തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നയൻതാര. സത്യൻ അന്തിക്കാട് ചിത്രമായ മനസിനക്കരെയിലൂടെ വെള്ളിത്തിരയിൽ എത്തിയ നടി വളരെ പെട്ടെന്നുതന്നെ തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറി.
ഇതരഭാഷാ ചിത്രങ്ങളിൽ സജീവമായിരുന്നപ്പോഴും നയൻതാര മലയാളത്തിലും വന്നുപോയി.
ജയറാമിന്റെ നായികയായി അരങ്ങേറ്റം കുറിച്ച നയൻസിന്റെ രണ്ടാമത്തെ ചിത്രം വിസ്മയത്തുന്പത്ത് മോഹൻലാലിനോടൊപ്പമായിരുന്നു.
നയൻസിന്റെ രണ്ടാമത്തെ സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ ഒരു സംഭവം സംവിധായകൻ സത്യൻ അന്തിക്കാട് ഒരിക്കൽ വെളിപ്പെടുത്തിയിരുന്നു. ചിത്രീകരണത്തിനിടെ നയൻതാര തന്നെ ഫോണ് വിളിച്ച സംഭവമായിരുന്നു സംവിധായകൻ പങ്കുവച്ചത്.
നാലഞ്ചു ദിവസത്തെ ഷൂട്ടിംഗിനു ശേഷം ഒരു ദിവസം നയൻതാര എന്നെ വിളിച്ചു. ഷൂട്ടിംഗ് സ്ഥലത്ത് പൊതുവെ നല്ല അന്തരീക്ഷമാണ്. എല്ലാവരും വളരെ സ്നേഹത്തോടെയാണ് പെരുമാറുന്നത്.
എങ്കിലും എന്റെ അഭിനയത്തിൽ ഫാസിൽ സർ തൃപ്തനല്ല എന്നൊരു തോന്നൽ. ഫാസിൽ അങ്ങനെ പറഞ്ഞോ, എന്നു ഞാൻ ചോദിച്ചു. പറഞ്ഞില്ല, മട്ടും ഭാവവും കണ്ടിട്ട് അങ്ങനെയൊരു സംശയം.
ഞാനപ്പോൾ ചിന്തിച്ചത് ഫാസിലിനെപ്പറ്റിയാണ്. ചില കഥാപാത്രങ്ങൾ ചിലർ അഭിനയിച്ചുതുടങ്ങുന്പോൾ ഇങ്ങനെയല്ല വേണ്ടത് എന്നു തോന്നാറുണ്ട്. ഒന്നുരണ്ടു സിനിമകളിൽ ഈ കാരണംകൊണ്ട് ഞാൻപോലും നായികമാരെ മാറ്റിയിട്ടുണ്ട്.
ഗോളാന്തരവാർത്തയിൽ ശോഭനയ്ക്കു പകരം മറ്റൊരു നടിയായിരുന്നു. വിനോദയാത്രയിലും വേറൊരു നടിയെ പരീക്ഷിച്ചു നോക്കിയതാണ്.
മീരാ ജാസ്മിൻ വന്നില്ലായിരുന്നെങ്കിൽ അന്നുതന്നെ ഷൂട്ടിംഗ് നിർത്തിവയ്ക്കേണ്ടി വരുമായിരുന്നു. പിൻമാറേണ്ടി വരികയാണെങ്കിൽ വിഷമമാകുമോ? എന്നു നയൻതാരയോട് ചോദിച്ചു. ഒരു വിഷമവുമില്ല. എന്നെയോർത്ത് മറ്റുള്ളവർ വിഷമിക്കരുതെന്നേയുള്ളൂ.
തെളിഞ്ഞ മനസോടെയുള്ള മറുപടി. എങ്കിൽ അക്കാര്യം ഫാസിലിനോട് നേരിട്ട് പറയൂ എന്ന് ഞാൻ പറഞ്ഞു. ഒരു മടിയുമില്ലാതെ അന്നുതന്നെ അവരത് പറയുകയും ചെയ്തു.
പിന്നെ നയൻതാരയുടെ ഫോണിൽനിന്ന് എന്നെ വിളിക്കുന്നത് ഫാസിൽ തന്നെയാണ്. ചിരിച്ചുകൊണ്ട് ഫാസിൽ പറഞ്ഞു. ഞാൻ പ്രതീക്ഷിച്ചതിലും നന്നായിട്ടാണ് ഈ കുട്ടി അഭിനയിക്കുന്നത്.
എന്തു നിഷ്ക്കളങ്കമായ നോട്ടമാണ്. കഥാപാത്രത്തിന്റെ പേടിയും വിഹ്വലതകളുമൊക്കെ എത്ര അനായാസമായാണ് മുഖത്ത് പ്രതിഫലിക്കുന്നത്. ഞാനത് പറഞ്ഞിരുന്നില്ല എന്നേയുള്ളൂ. നയൻതാര ഹാപ്പിയായി.
ഞാൻ പറഞ്ഞു, ഓരോ സംവിധായകർക്കും ഓരോ രീതിയുണ്ട്. മനസിനക്കരയിൽ ഓരോ ഷോട്ട് കഴിയുന്പോഴും ഞാനും ജയറാമുമൊക്കെ കൈയടിച്ച് പ്രോത്സാഹിപ്പിക്കും. അത് ആദ്യസിനിമ ആയതുകൊണ്ടാണ്.
ഫാസിലിന്റെ സെറ്റിൽ നയൻതാര എത്തുന്നത് ഒരു പുതുമുഖമായിട്ടല്ല. ചെറിയ കാര്യമാണെങ്കിലും മനസിൽ അങ്ങനെയൊരു സംശയം തോന്നിയപ്പോൾ പക്വതയോടെ അതിനെ നേരിട്ട രീതി എനിക്കിഷ്ടമായി.
നയൻതാരയുടെ ജീവിതത്തിലുടനീളം ഈ സത്യസന്ധമായ സമീപനമുണ്ട്. അതു തന്നെയാണ് അവരെ ഉയരങ്ങളിലേക്ക് നയിക്കുന്നതും- സത്യൻ അന്തിക്കാട് അഭിമുഖത്തിൽ പറഞ്ഞു.
-പിജി