നെയ്യാറ്റിന്‍കര: ദുര്‍ബലമായ തകരഷീറ്റുകള്‍ ചേര്‍ത്ത ചുമരുകള്‍. മേല്‍ക്കൂരയടക്കം നിലംപൊത്താന്‍ ചെറിയൊരു കാറ്റ് തന്നെ ധാരാളം.
വീടെന്ന് പറയാനാവാത്ത ഈ കൂരയിലാണ് രാജനും അന്പിളിയും മക്കളായ രാഹുലും രഞ്ജിത്തും കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ജീവിച്ചിരുന്നത്. ഒരു നിമിഷത്തെ ആളിക്കത്തലില്‍ മാതാപിതാക്കള്‍ വിധിക്ക് കീഴടങ്ങിയപ്പോള്‍ കയറിക്കിടക്കാന്‍ കെട്ടുറപ്പുള്ള കിടപ്പാടം എന്ന സ്വപ്നം ബാക്കിയാകുന്നു.
ഒരു നാടിനെയൊന്നാകെ നടുക്കിയ സംഭവം മാധ്യമങ്ങളിലൂടെ അറിഞ്ഞ നിരവധി പേര് രാഹുലിനെയും രഞ്ജിത്തിനെയും ആശ്വസിപ്പിക്കാന്‍ പോങ്ങിലില്‍ എത്തുന്നുണ്ട്. രാജനും അന്പിളിയും മക്കളും കഴിഞ്ഞ നാലു വര്‍ഷത്തോളം ഈ കൂരയിലാണ് കഴിഞ്ഞിരുന്നതെന്നത് പലരുടെയും ഉള്ളുലയ്ക്കുന്നു.
വൈദ്യുതിയില്ലാത്ത വീട്ടില്‍ മെഴുകുതിരിയുടെ മിന്നാമിനുങ്ങ് വെട്ടത്തിലിരുന്നാണ് രാഹുലും രഞ്ജിത്തും പഠനം നടത്തിയിരുന്നത്. ഏതു പ്രതിസന്ധിയിലും മനസ്സിലെ നന്മയുടെ കരുത്തില്‍ സന്തോഷത്തോടെ ജീവിതം മുന്നോട്ട് നയിക്കാമെന്ന്
സ്വന്തം പ്രവൃത്തികളിലൂടെ ദിനവും തെളിയിക്കുന്ന രാജന്റെ കഠിനാധ്വാനത്തില്‍ നിന്നും കിട്ടുന്ന തുച്ഛമായ വരുമാനത്തിന് രാഹുലും രഞ്ജിത്തും സ്വന്തം പരിശ്രമവും കൂട്ടിച്ചേര്‍ത്തു.
രാഹുല്‍ വര്‍ക്ക് ഷോപ്പിലും രഞ്ജിത്ത് അപ്ഹോള്‍സ്റ്ററി കടയിലും ജോലി ചെയ്യുന്നുണ്ട്. വീട്ടുമുറ്റത്തെ ഒരു കോണില്‍ മാതാപിതാക്കളുടെ മൃതദേഹങ്ങള്‍ സംസ്കരിച്ചതിന്റെ മുകളില്‍ കൂട്ടിവച്ചിരിക്കുന്ന മണ്ണിലും സമീപത്തുമുള്ള പുഷ്പചക്രങ്ങള്‍ ഏറെക്കുറെ വാടിയ നിലയിലാണ്.
രാഹുലിനെയും രഞ്ജിത്തിനെയും സംബന്ധിച്ചിടത്തോളം, ആ മുറ്റം ജീവിതത്തില്‍ എല്ലാപേരെയും സ്നേഹിക്കാന്‍ പഠിപ്പിച്ച പ്രിയപ്പെട്ട പിതാവിന്റെയും സങ്കടവേളകളില്‍ ചങ്കോട് ചേര്‍ത്തു പിടിച്ചിട്ടുള്ള വാത്സല്യനിധിയായ മാതാവിന്റെയും ജീവനുള്ള ശരീരം വെന്തുപിടഞ്ഞ മണ്ണ് കൂടിയാണെന്നത് പച്ചപരമാര്‍ഥം.
പരിമിതികളുടെ ഇടയിലും സനാഥരായിരുന്ന ഈ കുട്ടികളുടെ കണ്ണുകള്‍ കഴിഞ്ഞ ഒരാഴ്ചയിലേറെയായി തോര്‍ന്നിട്ടില്ല. വാഗ്ദാനങ്ങളുടെ പട്ടികയില്‍ വീടും മെച്ചപ്പെട്ട ജീവിത സാഹചര്യവും സംരക്ഷണവുമൊക്കെ ഉള്‍പ്പെടുന്നുവെങ്കിലും അതിന് ഇനിയുമെത്ര നാള് വേണ്ടി വരുമെന്നതും ഉത്തരം കിട്ടേണ്ട നീതിയുക്തമായ ചോദ്യം.
മാതാപിതാക്കളുടെ വറ്റാത്ത ഓര്‍മ്മയില്‍ തേങ്ങലോടെയിരിക്കുന്ന രാഹുലിനും രഞ്ജിത്തിനും സാന്ത്വനം പകര്‍ന്ന് കൂടെയുള്ളത് ചില അടുത്ത ബന്ധുക്കളാണ്.