കോതമംഗലം: അടുക്കള ബജറ്റിനെ താളംതെറ്റിച്ച് ഭക്ഷ്യ എണ്ണകളുടെ വില വർധന. വെളിച്ചെണ്ണ, സണ്‍ ഫ്ളവർ ഓയിൽ, പാം ഓയിൽ തുടങ്ങി ഭക്ഷ്യ എണ്ണകൾക്കെല്ലാം വിലയിൽ വൻ വർധനയാണ് ഉണ്ടായിരിക്കുന്നത്.
ഒരു മാസത്തിനുള്ളിൽ വിവിധ ബ്രാൻഡുകളിലുള്ള വെളിച്ചെണ്ണ കിലോയ്ക്ക് 50 മുതൽ 70 രൂപ വരെ വർധന ഉണ്ടായി. 70-80 വിലയുണ്ടായിരുന്ന പാം ഓയിൽ, സണ്‍ ഫ്ളവർ ഓയിൽ എന്നിവയ്ക്ക് യഥാക്രമം 110 – 140 രൂപവരെ വില ഉയർന്നു.
കോവിഡ് മഹാമാരി സാധാരണ ജനങ്ങളുടെ സാന്പത്തിക സ്ഥിതി മോശമാക്കുകയും വരുമാന സ്രോതസുകളെല്ലാം തകർക്കുകയും ചെയ്ത സാഹചര്യത്തിൽ അവശ്യ വസ്തുവായ ഭക്ഷ്യ എണ്ണയുടെ വില വർധന പോക്കറ്റ് കാലിയാക്കും.
കോവിഡിന്റെ പശ്ചാത്തലത്തിൽ ഇറക്കുമതി കുറഞ്ഞതാണ് വില വർധനയ്ക്ക് കാരണമായി പറയപ്പെടുന്നത്.
ഭക്ഷ്യവസ്തുക്കളിൽ ഏറ്റവും അധികം മായം ഭക്ഷ്യ എണ്ണകളിൽ കലർത്തപ്പെടുന്നതും ദുരിതം വിതയ്ക്കുന്നതായി ആക്ഷേപമുയരുന്ന വേളയിലാണ് വില വർധന.
തേങ്ങ ഉത്പ്പാദനം കുറഞ്ഞതും വെളിച്ചെണ്ണയുടെ വില വർധയ്ക്ക് കാരണമായെന്ന് വ്യാപാരികൾ പറഞ്ഞു.
തേങ്ങയുടെ ലഭ്യത കുറവാണെങ്കിലും തേങ്ങയുടെ വില കുറയുകയാണ് ചെയ്തതെന്ന് കർഷകരും പറയുന്നു. ബ്രാൻഡഡ് കന്പനികളുടെ കിടമത്സരവും ഒത്തുകളിയും വിപണിക്ക് ഭീഷണിയാണ്.
ഇപ്പോഴത്തെ സാഹചര്യത്തിൽ ഹോട്ടലുകളും വാണിജ്യ ഭക്ഷ്യ ഉത്പാപാദകരും വിപണിയിൽ പിടിച്ചു നിൽക്കാൻ ക്ലേശിക്കുകയാണ്.
കോവിഡ് കാലം കണക്കിലെടുത്ത് ഉപഭോക്താക്കൾക്ക് ഗുണകരമാകുംവിധം ആശ്വാസ നടപടികൾ സ്വീകരിക്കാൻ അധികൃതർ തയാറാകണമെന്നാണ് ആവശ്യമുയർന്നിരിക്കുന്നത്.