നാം ദിവസവും അകത്താക്കുന്ന ഉപ്പിന്റെ അളവ് ഏറെ കൂടുതലാണ്. 15 മുതൽ 20 ഗ്രാം വരെ ഉപ്പാണ് ദിവസവും നമ്മളിൽ പലരുടെയും ശരീരത്തിലെത്തുന്നത്.
ബേക്കറി വിഭവങ്ങൾ, അച്ചാറുകൾ, വറുത്ത വിഭവങ്ങൾ എന്നിവ പതിവായും അമിതമായും കഴിക്കുന്നതിലൂടെയാണ് ഉപ്പ് ഉയർന്ന അളവിൽ ശരീരത്തിലെത്തുന്നത്.
പ്രോസസ്ഡ് ഫുഡ്സിൽ(സംസ്കരിച്ചു പായ്ക്ക് ചെയ്ത) ഉപ്പ് ധാരാളമായി അടങ്ങിയിരിക്കുന്നു. ചിപ്സ്, പപ്പടം എന്നിവയിൽ നിന്നെല്ലാം ധാരാളം ഉപ്പ് ശരീരത്തിനു കിട്ടുന്നുണ്ട്. മിക്കപ്പോഴും കറികളിലും ഉപ്പിന്റെ തോതു കൂടുതലായിരിക്കും.
ദിവസം ഒരാൾക്ക് അഞ്ച് ഗ്രാം ഉപ്പ്
ലോകാരോഗ്യസംഘടന പറയുന്നതു പ്രകാരം ഒരു ടീ സ്പൂണ് ഉപ്പുമാത്രമാണ് ഒരാൾക്കു ദിവസം ആവശ്യമുള്ളത്. അതായത് അഞ്ച് ഗ്രാം. ഒരു സ്പൂണ് ഉപ്പിൽ നിന്ന് 2.3 ഗ്രാം സോഡിയം ശരീരത്തിനു ലഭ്യമാകും. ഒരു വയസുള്ള കുട്ടിക്ക് ദിവസം ഒരു ഗ്രാം ഉപ്പു മതി.
2- 3 വയസാകുന്പോൾ രണ്ടു ഗ്രാം ഉപ്പ്. 6-7 വയസാകുന്പോൾ മൂന്നു ഗ്രാം ഉപ്പ്. കൗമാരപ്രായം മുതൽ അഞ്ചുഗ്രാം ഉപ്പ്. നന്നായി അദ്ധ്വാനിച്ചു വിയർക്കുന്നവർക്കുപോലും ദിവസവും ആറു ഗ്രാമിൽ താഴെ ഉപ്പു മതി.
അത് ലറ്റുകൾ, കായികതാരങ്ങൾ എന്നിവർക്ക് ഉപ്പ് കുറച്ചുകൂടി ആകാം; അവർ ധാരാളം വിയർക്കുന്നവരാണ്.
ബിപി കൂടും, കാൽസ്യം നഷ്ടമാകും
രക്തസമ്മർദവും(ബിപിയും) ഉപ്പുമായി ഏറെ ബന്ധമുണ്ട്. ഉപ്പ് കഴിച്ചാൽ രക്തസമ്മർദം പെട്ടെന്നു കൂടും. ഉപ്പ് കൂടുതൽ കഴിച്ചാൽ ശരീരത്തിൽ നിന്ന് കാൽസ്യം കൂടുതൽ അളവിൽ നഷ്ടമാകും.
സോഡിയം വേണം, പക്ഷേ…
സോഡിയം ശരീരത്തിന് അവശ്യം വേണ്ട ധാതുവാണ്. ഉപ്പിലൂടെയാണ് സോഡിയം മുഖ്യമായും ശരീരത്തിലെത്തുന്നത്. എല്ലാ ഭക്ഷ്യവസ്തുക്കളിലും സോഡിയമുണ്ട്. പലപ്പോഴും നാം കഴിക്കുന്ന പല മരുന്നുകളിലും സോഡിയമുണ്ട്.
സോയാസോസിലും സോഡിയം കൂടുതൽ
അജിനോമോട്ടോ, സോയാസോസ്, ടൊമാറ്റോ സോസ് എന്നിവയിലൊക്കെ സോഡിയം അടങ്ങിയിട്ടുണ്ട്. കാൻഡ്ഫുഡ്, പ്രോസസ്ഡ് ഫുഡ്, പായ്ക്ക്ഡ് ഫുഡ് എന്നിവയിലൊക്കെ സോഡിയം ധാരാളം.
ഇതിലൂടെയെല്ലം ശരീരത്തിൽ ധാരാളം സോഡിയം എത്തുന്നുണ്ട്. സോയാസോസിൽ ഉപ്പ് ധാരാളമുണ്ട്. അതിനും പുറമേയാണ് കറികളിൽ അമിതമായി ചേർക്കുന്ന ഉപ്പിലൂടെ എത്തുന്ന സോഡിയത്തിന്റെ തോത്.
ബിപി കൂട്ടുന്ന സോഡിയം
ശരീരത്തിലെത്തുന്ന സോഡിയത്തിന്റെ തോത് ബാലൻസ് ചെയ്യുന്നതു പൊട്ടാസ്യമാണ്. പൊട്ടാസ്യം കിട്ടുന്നതു പച്ചക്കറികളിൽ നിന്നും പഴവർഗങ്ങളിൽ നിന്നുമാണ്. മിക്ക പച്ചക്കറികളിലും സോഡിയവും പൊട്ടാസ്യവും അടങ്ങിയിട്ടുണ്ട്.
പച്ചക്കറികൾ ഒഴിവാക്കി പ്രോസസ്ഡ് ഫുഡ്സ് ശീലമാക്കുന്നവരാണ് നമ്മളിൽ പലരും. പച്ചക്കറികൾ കഴിക്കാത്തവർ ഉപ്പ് കൂടുതലായി കഴിക്കുന്പോൾ ശരീരത്തിൽ സോഡിയത്തിന്റെ അളവു ക്രമാതീതമായി കൂടുന്നു.
സോഡിയം ശരീരത്തിൽ വെള്ളം പിടിച്ചുനിർത്തും. അതായത് രക്തത്തിലെ വെള്ളത്തിന്റെ അളവു കൂടും. രക്തത്തിന്റെ വ്യാപ്തം കൂടും. അപ്പോൾ രക്തസമ്മർദം(ബിപി) കൂടും.
ശീലമാണ് പലതും!
പലപ്പോഴും ഉയർന്ന അളവിൽ ഉപ്പ് നാം ശീലിക്കുന്നതാണ്. ചോറിനൊപ്പം ഉപ്പ്, ചോറു വാർക്കുന്പോൾ ഉപ്പ്… എന്നിങ്ങനെ ഉപ്പിന്റെ ഉപയോഗം വർഷങ്ങളായി പലരും ശീലിക്കുന്നതാണ്.
ചിപ്സ്, കോണ്ഫ്ളേക്സ് തുടങ്ങിയവയിലും ഉപ്പ് ധാരാളം. അച്ചാറിലും മറ്റും പ്രിസർവേറ്റീവ് ആയും ധാരാളം ഉപ്പ് ചേർക്കുന്നുണ്ട്.