സ്വന്തം ലേഖകൻ
കൊച്ചി: ഡോളർ കടത്തു കേസിൽ ചോദ്യം ചെയ്യേണ്ടവരുടെ പട്ടിക തയാറാക്കിയ കസ്റ്റംസ് ഇന്നു മുതൽ ചോദ്യം ചെയ്യൽ ആരംഭിക്കും.
പട്ടികയിൽ സാധാരണ ജീവനക്കാർ മുതൽ ഭരണസിരാകേന്ദ്രത്തിലെ ഉന്നതർ വരെയുണ്ട്.
കള്ളക്കടത്ത് കേസിൽ പ്രതികളായ സ്വപ്നയുടെയും സരിത്തിന്റെയും രഹസ്യമൊഴികളുടെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് ചോദ്യം ചെയ്യാനുള്ളവരുടെ പട്ടിക തയാറാക്കിയത്.
സെക്രട്ടറിയേറ്റ് അടക്കമുള്ള ഭരണസിരാകേന്ദ്രങ്ങളുടെ ഇടനാഴികളും, യുഎഇ കോണ്‍സുലേറ്റ്, കോണ്‍സുലേറ്റിലെ വാഹനങ്ങൾ എന്നിവയടക്കമുള്ള നയതന്ത്ര പരിരക്ഷയുള്ള ഇടങ്ങളും കള്ളക്കടത്തിന്റെ വേദിയായെന്ന് പ്രതികളുടെ രഹസ്യമൊഴിയിലുണ്ടെന്ന് അന്വേഷണ ഏജൻസികൾ പറയുന്നു.
ആദ്യമായി ഡോളർ കടത്തുകേസിൽ യുഎഇ കോണ്‍സുലേറ്റിലെ ഡ്രൈവർമാരുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. കോണ്‍സുൽ ജനറലിന്റെയും അറ്റാഷെയുടെയും ഡ്രൈവർമാരെയാണ് കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ഓഫീസിലേക്ക് വിളിപ്പിച്ചിരിക്കുന്നത്.
കമ്മീഷനായി കിട്ടിയ പണം കോണ്‍സുലേറ്റ് വാഹനത്തിലാണ് വിമാനത്താവളത്തിലേക്ക് കൊണ്ടുപോയതെന്നാണ് സ്വപ്ന സുരേഷിന്റെ മൊഴി. ഇതിന്റെ നിജസ്ഥിതി പരിശോധിക്കുന്നതിനാണ് ഇവരെ വിളിപ്പിച്ചിരിക്കുന്നത്.
ഈ സമയങ്ങളിൽ നയതന്ത്ര ഉദ്യോഗസ്ഥർ വാഹനങ്ങളിൽ ഉണ്ടായിരുന്നോ എന്നതടക്കമുള്ള കാര്യങ്ങളാണ് ഇവരിൽനിന്ന് ചോദിച്ചറിയുക.
രാഷ്ട്രീയ പ്രമുഖരും, ഉദ്യോഗസ്ഥരും സ്വപ്നയുടെ രഹസ്യമൊഴിയിൽ ഇടം പിടിച്ചിട്ടുണ്ട്.
രണ്ട് വിദേശമലയാളികളായ വ്യവസായികളെയും നാട്ടിലെത്തിച്ച് ചോദ്യം ചെയ്യാനുള്ള നടപടികൾ കസ്റ്റംസ് സ്വീകരിച്ചിട്ടുണ്ട്. ഭരണഘടനാ പദവിയുള്ള ഉന്നതനടക്കമുള്ളവരെ ചോദ്യം ചെയ്യലിനായി വിളിപ്പിക്കുന്നതിന് മുൻപ് രഹസ്യമൊഴിയിൽ പറയുന്ന കാര്യങ്ങൾക്ക് അനുസരിച്ചുള്ള മറ്റു തെളിവുകൾ കൂടി പരിശോധിക്കേണ്ടതുണ്ട്.
സർക്കാർ സംവിധാനങ്ങളും തങ്ങളുടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കായി ഉപയോഗപ്പെടുത്തിയെന്ന രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലുള്ള വിവരങ്ങളിൽ വ്യക്തത വരുത്താനാണ് നാളെ അസിസ്റ്റന്റ് പ്രോട്ടോക്കോൾ ഓഫീസറെ ചോദ്യംചെയ്യുന്നത്.
കരിഞ്ചന്തയിൽ ഡോളർ വില്പന നടത്തിയവരെ ബുധനാഴ്ച്ച ചോദ്യംചെയ്യും. വിദേശ മലയാളികളായ വ്യവസായികൾ അടക്കമുള്ളവരുടെ വിവരങ്ങളാണ് ഇവരിൽ നിന്ന് ശേഖരിക്കുക. സംസ്ഥാനത്തെ ഹവാല, കുഴൽപ്പണ റാക്കറ്റിനെ നിയന്ത്രിക്കുന്ന ആളുകളിലേക്ക് നിലവിൽ അന്വേഷണം എത്തിയിട്ടുണ്ട്.
ഇതിലെ തീവ്രവാദ ബന്ധം എൻഐഎ അന്വേഷിച്ച് വരികയാണ്. വ്യാഴാഴ്ച്ച വിസ സ്റ്റാന്പിംഗ് ഏജൻസിയായ ഫോർത്ത് ഫോഴ്സ് ഉടമകളെ ചോദ്യം ചെയ്യും. വെള്ളിയാഴ്ച യുഎഎഫ്എക്സ് സൊല്യൂഷൻ ഉടമയെ ചോദ്യം ചെയ്യും.
ഈ മൊഴികൾ ഒത്തു നോക്കിയതിനുശേഷമാകും ഉന്നതരിലേക്ക് കാര്യങ്ങൾ എത്തുക. പതിനൊന്നാം തീയതി മുതലാകും ഭരണ തലത്തിലുള്ള വരെ ചോദ്യം ചെയ്യുക. രാഷ്ട്രീയ പ്രമുഖർ, ഉദ്യോഗസ്ഥർ തുടങ്ങിയവരടക്കം 20ലധികം ആളുകളെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന നിലപാടിലാണ് കസ്റ്റംസ്.