“പുറത്തു പറയാൻ പറ്റാത്ത എന്തു രഹസ്യമാണ് പോലീസ് രഹസ്യമായി സൂക്ഷിക്കുന്നതെന്നറിയില്ല. മകളെക്കുറിച്ച് ലഭ്യമായ വിവരങ്ങൾ തന്നോടെങ്കിലും പറയുമെന്നാണ് പ്രതീക്ഷ.”
കോട്ടയം: ജെസ്ന തിരോധാനക്കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും സൂചനകൾ വെളിപ്പെടുത്താനാകില്ലെന്നും പത്തനംതിട്ട പോലീസ് മേധാവി കെ.ജി. സൈമണ്‍ പറഞ്ഞിരിക്കെ പ്രതീക്ഷ നൽകുന്ന ആ സൂചനകൾ അറിയാൻ ആകാംക്ഷയുണ്ടെന്ന് ജെസ്നയുടെ പിതാവ് ജയിംസ് കുന്നത്ത് വ്യക്തമാക്കി.
ജെസ്നയെ കണ്ടെത്തിയതായി പറഞ്ഞില്ലെങ്കിലും പോസിറ്റീവ് വാർത്ത ഉണ്ടാകുമെന്ന സൂചന ഏറെ ആശ്വാസം നൽകുന്നതായും ജയിംസ് കൂട്ടിച്ചേർത്തു. മൂന്നു വർഷമായി ജെസ്നയെക്കുറിച്ച് ആശ്വാസത്തിന്റെ വാക്ക് കേൾക്കാൻ താനും കുടുംബാംഗങ്ങളും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
മുൻപ് എഡിജിപി ടോമിൻ തച്ചങ്കരിയും ഇത്തരത്തിൽ സൂചനകൾ പറഞ്ഞപ്പോൾ വലിയ പ്രതീക്ഷയായിരുന്നു. കൂട്ടായ ശ്രമത്തിലാണ് അന്വേഷണമെന്നും മറ്റു ജില്ലകളിലും അന്വേഷണം നടക്കുന്നതായും കെ.ജി. സൈമണ്‍ വ്യക്തമാക്കിയിരിക്കെ മകളെക്കുറിച്ച് ലഭ്യമായ വിവരങ്ങൾ തന്നോടെങ്കിലും പറയുമെന്നാണ് പ്രതീക്ഷ.
പുറത്തു പറയാൻ പറ്റാത്ത എന്തു രഹസ്യമാണ് പോലീസ് രഹസ്യമായി സൂക്ഷിക്കുന്നതെന്നറിയില്ല. വിരമിക്കുന്നതിനു മുന്നോടിയായി കഴിഞ്ഞയാഴ്ചയും എസ്പി കെ.ജി. സൈമണിനെ സന്ദർശിച്ചപ്പോഴും ഒന്നും വെളിപ്പെടുത്തിയിരുന്നില്ല.
അടുത്തയാഴ്ച വീണ്ടും അദ്ദേഹത്തെ സന്ദർശിക്കാൻ ആഗ്രഹമുണ്ട്. കോവിഡ് ദുരിതം മാറിയാൽ കേസിനു തീരുമാനമുണ്ടാകുമെന്ന സൈമണിന്റെ വാക്കുകൾ ആശ്വാസം പകരുന്നു-മുക്കൂട്ടുതറ സ്വദേശിയും നിർമാണ കോണ്‍ട്രാക്ടറുമായ ജയിംസ് പറഞ്ഞു. അടുത്ത മാർച്ച് 22ന് ജെസ്ന മരിയ ജയിംസിന്റെ തിരോധാനത്തിന്റെ മൂന്നാം വാർഷികമാണ്.
എരുമേലി മുക്കൂട്ടുതറ കുന്നത്ത് ജയിംസിന്റെ മകളായ ജെസ്നയെ 2018 മാർച്ച് 22നാണു കാണാതായത്. രാവിലെ വീട്ടിൽ സഹോദരനൊപ്പം പ്രഭാത ഭക്ഷണം തയാറാക്കി കഴിച്ചശേഷം മുണ്ടക്കയം പുഞ്ചവയലിലുള്ള പിതൃസഹോദരിയുടെ വീട്ടിലേക്ക് എന്ന സൂചനയിൽ രാവിലെ ഒൻപതു മണിയോടെ വീട്ടിൽ നിന്ന് പുറപ്പെട്ടതാണ്.
വീടിനു സമീപത്തെ റോഡിലൂടെ വന്ന ഓട്ടോറിക്ഷയിൽ കയറി മുക്കൂട്ടുതറ കവലയിലും തുടർന്ന് സ്വകാര്യ ബസിൽ എരുമേലി ബസ് സ്റ്റാൻഡിലും എത്തിയതായാണ് സാക്ഷിമൊഴികൾ. പിന്നീട് ജെസ്ന എവിടേക്കു പോയി എന്നത് ആർക്കും അറിയില്ല.
ജെസ്ന വീട്ടിൽനിന്നു പോകുന്പോൾ ഒരു ചെറിയ തോൾസഞ്ചി മാത്രമാണുണ്ടായിരുന്നത്. ഫോണ്‍ കൈവശമുണ്ടായിരുന്നില്ല. അധികം പണവും കൈയിലില്ല. ആറു മാസം മുൻപാണ് പത്തനംതിട്ട എസ്പിയായി ചുമതലയേറ്റശേഷം കെ. ജി. സൈമണ്‍ അന്വേഷണ ചുമതലയിലെത്തിയത്.
മുണ്ടക്കയം ബസ് സ്റ്റാൻഡിൽ അന്നു രാവിലെ 11ന് ജെസ്നയോടു സാമ്യമുള്ള യുവതിയെ നഗരത്തിലെ സിസിടിവി കാമറയിൽ കണ്ടെങ്കിലും അത് ജെസ്നയല്ലെന്ന് തീർച്ചയാക്കിയിരുന്നു. മൂന്നു വർഷമായി ജെസ്നയ്ക്കായുള്ള തെരച്ചിൽ കേരളത്തിലും പുറത്തും തുടരുകയാണ്.
കാണാതായ ദിവസം ജയിംസ് നൽകിയ പരാതിയിൽ വെച്ചൂച്ചിറ പോലീസും പീന്നീട് ക്രൈം ബ്രാഞ്ചും കേരളത്തിലും പുറത്തും അന്വേഷണം നടത്തിവരികയാണ്. ജയിംസിന്റെ പരാതിയെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപി ലോക്നാഥ് ബഹ്റയും കേസ് അന്വേഷണത്തിൽ നേരിട്ട് നിർദേശങ്ങൾ നൽകിയിരുന്നു.