ഗാന്ധിനഗർ: മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കുവാൻ വ്യാജരേഖയുണ്ടാക്കിയ സംഭവത്തിൽ ജീവനക്കാരൻ ആശുപത്രി അധികൃതർക്ക് പരാതി നൽകും.
വ്യാഴാഴ്ച രാത്രി 10നു കോട്ടയം മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിലായിരുന്നു സംഭവം. കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനതിർത്തിയിൽ ഒരാൾ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
നടപടി ക്രമങ്ങൾക്കുശേഷം പോലീസിന്റെ നേതൃത്വത്തിൽ മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിക്കുന്നതിനായി കൊണ്ടുവന്നു. മൃതദേഹം മോർച്ചറിയിൽ വയ്ക്കുന്ന 117 കൗണ്ടറിലെത്തിയ പോലീസ് മൃതദേഹം സൂക്ഷിക്കുന്നത് സംബന്ധിച്ചുള്ള രേഖ ജീവനക്കാരനു കൈമാറി.
പോലീസിനെ മടക്കി അയക്കുന്നു
കോവിഡ് മരണങ്ങൾ കൂടുതലായതിനാൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവർ മരണപ്പെടുകയോ ഏറ്റുമാനൂർ, ഗാന്ധിനഗർ സ്റ്റേഷനുകളിൽനിന്നു കൊണ്ടുവരുന്ന മൃതദേഹങ്ങളുമേ മോർച്ചറിയിൽ
സൂക്ഷിക്കുവാനേ ആശുപത്രി മേലധികാരികൾ നിർദ്ദേശം തന്നിട്ടുള്ളുവെന്നും മറ്റു പോലീസ് സ്റ്റേഷനുകളിൽനിന്നോ ജില്ലയ്ക്കു വെളിയിൽനിന്നോ മൃതദേഹം കൊണ്ടുവന്നാൽ ഇവിടെ സൂക്ഷിക്കുവാൻ കഴിയില്ലെന്നും അതിനാൽ ആശുപത്രി അധികൃതരുടെ അനുമതി വാങ്ങണമെന്നും ജീവനക്കാരൻ പറഞ്ഞു.
ജീവനക്കാരൻ തന്നെ ആശുപത്രി അധികൃതരുമായി ബന്ധപ്പെട്ടു. മൃതദ്ദേഹം മെഡിക്കൽ കോളജിൽ സൂക്ഷിക്കുവാൻ പറ്റില്ലെന്നും കോട്ടയം ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ച ശേഷം കോവിഡ് പരിശോധനയ്ക്കുശേഷം പോസ്റ്റ്മോർട്ടം നടത്തുവാൻ കൊണ്ടുവന്നാൽ മതിയെന്ന് അധികൃതർ നിർദ്ദേശം നൽകി. ഈ വിവരം അറിഞ്ഞ് പോലീസ് അവിടെനിന്നു മടങ്ങി.
മൃതദേഹവുമായി അത്യാഹിത വിഭാഗത്തിൽ
കുറച്ചുനേരത്തിനുശേഷം മൃതദേഹവുമായി പോലീസ് അത്യാഹിത വിഭാഗത്തിലെത്തി ആശുപത്രിയിലേക്കു കൊണ്ടുവരുന്നതുവഴി മരണപ്പെട്ടതാണെന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെ ബോധ്യപ്പെടുത്തി.
മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുവരുന്നതുവഴി ആൾ മരണപ്പെട്ടാൽ മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിക്കണമെന്നാണു ചട്ടം. അതിലാണ് പോലീസ്, ഡ്യൂട്ടി ഡോക്ടറോട് ഇങ്ങനെ പറഞ്ഞ് രേഖയുണ്ടാക്കിയത്.
മെഡിക്കൽ ഓഫീസർ നടപടി ക്രമങ്ങൾ പൂർത്തികരിച്ചശേഷം മൃതദേഹം മോർച്ചറിയിലേക്കു മാറ്റുവാൻ ഡ്യൂട്ടി നഴ്സിന് നിർദ്ദേശം നൽകി.
വീണ്ടും മോർച്ചറിയിലേക്ക്
നഴ്സ്, വെസ്റ്റ് സ്റ്റേഷനിലെ ഒരു മൃതദേഹം മോർച്ചറിയിൽ വയ്ക്കുവാനുണ്ടെന്ന് ബന്ധപ്പെട്ട (117) വിഭാഗത്തിലെ ജീവനക്കാരനെ അറിയിച്ചു. ജീവനക്കാരൻ ഈ മൃതദേഹം അൽപ്പം മുന്പ് മോർച്ചറിയിൽ സൂക്ഷിക്കുവാൻ കൊണ്ടു വന്നിട്ട് മടക്കി അയച്ചതാണോയെന്ന് അന്വേഷിക്കുവാനായി അത്യാഹിത വിഭാഗത്തിലെത്തി.
അപ്പോഴാണ് ആദ്യം പോലീസ് കൊണ്ടുവന്ന മൃതദേഹമാണെന്നു മനസിലായത്. ഉടൻ തന്നെ ജീവനക്കാരൻ ഡോക്ടറോട് വിവരം പറഞ്ഞു.
ക്ഷുഭിതനായ പോലീസും ജീവനക്കാരനും തമ്മിൽ വാക്ക് തർക്കമായി. വീണ്ടും ആശുപത്രി അധികൃതരുമായി ബന്ധപ്പെടുകയും മൃതദേഹത്തോട് അനാദരവ് കാണിക്കാതെ ജില്ലാ ആശുപത്രിയിൽ കൊണ്ടുപോകുവാൻ ആവശ്യപ്പെട്ടു.
മെഡിക്കൽ ഓഫീസർ ഉണ്ടാക്കിയ രേഖ റദ്ദ്ചെയ്തശേഷം മൃതദേഹം ജില്ലാ ആശുപത്രിയിലേക്കു കൊണ്ടുപോകുവാൻ നിർദേശിക്കുകയും പോലീസ് കൊണ്ടുപോകുകയും ചെയ്തു.
ബന്ധുക്കൾക്ക് കൈമാറി
ഇന്നലെ രാവിലെ കോവിഡ് പരിശോധന ഫലം ലഭിച്ചശേഷം മൃതദേഹം പോലീസ് നടപടി പൂർത്തികരിച്ച് ജില്ലാ ആശുപത്രിയിൽ തന്നെ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് കൈമാറുകയായിരുന്നു.