എം.ജെ ശ്രീജിത്ത്
തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ വനിതാ ഡിജിപി ഇന്ന് പടിയിറങ്ങുന്നു. 33 വർഷത്തെ സേവനത്തിന് ശേഷമാണ് ഡിജിപി ആർ.ശ്രീലേഖ ഇന്ന് ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിക്കുന്നത് . 1987 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥയാണ് ആർ. ശ്രീലേഖ
. കേരളത്തിൽ നിന്ന് ഐപിഎസ് കേഡറിൽ എത്തിയ ആദ്യ വനിത. 2004-ൽ സ്തുത്യർഹമായ സേവനത്തിന് ഇന്ത്യൻ രാഷ്ട്രപതിയുടെ പോലീസ് മെഡലും 2013-ൽ വിശിഷ്ട സേവനത്തിന് ഇന്ത്യൻ രാഷ്ട്രപതിയുടെ പോലീസ് മെഡലും ലഭിച്ചിട്ടുണ്ട്.
വിശേഷണങ്ങൾ നിരവധി
കേരളത്തിലെ ആദ്യ വനിതാ പോലീസ് സൂപ്രണ്ട്, ആദ്യ വനിതാ ജില്ലാ പോലീസ് മേധാവി, ആദ്യ വനിതാ ഡെപ്യൂട്ടി പോലീസ് ഇൻസ്പെക്ടർ ജനറൽ, സി.ബി.ഐ ഡെപ്യൂട്ടി പോലീസ് ഇൻസ്പെക്ടർ ജനറൽ,
ആദ്യ വനിതാ ക്രൈം ബ്രാഞ്ച് ഡെപ്യൂട്ടി പോലീസ് ഇൻസ്പെക്ടർ ജനറൽ, ആദ്യ വനിതാ പോലീസ് ഇൻസ്പെക്ടർ ജനറൽ, ആദ്യ വനിതാ റേഞ്ച് പോലീസ് ഇൻസ്പെക്ടർ ജനറൽ, ആദ്യ വനിതാ പോലീസ് അഡീഷണൽ ഡയറക്ടർ ജനറൽ,
ആദ്യ വനിതാ വിജിലൻസ് ഡയറക്ടർ ജനറൽ(ഇൻ-ചാർജ്), ആദ്യ വനിതാ പോലീസ് അഡീഷണൽ ഡയറക്ടർ ജനറൽ, ആദ്യ വനിതാ ട്രാൻസ്പോർട്ട് കമ്മീഷണർ, ആദ്യ വനിതാ ജയിൽ മേധാവി, ആദ്യ വനിതാ ഫയർ & റെസ്ക്യൂ സർവീസ് മേധാവി, കേരളത്തിലെ ആദ്യ വനിതാ പോലീസ് ഡയറക്ടർ ജനറൽ,
പി.എസ്.സി പരീക്ഷയിൽ ഏറ്റവും കൂടുതൽ ചോദ്യോത്തര വേളയിൽ ആവർത്തിച്ച പോലീസ് ഓഫീസർ എന്നിങ്ങനെയുള്ള വിശേഷണങ്ങളും ആർ.ശ്രീലേഖയ്ക്ക് സ്വന്തം.
പോലീസ് ഡയറക്ടർ ജനറലും ഫയർ & റെസ്ക്യൂ സർവീസ് മേധാവിയുമായുമായാണ് ആർ.ശ്രീലേഖ ഇന്ന് സർവീസിൽ നിന്ന് പടിയിറങ്ങുന്നത്. യാത്രയയപ്പ് ചടങ്ങുകളൊന്നും വേണ്ടെന്ന് പറഞ്ഞാണ് സർവ്വീസ് ജീവിതത്തിൽ നിന്നുള്ള പടിയിറക്കം.
എഴുത്തുകാരിയും
സിവിൽ സർവ്വീസ് രംഗത്തേക്ക് പ്രത്യേകിച്ചും പോലീസിലേക്കുള്ള സ്ത്രീകളുടെ കടന്നുവരവിന് പ്രേരകമായ പേരാണ് ആർ.ശ്രീലേഖ. പോലീസുദ്യോഗസ്ഥ എന്നതിനൊപ്പം എഴുത്തുകാരിയായും തിളങ്ങി. നീരാഴിക്കപ്പുറം, ജാഗരൂകൻ, മരണദൂതൻ, ലോട്ടസ് തീനികൾ, കുഴലൂത്തുകാരൻ എന്നിവയുൾപ്പെടെ പത്തോളം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.
ചേർത്തല എഎസ്പിയായാണ് തുടക്കം. തൃശൂർ,പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ എസ്പിയായി. സിബിഐയിൽ അഞ്ചു വർഷം എസ്പിയായി പ്രവർത്തിച്ചു. വിജിലൻസ്, ക്രൈംബ്രാഞ്ച് എന്നിവിടങ്ങളിൽ ഡിഐജിയായും ഐജിയായും എഡിജിപിയായും ജോലി ചെയ്തു.
വിജിലൻസിൽ മിന്നൽ പരിശോധനകള്ക്ക് തുടക്കമിടുന്നത് ആർ.ശ്രീലേഖ നേതൃത്വം വഹിച്ച കാലത്താണ്. ട്രാൻസ്പോർട്ട് കമ്മീഷണറായിരിക്കെ സേയ്ഫ് കേരള പദ്ധതിക്ക് തുടക്കമിട്ടു.
ജയിൽമേധാവിയായിരിക്കെ തടവുകാരുടെ പുനരിധിവാസത്തിനും ജയിൽ നവീകരണത്തിനുമായി നിരവധി പദ്ധതികളാണ് തുടങ്ങിയത്. പൊലീസിൽ കാക്കിയിട്ട കാലം കുറവാണെങ്കിലും അനുഭവകഥകൾ ഏറ്റവും കൂടുതൽ എഴുതിയ ഓഫിസറാണ് ശ്രീലേഖ. ഭർത്താവ് ഡോ. സേതുനാഥ് പീഡിയാട്രിക് സർജനാണ് . മകൻ: ഗോകുൽനാഥ്.