അഗളി: ഗൂളിക്കടവിലെ ജനവസാകേന്ദ്രത്തിൽ വൃദ്ധ മാതാവും ഭിന്നശേഷിക്കാരിയായ മകളും നയിക്കുന്നത് ദുരിതജീവിതം.
അഗളി പഞ്ചായത്ത് പത്താം വാർഡ് ഗൂളിക്കടവ് കാരറ റോഡിൽ ലക്ഷംവീട് കോളനിയിൽ 697ആം നന്പർ വീട്ടിൽ എഴുപതു കാരിയായ ജാനകിയും 43 കാരിയായ മകളുമാണ് ജീവിതത്തിന്റെ കയ്പ്പുനീർ നുകർന്നു ദിനരാത്രങ്ങൾ തള്ളുന്നത്.
മഴയിൽ ചോർന്നൊലിക്കുന്ന വീട്ടിൽ അമ്മയും മകളും തനിച്ചാണ് താമസം.നാൽപതിമൂന്ന് കൊല്ലം മുൻപ് കൊല്ലം കരുനാഗപ്പിള്ളിയിൽ നിന്നും ഭാർത്താവിനോടൊപ്പം അട്ടപ്പാടിയിലേക്ക് ചേക്കേറിയതായിരുന്നു ജാനകി.
ഇരുപതിനാല് വർഷം മുൻപ് ഗൃഹനാഥൻ ഭാസ്കരൻ മരണപ്പെട്ടതോടെ ജാനകിയും രണ്ട് പെണ്മക്കളും തനിച്ചായി.ഒരുമകൾ ഭാസുരമണി ജന്മനാ ഭിന്ന ശേഷിക്കാരിയായിരുന്നു. നാലാം ക്ലാസ് വരെ അഗളി സർക്കാർ സ്കൂളിൽ പഠിച്ചു.സഹപാഠികളുടെ ഒറ്റപ്പെടുത്തലിൽ മനംനൊന്ത് തുടർപഠനം ഉപേക്ഷിക്കുകയായിരുന്നു.
കൂലിപ്പണിയെടുത്തും ഏറെ കഷ്ടപ്പെട്ടുമാണ് മക്കളെ വളർത്തിയതെന്ന് ജാനകി പറയുന്നു. മറ്റൊരു മകൾ പ്രസന്നകുമാരിയെ ഇതിനിടെ വിവാഹം കഴിച്ചയച്ചു.മൂന്നുകൊല്ലം മുൻപ് പ്രസന്നകുമാരി മരണപ്പെതോടെയാണ് വൃദ്ധമാതാവിന്റെ കഷ്ടപ്പാടിന്റ ആഴം കൂടിയത്.സഹോദരിയുടെ വേർപാടിൽ ഭാസുരാമണിയുടെ മനോനില വീണ്ടും താളംതെറ്റി.
ആളെ തിരിച്ചറിയാനുള്ള കഴിവും ഓർമ്മശക്തിയും നഷ്ടമായി. പരസഹായമില്ലാതെ എഴുന്നേറ്റു നടക്കാനുമാകില്ല. പ്രാഥമികാവശ്യങ്ങൾക്കുവരെ അമ്മയുടെ സഹായം വേണം.ചില അവസരങ്ങളിൽ എടുത്തു കൊണ്ടുപോകേണ്ടതയും വരുന്നുണ്ട് .
സ്വന്തം കാര്യം നോക്കാൻ തന്നെ പ്രാപ്തിയില്ലാത്ത വൃദ്ധക്ക് തന്നെക്കാൾ ഭാരമുള്ള മകളെക്കൂടി വഹിക്കാനാകുന്നില്ല. ഏക ആശ്രയമായ സർക്കാർ ആശുപത്രിയും ഇവരെ കൈവെടിഞ്ഞു.
രോഗബാധിതയായ മകളെയുംകൊണ്ട് കഴിഞ്ഞ ദിവസം സർക്കാരാശുപത്രിയിലെത്തിയെങ്കിലും അഡ്മിറ്റുചെയ്യാൻ പോലും ഡോക്ടർമാർ തയ്യാറായില്ലെന്ന് ജാനകി പറയുന്നു.
ശിഷ്ടകാല ജീവിതം എങ്ങനെ കഴിച്ചുകൂട്ടുമെന്നുള്ള ഭീതി മനസിനെ അലട്ടുന്പോഴും,ഏതെങ്കിലും സഹായ ഹസ്തം തങ്ങളെ തേടിയെത്തിമെന്നുള്ള പ്രതീക്ഷയിൽ കണ്ണുനട്ടിരിക്കുകയാണ് വൃദ്ധമാതാവ്.