സ്വന്തം ലേഖകന്‍
കൊച്ചി: ഡോളര്‍ കടത്ത് കേസില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നു. ഡോളര്‍ അടങ്ങിയ ബാഗ് പ്രതികള്‍ക്കു കൈമാറിയെന്ന ഗുരുതരമൊഴി സ്പീക്കര്ക്കെതിരേയുണ്ട്.
സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്നയും സരിത്തുമാണ് ഡോളര്‍ അടങ്ങിയ ബാഗ് കോണ്‍സുലേറ്റ് ഓഫീസില്‍ എത്തിക്കാന്‍ സ്പീക്കര്‍ ആവശ്യപ്പെട്ടുവെന്നു മൊഴിനല്‍കിയിട്ടുള്ളത്.
ഇരുവരും മജിസ്ട്രേറ്റിനും കസ്റ്റംസിനും നല്കിയ മൊഴിയില്‍ സ്പീക്കര്‍ക്കെതിരേ ഗുരുതര ആരോപണങ്ങളാണുള്ളത്. അടുത്ത ആഴ്ച നോട്ടീസ് നല്കി സ്പീക്കറെ കൊച്ചിയിലേക്ക് വിളിച്ചുവരുത്താനാണ് കസ്റ്റംസ് നീക്കം.
എന്നാല്‍ സ്വര്‍ണക്കടത്ത് പ്രതികളുമായി ചേര്‍ത്തു തനിക്കെതിരേ ആരോപണം ഉയര്‍ന്ന സമയത്തു തന്നെ ഇതിനെതിരേ സ്പീക്കര്‍ രംഗത്തു വന്നിരുന്നു.
ഒരുതരത്തിലും സ്വര്‍ണക്കടത്തില്‍ പങ്കാളിയാകുകയോ പ്രതികളെ സഹായിക്കുകയോ ചെയ്തിട്ടില്ലെന്നും അദേഹം വ്യക്തമാക്കിയിട്ടുണ്ട്. സ്വപ്ന സുരേഷിനെ അറിയാം അവരുമായി സൗഹൃദം ഉണ്ട്.
പക്ഷെ ഞെട്ടിക്കുന്ന പശ്ചാത്തലം അറിഞ്ഞ ശേഷം അവരുമായി ഒരു ബന്ധവും സ്ഥാപിച്ചിട്ടില്ലെന്നും സ്പീക്കര്‍ വിശദീകരിച്ചു. അവരുടെ പശ്ചാത്തലം അറിയേണ്ടതായിരുന്നു. അതില്‍ ചെറിയ പിശക് പറ്റിയെന്നും പി. ശ്രീരാമകൃഷ്ണന് പറഞ്ഞു.
വിമര്‍ശനത്തിന് വിധേയനാകാന്‍ പാടില്ലാത്ത വിശുദ്ധപശു ആണെന്ന അഭിപ്രായമൊന്നും ഇല്ല. എന്നാല്‍ ഊഹാപോഹം വെച്ചു ഭരണഘടനാ സ്ഥാപനങ്ങളെ കടന്നാക്രമിക്കുന്നത് ജനാധിപത്യത്തിന് ഭൂഷണം അല്ലെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് പറഞ്ഞിരുന്നു.
സ്വര്‍ണക്കടത്ത് കേസില്‍ വിദേശബന്ധവും ഡോളര്‍ ബന്ധവും അന്വേഷിക്കുന്ന അവസരത്തിലാണ് കസ്റ്റംസ് സ്പീക്കറുമായിട്ടുള്ള ബന്ധവും അന്വേഷിക്കുന്നത്.
പ്രതികള്‍ നല്കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രമാണ് കസ്റ്റംസിന്റെ അന്വേഷണം സ്പീക്കറിലേക്കും നീളുന്നത്. മറ്റൊരു തെളിവും ഇതുവരെ കണ്ടെത്താന്‍ കസ്റ്റംസിനും കഴിഞ്ഞിട്ടില്ല.
ഇതേ സമയം സ്പീക്കറെ ചോദ്യം ചെയ്യാന്‍ കസ്റ്റംസ് ഒരുങ്ങുന്നുവെന്ന വാര്‍ത്ത ഞെട്ടിക്കുന്നതാണെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്.
പറഞ്ഞു. അങ്ങനെയെങ്കില്‍ പദവിയില്‍ തുടരാന്‍ അദേഹത്തിന് അര്‍ഹതയില്ല. ഇപ്പോള്‍ സംഭവിച്ച എല്ലാ കാര്യത്തിലും സ്പീക്കര്‍ ഉത്തരം പറയേണ്ടിവരുമെന്നും സുരേന്ദ്രൻ വ്യക്തമാക്കി.