കോട്ടയം: അസമയത്ത് സെൻട്രൽ ജംഗ്ഷനിൽ കണ്ടയാളെ പോലീസ് ചോദ്യം ചെയ്തപ്പോൾ പിടിയിലായത് മോഷണക്കേസിലെ പ്രതി.
ആശുപത്രികളിലെത്തുന്ന രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും ബാഗും മറ്റു സാമഗ്രികളും മോഷ്ടിച്ച കേസിലെ പ്രതിയേയാണ് കണ്ട്രോൾ റൂം പോലീസ് സംഘം പിടികൂടിയത്.
കോഴിക്കോട് സ്വദേശിയായ അഫ്സലി(55)നെ റിമാൻഡ് ചെയ്തു. പരിശോധനയിൽ ഇയാളുടെ കയ്യിൽ നിന്നും ബാഗും 3000 രൂപയും പിടിച്ചെടുത്തു.
ജില്ലാ ജനറൽ ആശുപത്രിയിലെ പത്താം വാർഡിൽ ചികിത്സ തേടിയിരുന്ന തിരുവല്ല സ്വദേശിയായ മറിയാമ്മ എന്ന വീട്ടമ്മയുടെ ബാഗാണ് ഇയാൾ ആശുപത്രിയിൽനിന്നും മോഷ്ടിച്ചെടുത്തത്.
ഇന്നലെ പുലർച്ചെ രണ്ടരയോടെയാണ് ഇയാൾ ആശുപത്രിയിൽനിന്നും ബാഗും പണവും മോഷ്ടിച്ചു രക്ഷപ്പെട്ടത്.
പോലീസ് സംഘം ഇയാളെ പിടികൂടുകയായിരുന്നു. ഇയാൾ നിരവധി മോഷണക്കേസുകളിൽ പ്രതിയാണെന്നു പോലീസ് പറഞ്ഞു. ഇന്നലെ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്പെക്ടർ എം.ജെ അരുണിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
കണ്ട്രോൾ റൂം വാഹനത്തിലെ ഉദ്യോഗസ്ഥരായ എഎസ്ഐ ഐ. സജികുമാർ, സിവിൽ പോലീസ് ഓഫീസർ ജെനിൻ, സിവിൽ പോലീസ് ഓഫീസർ സുധീഷ് എന്നിവർ ചേർന്നാണു പ്രതികളെ പിടികൂടിയത്.