തൃശൂർ: ബ്ലൂ ടൂത്ത് സാങ്കേതികവിദ്യയിലൂടെ മൊബൈൽ ആപ്ലിക്കേഷൻ വഴി രോഗിയുടെ ഹൃദയത്തിന്റെ പ്രവർത്തനം നിരീക്ഷിക്കാനും വിലയിരുത്താനും കഴിയുന്ന ബ്ലൂ സിങ്ക് പേസ്മേക്കർ രോഗിയിൽ വച്ചുപിടിപ്പിച്ചു.
സണ്‍ മെഡിക്കൽ ആൻഡ് റിസർച്ച് സെന്ററിലെ ഹൃദ്രോഗ വിദഗ്ധൻ ഡോ. ത്രിദീപ് സാഗറിന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട സ്വദേശിയായ അറുപത്തെട്ടുകാരനായ രോഗിയിലാണ് ഈ സംവിധാനം വച്ചുപിടിപ്പിച്ചത്.
ഡിജിറ്റൽ സാങ്കേതികതയുടെയും മൊബൈൽ ആപ്ലിക്കേഷനുകളുടെയും സഹായത്തോടെ ഹൃദയമിടിപ്പുകൾ വിരൽത്തുന്പിലാക്കുന്ന വിദ്യയുമായി ബ്ലൂ സിങ്ക് സാങ്കേതിക പേസ്മേക്കറുകൾ ലഭ്യമാണെങ്കിലും അത് ആളുകളിൽ വച്ചുപിടിപ്പിക്കുന്നതു വിരളമാണ്.
ഹൃദയമിടിപ്പ് കുറഞ്ഞ ആളുകളിൽ വച്ചുപിടിപ്പിക്കുന്ന ഇലക്ട്രോണിക് ഉപകരണമായ പേസ്മേക്കറിൽ ബ്ലൂ സിങ്ക് ടെക്നോളജിയുടെ സഹായത്തോടെ രോഗിയുടെ ഹൃദയമിടിപ്പുകൾ മൊബൈൽ ഫോണിലെ ആപ്ലിക്കേഷൻ വഴിയായി രോഗിക്കോ മറ്റുള്ളവർക്കോ നിരീക്ഷിക്കാനും വിലയിരുത്താനും കഴിയും.
സാധാരണയായി പേസ്മേക്കറുകൾ വച്ചുപിടിപ്പിക്കുന്ന രോഗികൾ ഉപകരണത്തിന്റെ പ്രവർത്തനം നിരീക്ഷിക്കാനായി ആശുപത്രിയിൽ പോകേണ്ടതായുണ്ട്.
ഏകദേശം മൂന്നു നാലു മണിക്കൂറുകൾ ഇത്തരം ചെക്ക് അപ്പിനായി ആശുപത്രിയിൽ ചെലവഴിക്കേണ്ടതായും വരുന്നു. ബ്ലൂ ടൂത്ത് സാങ്കേതികതയിൽ പ്രവർത്തിക്കുന്ന പേസ്മേക്കറുകൾ വച്ചുപിടിപ്പിക്കുന്ന രോഗികൾ തുടർനിരീക്ഷണത്തിനായി ആശുപത്രിയിൽ പോകേണ്ടതില്ല.
മൊബൈൽ ഫോണിൽ ലഭ്യമാകുന്ന വിശദാംശങ്ങൾ ഡോക്ടർക്ക് അയച്ചുകൊടുക്കാൻ രോഗിക്കുതന്നെ കഴിയുന്നു. ഈ കോവിഡ് മഹാമാരിക്കാലത്തു യാത്രയും ആശുപത്രിസന്ദർശനവും ഒഴിവാക്കാമെന്നതും നേട്ടമാണ്.