കോട്ടയം: കോവിഡ് മാന്ദ്യം മാറാത്ത സാന്പത്തിക പശ്ചാത്തലത്തിൽ സ്വകാര്യ ബസുകൾ നഷ്ടം സഹിച്ച് സർവീസ് നടത്താൻ റോഡിലിറങ്ങുന്നു.
ജി ഫോം നൽകി കഴിഞ്ഞ മാസങ്ങളിൽ സർവീസ് നിറുത്തി വച്ച ബസുകൾ റോഡ് നികുതി അടച്ച് അറ്റകുറ്റപ്പണികൾ തീർത്തുവേണം പുതുവർഷത്തിൽ നിരത്തിലിറങ്ങാൻ.
റോഡ് ടാക്സിന് ഇളവു ലഭിച്ചിട്ടുണ്ടെങ്കിലും മാർച്ച് വരെ 15,000 രൂപ അടയ്ക്കേണ്ടിവരും. ഇതിനിടെ ഒരു വർഷം 75,000 രൂപ ഇൻഷ്വറൻസും കെട്ടണം. ജില്ലയിലെ ആയിരം സ്വകാര്യ ബസുകളിൽ പകുതിയോളം ബസുകളും കോവിഡ് മാന്ദ്യത്തെത്തുടർന്ന് ഓട്ടം നിറുത്തിയിരുന്നു.
ബാറ്ററി, ബ്രേക്ക്, ഓയിൽ, ടയർ ഉൾപ്പെടെ സർവീസിംഗ് നടത്തി ഫിറ്റ്നസോടെ വേണം സർവീസ് തുടങ്ങാൻ. ഇനി ബസുകൾ ഓടാതെ കിടന്നാൽ ബസുകൾ തുരുന്പെടുത്ത് നശിക്കുന്ന നിലയിലെത്തും.
അതിനിടെ എല്ലാ ഫാസ്റ്റ്, ലിമിറ്റഡ് സ്റ്റോപ്പ് പെർമിറ്റുകൾ റദ്ദുചെയ്ത് എല്ലാ സ്വകാര്യ ബസുകളും ഓർഡിനറിയായി മാറ്റിയതോടെ വരുമാനത്തിൽ കുറവുണ്ടാകും.
ഇന്ധനച്ചെലവിനും ജീവനക്കാരുടെ വേതനത്തിനുമുള്ള വരുമാനം ലഭിക്കാത്ത സാഹചര്യത്തിൽ ഭീമമായ തുക സ്വന്തമായി മുടക്കി വേണം അടവുകളും അറ്റകുറ്റപ്പണികളും തീർത്ത് ബസുകൾ റോഡിലിറക്കാൻ.