന്ദന് നായരുടെ മകന് സന്തോഷ് (44) ആണ് മരിച്ചത്. കാറ്ററിംഗ് സ്ഥാപന ഉടമ തൃപ്പൂണിത്തുറ പുത്തന്‍കുളത്തില്‍ മഹേഷി(43)നെ പോലീസ് അറസ്റ്റു ചെയ്തു.
തികളാഴ്ച രാത്രി 11 ഓടെയാണ് മഹേഷും സുഹൃത്തുക്കളും ചേര്‍ന്ന് ഗുരതര നിലയിലായ സന്തോഷിനെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. ഡോക്ടര്‍മാരുടെ പരിശോധനയില്‍ സന്തോഷ് മരിച്ചിട്ട് ഏറെ നേരമായെന്ന് കണ്ടത്തി.
തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് മദ്യം കഴിച്ചതിനെ ചൊല്ലിയുള്ള തകർക്കത്തിൽ മഹേഷ് സന്തോഷിനെ മര്‍ദിച്ചു കൊലപ്പെടുത്തതുകയായിരുന്നെന്ന് തെളിഞ്ഞത്.സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ;
തിങ്കളാഴ്ച രാവിലെ കാറ്ററിംഗ് പണികള്‍ കഴിഞ്ഞതിനുശേഷം കഴിക്കാനായി മഹേഷ് മദ്യം വാങ്ങി സൂക്ഷിച്ചിരുന്നു. എന്നാല്‍ മഹേഷ് പുറത്തു പോയ സമയത്ത് സന്തോഷ് ഇതെടുത്തു കുടിക്കുകയായിരുന്നു.
മദ്യപിച്ച ശേഷം മുകളിലത്തെ നിലയില്‍ കിടന്ന് ഉറങ്ങിയിരുന്ന സന്തോഷിനെ മഹേഷ് മര്‍ദിച്ച ശേഷം സ്റ്റെപ്പില്‍ നിന്ന് തള്ളിയിട്ടു. തലയടിച്ച് താഴെ വീണ സന്തോഷിനെ വടി ഉപയോഗിച്ച് വീണ്ടും മര്‍ദിച്ചു. തുടര്‍ന്ന് ഷെഡില്‍ തള്ളി.
വൈകിട്ടോടെ സ്ഥാപനത്തിലെത്തിയ മഹേഷ് സന്തോഷ് ചോരവാര്‍ന്നു കിടക്കുന്നതായി കണ്ട് സുഹൃത്തുക്കളെയും കൂട്ടി വാഹനത്തില്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പ്രതിയെ ഇന്നു കോടതിയില്‍ ഹാജരാക്കും.