തലശേരി: തലശേരി സബ് കളക്ടർ അനുകുമാരി ഐഎഎസിന്റെ നേതൃത്വത്തിൽ റവന്യൂ വകുപ്പ് നടത്തിയ മിന്നൽ റെയ്ഡിൽ അനധികൃതമായി കല്ല് കയറ്റി പോകുകയായിരുന്ന പത്തൊമ്പത് ലോറികൾ പിടിച്ചെടുത്തു.
ഇന്ന് പുലർച്ചെ അഞ്ചിന് ആരംഭിച്ച റെയ്ഡ് 10 വരെ നീണ്ടു നിന്നു. ദേശീയ പാതയിൽ കൊടുവള്ളി കേന്ദ്രീകരിച്ച് സബ് കളക്ടർ നേരിട്ടാണ് റെയ്ഡിന് നേതൃത്വം നൽകിയത്.
സബ് കളക്ടറുടെ മിന്നൽ നീക്കത്തിൽ അർദ്ധ രാത്രി മുതൽ ക്വാറികളിൽ നിന്നും ചെങ്കല്ലുകൾ കല്ലുകൾ കയറ്റി പുലർച്ചെ ലക്ഷ്യ സ്ഥാനത്തേക്ക് കുതിക്കുകയായിരുന്ന ലോറികൾ വലയിലാക്കുകയായിരുന്നു.
സബ് കളക്ടർ ഓഫീസിലെ ജൂണിയർ സൂപ്രണ്ട് ദിലീപ് കിനാത്തി, സീനിയർ ക്ലർക്കുമാരായ റിയേഷ് കുമാർ, സുജികുമാർ, ജിജു, ജൂനിയർ ക്ലർക്കുമാരായ സഞ്ജീവ് ശങ്കർ, രാജേഷ് എന്നിവരും റെയ്ഡിൽ പങ്കെടുത്തു.
അപ്രതീക്ഷിതമായി ദേശീയ പാതയിൽ സബ് കളക്ടർ തന്റെ ഓഫീസിലെ ഉദ്യാഗസ്ഥരങ്ങിയ പ്രത്യാക ടീമിനെ സജ്ജമാക്കിയാണ് പരിശോധനക്കെത്തിയത്.
സാധാരണ റെയ്ഡിൽ പങ്കെടുക്കാറുള്ള ജിയോളജി വകുപ്പ് ഉദ്യോഗസ്ഥരെ പോലും പങ്കെടുപ്പിക്കാതെയായിരുന്നു സബ് കളക്ടറുടെ മിന്നൽ നീക്കം.
പിടികൂടിയ വാഹനങ്ങൾ പോലീസ് കാവലിൽ യാർഡിലേക്ക് മാറ്റി. എസ്ഐ നജീബ്, എഎസ്ഐ സജിത്ത് എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സംഘവും സ്ഥലത്തെത്തിയിരുന്നു.