കാട്ടാക്കട: ഓൺലൈൻ റമ്മി കളിയുടെ ഇരയായി മാറി ഒടുവിൽ ആത്മഹത്യ ചെയ്ത വിനീതിന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കാൻ പോലീസ്. വിനീതിന്റെ കൂട്ടാളികളെ സംബന്ധിച്ചും ഇടപാടുകാരെ സംബന്ധിച്ചും അന്വേഷണം നടത്തും.
തലസ്ഥാനജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ ഓൺലൈൻ റമ്മികളിൽ വ്യാപരിക്കുന്നതായി ചില സൂചനകൾ പോലീസിന് കിട്ടിയിട്ടുണ്ട്.
വിനീതിന്റെ ഫോൺ പരിശോധന നടത്തി അതിൽ നിന്നും കൂടുതൽ വിശദാംശങ്ങൾ തേടാനാണ് നീക്കം. കടം കയറി കൂടുതൽ പേർ വിഷാദരോഗികളായി മാറിയിട്ടുണ്ടെന്നും സൂചന കിട്ടിയതോടെ ആ വഴിക്കും അന്വേഷണം വ്യാപിപ്പിക്കും.
കുറ്റിച്ചൽ ഗ്രാമപഞ്ചായത്തിലെ കുറ്റിച്ചൽ ടൗൺ വാർഡ് പഞ്ചായത്ത് അംഗം വേലായുധൻപിള്ളയുടെ മകൻ വിനീത് തൂങ്ങി മരിച്ചതിനു പിന്നിൽ ഓൺലൈൻ റമ്മി കളിയാണെന്ന് പോലീസിന് വിവരം ലഭിച്ചതോടെയാണ് ഈ നീക്കം .
തന്റെ 21 ലക്ഷം രൂപ നഷ്ടമായതിന്റെ വിഷമത്തിലാണ് വീടിന് സമീപത്തെ പറമ്പിൽ വിനീത് തൂങ്ങിമരിച്ചത്. ഡിസംബർ 31നാണ് വിനീതിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഓൺലൈൻ റമ്മിയിലൂടെ പണം പോകുകയും ലക്ഷങ്ങളുടെ കടക്കാരനാകുകയും ചെയ്തതോടെയാണ് യുവാവ് ജീവനൊടുക്കിയത്.
വിനീത് ഒരു വർഷമായി ഓൺലൈൻ റമ്മി കളിയുടെ അടിമയായിരുന്നു. റമ്മി കളിയിലൂടെ മാത്രം പല തവണയായി വിനീതിന് 21 ലക്ഷം രൂപയാണ് നഷ്ടമായത്. പല സ്വകാര്യ ലോൺ കമ്പനികളിൽ നിന്ന് അടക്കം കടമെടുത്താണ് വിനീത് ഓൺലൈനായി റമ്മി കളിച്ചത്.
എന്നാൽ ഇതിൽ പല കളികളിലും ഉള്ള പണം പോയതോടെ ലക്ഷക്കണക്കിന് രൂപയുടെ കടക്കാരനായി. ലോക്ക്ഡൗൺ കാലത്താണ് വിനീത് ഏറ്റവും കൂടുതൽ റമ്മി കളിച്ചിരുന്നത്. 21 ലക്ഷത്തോളം കടം വന്ന ശേഷമാണ് വിനീത് ഇക്കാര്യം വീട്ടുകാരെ അറിയിക്കുന്നത് തന്നെ.
തുടർന്ന് വീട്ടുകാർ ഇടപെട്ട് കുറച്ച് പണം അടയ്ക്കുകയും ചെയ്തു.നിൽക്കക്കള്ളിയില്ലാതെ വന്നതോടെ ഒരു മാസം മുമ്പ് വിനീത് വീട് വിട്ട് ഒളിച്ചോടിപ്പോയിരുന്നു. അന്ന് പോലീസാണ് വിനീതിനെ കോട്ടയത്തു നിന്നും കണ്ടെത്തി തിരികെ വീട്ടിലേക്ക് കൊണ്ടുവന്നത്.
തിരികെ വന്ന ശേഷവും വിനീത് വിഷാദത്തിന് അടിമയായിരുന്നുവെന്ന് വീട്ടുകാർ പറയുന്നു. വിനീതിന്റെ സുഹൃത്തുക്കളിൽ ചിലരും റമ്മികളിയിൽ സജീവമായിരുന്നതായി വിവരം ലഭിച്ചു. റമ്മികളിയിലെ ഏജന്റുമാരിൽ ചിലർ വിനീതിനെ ഭീഷണിപ്പെടുത്തിയിരുന്നതായി വീട്ടുകാർ പറയുന്നു.
ഇത് വിനീതിനെ വിഷാദരോഗത്തിന് അടിമയാക്കിയിരുന്നു. വിനീതിന്റെ സുഹൃത്തുക്കളിൽ പലർക്കും റമ്മി കളി വഴി പണം പോയതായും ഇടയ്ക്ക് വിനീത് പറഞ്ഞിരുന്നതായി ബന്ധുക്കൾ പറയുന്നു. ആദ്യം ചെറിയ തുകയ്ക്ക് കളിച്ചുതുടങ്ങും. പിന്നീട് വൻ തുകയ്ക്ക് കളിക്കും. അതാണ് വിനീതിനെ മരണത്തിലേക്ക് നയിച്ചത്.