കൊച്ചി: കൊച്ചി-മംഗലാപുരം പ്രകൃതിവാതക പൈപ്പ് ലൈൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിനു സമർപ്പിച്ചു. കേരള, കർണാടക ഗവർണർമാരുടേയും മുഖ്യമന്ത്രിമാരുടേയും സാന്നിധ്യത്തിലാണു പദ്ധതി നാടിനു സമർപ്പിച്ചത്.
കേരളത്തിലെയും കർണാടകത്തിലെയും ജനങ്ങൾക്ക് ഇന്നു സുപ്രധാന ദിനമാണെന്നു പ്രധാനമന്ത്രി പറഞ്ഞു. സംയുക്ത സംരഭം ഫലം കണ്ടതിൽ സന്തോഷമുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞു.
പ്രളയത്തിനും കോവിഡ് വ്യാപനത്തിനുമിടയിൽ പദ്ധതി പൂർത്തീകരിക്കാൻ പ്രയത്നിച്ച ഉദ്യോഗസ്ഥരേയും തൊഴിലാളികളേയും അനുമോദിക്കുന്നതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
സംസ്ഥാനത്തെ സ്ഥലദൗർലഭ്യത പരിഗണിച്ച് 20 മീറ്റർ വീതിയിലാണ് പദ്ധതിക്കായി സ്ഥലം ഏറ്റെടുത്ത് പദ്ധതി പൂർത്തീകരിച്ചിട്ടുള്ളത്.
പദ്ധതി കടന്നുപോകുന്ന വെള്ളക്കെട്ടുള്ള പ്രദേശങ്ങളിലും മറ്റു ജലാശയങ്ങളിലും ഭൂമിക്കടിയിലൂടെ തുരങ്കമുണ്ടാക്കി പൈപ്പ് ഡ്രില്ലിംഗിലൂടെയാണ് സ്ഥാപിച്ചിട്ടുള്ളത്. 300 മീറ്റർ മുതൽ 2,000 മീറ്റർ വരെ ദൈർഘ്യമുള്ള ഇത്തരം 96 തുരങ്കങ്ങളാണ് പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ളത്.
ഇന്ധനവില വർധിക്കുന്ന സാഹചര്യത്തിൽ വീടുകൾക്കും വാഹനങ്ങൾക്കും ചെലവു കുറഞ്ഞ ഇന്ധനം ലഭ്യമാകുന്നത് ആശ്വാസമാകും. വ്യവസായശാലകൾക്കു ചെലവു കുറഞ്ഞ ഇന്ധനം ലഭ്യമാക്കുന്നത് വ്യവസായരംഗത്തെ കുതിപ്പിനും സഹായകമാകുമെന്നാണു വിലയിരുത്തൽ.