കുമരകം: വിനോദ സഞ്ചാരികളുടെ പുതുവത്സരാഘോഷത്തിനു കോവിഡ് നിയന്ത്രണത്തിനൊപ്പം കാലവസ്ഥയും ‘പണി’കൊടുത്തു.
കുമരകത്ത് ഇക്കുറി ഹോട്ടലുകളും റിസോർട്ടുകളും ബുക്ക് ചെയ്തു പുതുവത്സരാഘോഷത്തിന് നിരവധി വിനോദസഞ്ചാരികളാണ് എത്തിയത്.
2020ന്റെ അവസാന അസ്തമയം കാണുന്നതിനായി കുമരത്ത് വിവിധ വ്യൂ പോയിന്റുകളിൽ ഇന്നലെ വൈകുന്നേരം ആകാംക്ഷയോടെ വിനോദ സഞ്ചാരികളും നാട്ടുകാരും തന്പടിച്ചിരുന്നു.
എന്നാൽ അപ്രതീക്ഷിതമായി ഇന്നലെ വൈകുന്നേരം പെയ്ത മഴയും കാറ്റും അതിനു തിരിച്ചടിയായി.
മൂടിക്കെട്ടിയ ആകാശവും കാർമേഘവും സൂര്യനെ മറച്ചതാണ് പ്രതീക്ഷകൾ അസ്തമിക്കാൻ കാരണം. കുമരകത്തെ റിസോർട്ടുകളും ഹോട്ടലുകളും പൂർണമായി ബുക്ക് ചെയ്തെത്തിയ വിനോദ സഞ്ചാരികൾക്കായി ഒരുക്കിയ സജ്ജീകരണങ്ങൾ വേണ്ട വിധം ഉപയോഗിക്കാനായില്ല.
ഹൗസ്ബോട്ടുകളിലും ശിക്കാര വള്ളങ്ങളിലും കായലിന്റെ കിഴക്കേ തീരത്ത് കാത്തിരുന്നവർക്കും നിരാശരാകേണ്ടി വന്നു. സാധാരണ പുതുവത്സര രാത്രിയിൽ പുലർച്ചെവരെ നീളുന്ന പുതുവർഷ പരിപാടികളും ഇത്തവണ നടത്താനായില്ല.
കോവിഡ് പ്രതിസന്ധികൾക്കിടയിലും കുമരകത്ത് എല്ലാ ഹോട്ടലുകളും ഹൗസ്ഫുള്ളായിരുന്നു. വിമാന സർവീസുകൾ ഇല്ലാത്തതിനാൽ ഇത്തവണ വിദേശികൾ എത്തിയിരുന്നില്ല. 50 ശതമാനത്തോളം വിനോദസഞ്ചാരികൾ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്.