മൂവാറ്റുപുഴ: പാറക്കുളത്തില്‍ സാമൂഹ്യവിരുദ്ധര്‍ വിഷം കലര്‍ത്തിയതിനെത്തുടര്‍ന്ന് 200ഓളം മീനുകള്‍ ചത്തുപൊങ്ങിയതായി പരാതി. ആരക്കുഴ മേമടങ്ങ് മേമന പടിഞ്ഞാറേക്കുന്നേല്‍ ഏബ്രഹാമാണ് ഇതുസംബന്ധിച്ച് മൂവാറ്റുപുഴ പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.
അക്വാകള്‍ച്ചര്‍ ലൈസന്‍സുള്ള മീന്‍ വളര്‍ത്തല്‍ നടത്തുന്ന ഏബ്രഹാം കഴിഞ്ഞ 26ന് പാറക്കുളത്തില്‍ എത്തിയപ്പോഴാണ് മീനുകള്‍ ചത്തുകിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്.
ഏബ്രഹാമിന്റെ ഉടമസ്ഥതയിലുള്ള പാറക്കുളത്തില്‍ കൃഷിയുടെ ഭാഗമായി നാളുകളായി മീന്‍ വളര്ത്തില് തുടങ്ങിയിട്ട്.
അക്വാകള്‍ച്ചർ വകുപ്പില്‍നിന്നു വിലകൊടുത്ത് വാങ്ങിയ ഗിഫ്റ്റ് തിലാപ്പിയ ഇനത്തില്‍പ്പെട്ടതും ഗൗര ഇനത്തില്‍പ്പെട്ടതുമായ മീനുകളുമാണ് പാറക്കുളത്തില്‍ വളര്‍ത്തിയിരുന്നത്.
മീനുകള്‍ ചത്തതോടെ രണ്ട് ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായി ഏബ്രഹാം പറയുന്നു. ഇതിനിടെ 27ന് വൈകുന്നേരം 6.30ഓടെ താന്‍ പാറക്കുളത്തില്‍ എത്തിയപ്പോള്‍ രണ്ടുപേര്‍ കുളത്തില്‍ അതിക്രമിച്ച് കയറി മീനുകളെ പിടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു.
തുടര്‍ന്ന് അവരെ തടയാന്‍ ശ്രമിച്ചെങ്കിലും തന്നെ ബലമായി തള്ളിയിട്ടശേഷം ഓടിരക്ഷപ്പെടുകയായിരുന്നുവെന്നും ഏബ്രഹാം പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നുണ്ട്.