തൃശൂർ: അഞ്ചു വർഷത്തിനിടെ വിവിധ പദ്ധതികളിലൂടെ കാർഷികോത്പാദനം വർധിപ്പിച്ച് കർഷകരുടെ ജീവിത നിലവാരം ഉയർത്താൻ സർക്കാരിനു സാധിച്ചുവെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
298 കോടി രൂപയുടെ തൃശൂർ – പൊന്നാനി കോൾ സമഗ്ര വികസന പദ്ധതിയുടെയും 123 കോടി രൂപയുടെ നബാർഡ് സഹായത്തോടെയുള്ള ഒന്നാം ഘട്ട പ്രവൃത്തി പൂർത്തീകരണത്തിന്റെയും ഉദ്ഘാടനം ഓണ്‍ലൈനിലൂടെ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
നെൽവയലുകളുടെ വിസ്തൃതിയും വർധിപ്പിക്കാനായി. കർഷകർക്കു താങ്ങായി നെല്ലിനു വില വർധിപ്പിച്ചു. വർഷങ്ങളായി കൃഷിയിറക്കാതെ കിടന്നിരുന്ന തരിശുഭൂമിയിൽ കൃഷിയിറക്കി കർഷകരിൽ കാർഷിക തല്പരത വർധിപ്പിക്കാനും യുവാക്കളെ കാർഷിക മേഖലയിലേക്ക് ആകർഷിക്കാനും സർക്കാരിനു സാധിച്ചതായി മുഖ്യമന്ത്രി വ്യക്തമാക്കി.
മന്ത്രി വി.എസ്. സുനിൽകുമാർ അധ്യക്ഷത വഹിച്ചു. കൃഷി വകുപ്പ് സെക്രട്ടറി ഡോ. രത്തൻ യു. ഖേൽക്കർ പദ്ധതി വിശദീകരണം നടത്തി. ചീഫ് വിപ്പ് കെ. രാജൻ, എംഎൽഎമാരായ കെ.വി. അബ്ദുൾ ഖാദർ, മുരളി പെരുനെല്ലി,
പ്രഫ. കെ.യു. അരുണൻ, ഗീതാ ഗോപി, കളക്ടർ എസ്. ഷാനവാസ്, മലപ്പുറം ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടിൽ, കോൾകർഷക സംഘം ജില്ലാ ജനറൽ സെക്രട്ടറി എൻ.കെ. സുബ്രഹ്മണ്യൻ തുടങ്ങിയവർ പങ്കെടുത്തു.