എസ്എഫ്‌ഐ പ്രവര്‍ത്തനം അവസാനിപ്പിച്ച് നേരെ പോയത് ഹരിദ്വാറിലേക്ക് ! ഇന്ത്യ മുഴുവന്‍ ചുറ്റിയ ശേഷം നാട്ടിലെത്തി ലോ കോളജില്‍ ചേര്‍ന്നു; തന്നെ ആരാധിച്ച പെണ്‍കുട്ടിയെ ജീവിതപങ്കാളിയാക്കി; പനച്ചൂരാന്റെ അസാധാരണ കവിജന്മം ഇങ്ങനെ…

ജീവിതം വ്യത്യസ്ഥമായി ജീവിച്ചും ജീവിക്കാന്‍ ബാക്കിവച്ചുമാണ് അനില്‍ പനച്ചൂരാന്‍ വിടപറയുന്നത്. മരണം രംഗബോധമില്ലാത്ത കോമാളിയെപ്പോലെ വന്ന് പനച്ചൂരാനെ കൂട്ടിയപ്പോള്‍ മലയാളികള്‍ക്കാകെ ഉണ്ടായത് ഞെട്ടലും വേദനയും മാത്രം.

എസ്എഫ്‌ഐ ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗമായിരുന്ന പനച്ചൂരാന്‍ 1991ല്‍ രാഷ്ട്രീയം മടുത്തു നേരെ വണ്ടി കയറിയത് ഹരിദ്വാറിലേക്ക്. പിന്നീട് സന്യാസത്തിന്റെ നാളുകള്‍. കാവി വേഷത്തില്‍ ഇന്ത്യയിലെങ്ങും അലഞ്ഞു.

ഒടുവില്‍ അതും മടുത്ത് ജന്മനാട്ടില്‍ തിരിച്ചെത്തി തിരുവനന്തപുരം ലോ അക്കാദമിയില്‍ സായാഹ്ന ബാച്ചില്‍ ചേര്‍ന്നതായിരുന്നു ആദ്യത്തെ വിസ്മയം. കവിത കേട്ടു കണ്ണുനിറഞ്ഞ പെണ്ണിനെ കൈപിടിച്ചു ജീവിതത്തിലേക്കു കൂടെക്കൂട്ടിയതും ഏവരെയും വിസ്മയിപ്പിച്ചു.

മറ്റു കവികളെപ്പോലെ ആനുകാലികങ്ങളിലൂടെ വളര്‍ന്നു വന്ന കവിയായിരുന്നില്ല പനച്ചൂരാന്‍. കാസറ്റുകളിലൂടെയായിരുന്നു ആ കവിജന്മം പിറവിയെടുത്തത്. അഞ്ച് കവിതാ സമാഹാരങ്ങളും കസെറ്റിലൂടെ പ്രകാശിതമായി.

‘പ്രവാസിയുടെ പാട്ടു’മുതല്‍ ‘മഹാപ്രസ്ഥാനം’വരെയുള്ള സമാഹാരങ്ങളിലെ കവിതകള്‍ പനച്ചൂരാനെ കവിയരങ്ങുകളിലെ തീപ്പന്തമാക്കി. ഈ സമാഹാരത്തിലുള്ള ‘അനാഥന്‍’ എന്ന കവിത ‘മകള്‍ക്ക്’ എന്ന സിനിമയില്‍ സംവിധായകന്‍ ജയരാജ് ഉള്‍പ്പെടുത്താന്‍ തീരുമാനിക്കുന്നതോടെ പനച്ചൂരാന്റെ ജീവിതത്തില്‍ പുതിയൊരു ഏടായി അത് മാറി.

‘ഇടവമാസപ്പെരുമഴ പെയ്ത രാവില്‍’ എന്ന കവിത ആലപിച്ചത് കവി ബാലചന്ദ്രന്‍ ചുള്ളിക്കാടായിരുന്നു. ‘അറബിക്കഥ’യ്ക്കുവേണ്ടി പനച്ചൂരാനെക്കൊണ്ടു പാട്ടെഴുതിക്കാന്‍ സംവിധായകന്‍ ലാല്‍ജോസ് തീരുമാനിച്ചത് തിരക്കഥാകൃത്തുമായ എം. സിന്ധുരാജിന്റെ വാക്കുകളുടെ ബലത്തിലാണ്.

‘തിരികെ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായി ഗ്രാമം കൊതിക്കാറുണ്ടെന്നും’ എന്ന കവിത ബിജിബാലിന്റെ ഈണത്തില്‍ യേശുദാസ് പാടിയപ്പോള്‍ അനില്‍ പനച്ചൂരാന്‍ എന്ന സിനിമാ ഗാനരചയിതാവ് പിറന്നു.

‘അറബിക്കഥ’യ്ക്കുവേണ്ടി എഴുതിയ ഗാനങ്ങളും ‘ചോരവീണ മണ്ണില്‍നിന്നുയര്‍ന്നുവന്ന പൂമരം’ എന്ന കവിതയും ശ്രദ്ധേയമായി. ചിത്രം റിലീസ് ചെയ്യും മുന്‍പുതന്നെ കൈനിറയെ പടങ്ങള്‍.സിനിമയില്‍ അനില്‍ പനച്ചൂരാനായിത്തന്നെ കവി അഭിനയിക്കുകയും ചെയ്തു.

പിന്നെ നൂറിലേറെ ചിത്രങ്ങള്‍ക്കായി 150ലേറെ ഗാനങ്ങള്‍ ആ തൂലികയില്‍ വിരിഞ്ഞു. അവയെല്ലാം മലയാളികള്‍ ഹൃദയത്തിലേറ്റുകയും ചെയ്തു. മഹാകവികള്‍ പലര്‍ക്കും മലയാളക്കര ജന്മം നല്‍കിയിട്ടുണ്ടെങ്കിലും എല്ലാത്തരത്തിലും പെട്ട ആളുകളുടെ ഇഷ്ടം ഒരുപോലെ പിടിച്ചു പറ്റിയ അപൂര്‍വം കവികളിലൊരാളെയാണ് നമുക്ക് നഷ്ടമായിരിക്കുന്നത്.

Related posts

Leave a Comment