ആൾട്ടൺ ടവറിലെ വിനോദകേന്ദ്രം സന്ദർശിക്കാൻ വേണ്ടിയാണ് അഞ്ചു വയസുകാരൻ മകനുമൊത്ത് ആ വീട്ടമ്മ ചെന്നത്. ഇത്തിരി വണ്ണമുണ്ടെന്നു കരുതി വിനോദവും പരിപാടികളുമൊക്കെ വേണ്ടെന്നു വയ്ക്കാനാകുമോ?
148 കിലോ ഭാരമുള്ള അലിസൺ അങ്ങനെ മാറിനിൽക്കുന്ന ആളായിരുന്നില്ല. എന്നാൽ, ഒരിക്കൽ അവർ മാറ്റിനിർത്തപ്പെട്ടു. അതും വണ്ണത്തിന്റെ പേരിൽ. ആൾട്ടൺ ടവറിൽ രസകരമായ റൈഡ് ഉണ്ട്. സന്ദർശകർ മിക്കവരും അതിൽ കയറാതെ മടങ്ങാറില്ല.
പക്ഷേ, ആവേശത്തോടെ ചെന്ന ആലസണിനു മുന്നിൽ അവസരം നിഷേധിക്കപ്പെട്ടു. നോർഫോക്കിലെ ഹോൾട്ടിൽനിന്നുമുള്ള ആലിസണും അഞ്ചു വയസുകാരൻ മകൻ ആൻഗസും റൈഡിന് എത്തിയപ്പോൾ സുരക്ഷ ഉപകരണങ്ങളിലൊന്ന് ആലിസന്റെ വയറിനു പാകമാകുന്നില്ല. വണ്ണംകൂടുതലാണ്.
രക്ഷയില്ലെന്നു നടത്തിപ്പുകാർ പറഞ്ഞു. ഇതോടെ റൈഡിനുള്ള അവസരം നഷ്ടപ്പെട്ടു. കാര്യമൊന്നും മനസിലാകാത്ത മകൻ ഇതോടെ കരച്ചിലായി.ആലിസനെയും ഇതു വിഷമിപ്പിച്ചു. അതോടെ ചില മാറ്റങ്ങൾക്കു സമയമായെന്ന് അവർ തീരുമാനിച്ചു.
തെറ്റായ ഭക്ഷണശീലങ്ങളായിരുന്നു ഈ അമിതവണ്ണത്തിനു പ്രധാന കാരണം. ആദ്യം ജോലിയുടെ ഭാഗമായുള്ള സമ്മർദം വർധിച്ചതോടെ സ്ട്രെസ് -ഈറ്റ് ആരംഭിച്ചു. 2016ൽ വിവാഹമോചനം നേടിയതോടെ ഭക്ഷണശീലം പിന്നെയും മോശമായി.
വസ്ത്രം ധരിക്കുന്പേൾ എന്റേത് വളരെ മോശം രൂപമാണെന്നു തോന്നിത്തുടങ്ങി. ഞാൻ എന്നെത്തന്നെ വെറുക്കാനും തുടങ്ങി. വണ്ണം കുറയ്ക്കാൻ ആദ്യം ഗാസ്ട്രിക് ബൈപാസ് സർജറിക്കാണ് തയാറെടുത്തത്. പക്ഷേ, അത് ഒരു പരിഹാരമാകുമെന്നുള്ള പ്രതീക്ഷയൊന്നുമുണ്ടായിരുന്നില്ല.
അങ്ങനെ അവസാനം പ്രാദേശികമായുള്ള ഒരു സ്ലിമ്മിംഗ് വേൾഡ് ഗ്രൂപ്പിൽ ചേർന്നു. വ്യായാമങ്ങളും മറ്റും തുടങ്ങി. തെറ്റായ ആഹാര ശീലങ്ങൾ ഒഴിവാക്കി.
വിസ്മയിപ്പിക്കുന്നതായിരുന്നു ഫലം. ഒരാഴ്ചകൊണ്ടുതന്നെ ആറു കിലോഗ്രാം ഭാരം കുറയ്ക്കാൻ കഴിഞ്ഞു. വിശ്വസിക്കാനാവില്ല 148ൽനിന്ന് 68ൽ എത്തി ഈ വീട്ടമ്മ ശരിക്കും സ്ലിം ആയിരിക്കുന്നു. ഈ അമ്മയിപ്പോൾ ഇഷ്ടപ്പെട്ട ആഹാരം വീട്ടിലുണ്ടാക്കുന്നു.
അതിനൊപ്പം വ്യായാമത്തെ ഇഷ്ടപ്പെടുകയും ചെയ്യുന്നു. ആർക്കും അനുകരിക്കാൻ കഴിയുന്ന മാതൃക, പക്ഷേ, ആലിസണിനെപ്പോലെ മനസും നിശ്ചയദാർഢ്യവും വേണം.